വാഷിങ്ടണ്‍- പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജെയ്ംസ് മാറ്റിസ് പദവി രാജിവച്ചു. തന്റെ നിലപാടുകളോട് ചേര്‍ന്നു പോകുന്ന, യുഎസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണിനും മുകളില്‍ ഒരാളെയാണ് ട്രംപിന് വേണ്ടതെന്നും മാറ്റിസ് പ്രതികരിച്ചു. തന്റെ ഉപദേശകരേയും പ്രതിരോധ വകുപ്പിനേയും മറികടന്ന് സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് മാറ്റിസിന്റെ രാജി. ട്രംപിന്റെ പ്രഖ്യാപനം അമേരിക്കന്‍ സഖ്യകക്ഷികളേയും അമ്പരിപ്പിച്ചിട്ടുണ്ട്. ഐഎസിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് യുഎസ് വിദേശകാര്യ വകുപ്പും പ്രതിരോധ വകുപ്പും മാസങ്ങളായി പറഞ്ഞു വരുന്നതിനിടെയാണ് ഐഎസിനെതിരായ യുദ്ധം ജയിച്ചെന്ന ട്രംപിന്റെ പ്രഖ്യാപനം. ഇതിനെ ചൊല്ലിയാണ് ട്രംപ്-മാറ്റിസ് ഭിന്നത രൂക്ഷമായത്. ഇത് അമേരിക്കയിലും പുറത്തും ഏറെ പ്രശംസകള്‍ക്ക് അര്‍ഹനായ ട്രംപ് ഭരണകൂടത്തിലെ ഉന്നതന് പുറത്തേക്കുള്ള വഴിയൊരുക്കുകയാണുണ്ടായത്.
General Jim Mattis will be retiring, with distinction, at the end of February, after having served my Administration as Secretary of Defense for the past two years. During Jim’s tenure, tremendous progress has been made, especially with respect to the purchase of new fighting....
— Donald J. Trump (@realDonaldTrump) December 20, 2018
ഫെബ്രുവരി 28ന് പദവി ഒഴിയുമെന്ന് മുന്‍ സൈനികനായ മാറ്റിസ് വ്യക്തമാക്കി. തന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനും പുതിയ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം നേടുന്നതിനും സമയം നല്‍കാനാണിതെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച പ്രസിഡന്റിനു സമര്‍പ്പിച്ച രാജിക്കത്തില്‍ തന്റെ അഭിപ്രായ ഭിന്നതകളും എഴുതിയിട്ടുണ്ട്. യുഎസിന്റെ കരുത്ത് വിദേശ രാഷ്ട്രങ്ങളുമായുള്ള ബന്ധമാണ്. ഇവരുമായി മാന്യമായി ഇടപെടണമെന്നും മാറ്റിസ് ചൂണ്ടിക്കാട്ടി. ഐഎസ് പോലുള്ള സംഘടനകളില്‍ നിന്നുള്ള ഭീഷണികളെ വ്യക്തതയോടെ യുഎസ് കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാറ്റിസ് പദവി ഒഴിയുന്ന കാര്യ ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. ഇതിനു പിന്നാലെ രാജിക്കത്ത് പെന്റഗണും പുറത്തു വിട്ടു.