Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആരോഗ്യമുള്ള കുഞ്ഞുണ്ടാകട്ടെ...

പ്രശസ്ത ഗൈനക്കോളജിസ്റ്റിന്റെ പരിശോധനാ മുറിയിൽ ഭാര്യയും ഭർത്താവും ഇരിക്കുന്നു. 
ഡോക്ടർ ഭാര്യയോട്: എന്താണസുഖം. 
ഭാര്യ: ഗർഭിണിയാണ്. 
ഡോ: ആദ്യത്തേതാണോ 
ഭാര്യ: അല്ല. നാലാമത്തേതാണ്. 
ഡോക്ടറുടെ കണ്ണുകൾ അതിശയത്താൽ പുറത്തേയ്ക്കു തുറിക്കുന്നു. പിന്നെ പഴയ ഗൗരവം ഞൊടിയിടയിൽ പുനഃസ്ഥാപിച്ചു,  'കഴിഞ്ഞ  പത്തു കൊല്ലത്തിനിടെ  മൂന്നാമത്തെ ഡെലിവറി കേസ്‌പോലും അറ്റൻഡ് ചെയ്യാൻ കിട്ടിയിട്ടില്ല. അപ്പോഴാണ് നാലാമത്തേത്. അതിശയമായിരിക്കുന്നു. ആട്ടെ !  മൂത്ത മൂന്ന് കുട്ടികളും ജീവിച്ചിരിപ്പുണ്ടോ?  ' 
ഭാര്യ: ഉണ്ട് 
ഡോ: എന്ത് കുഞ്ഞുങ്ങളാണ്?  
ഭാര്യ: മൂന്ന് പെൺകുട്ടികൾ 
ഡോക്ടർ ചിരിച്ചുകൊണ്ട് : 
ഹാ ! അപ്പോൾ ആൺകുഞ്ഞിനുള്ള പരിശ്രമമാണല്ലേ 
 
ഭാര്യയും ഭർത്താവും മുഖത്തോടു മുഖം നോക്കി ഒരേ ശബ്ദത്തിൽ, 'അല്ല ഡോക്ടർ'
 'നിങ്ങൾ അല്ലെന്നൊക്കെ പറഞ്ഞാലും അതങ്ങനെ ആണെന്ന് ഞങ്ങൾക്കറിയാം. അല്ലാതെ നാലാമത്തെ കുഞ്ഞിനെ കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലല്ലോ. ' 
ഭാര്യ: ഇതങ്ങനെയല്ല ഡോക്ടർ. 
ഡോ: എങ്ങനെയായാലും  ഡെലിവറി വരെ പെണ്ണ് കുഞ്ഞാണെന്നേ മനസ്സിൽ കരുതാവൂ.  അപ്പോൾ  പ്രസവിച്ചു  ആൺകുഞ്ഞല്ലെങ്കിലും  വലിയ സങ്കടമുണ്ടാവില്ല. ദൈവാനുഗ്രഹം ഉണ്ടെങ്കിൽ  ആൺകുഞ്ഞാവും.   
ഉപദേശത്തിൽ മുഷിഞ്ഞു തുടങ്ങിയ ഭർത്താവ്:
'പെൺകുഞ്ഞായാൽ എന്താണ് കുഴപ്പം' 
ഡോക്ടറും അസിസ്റ്റന്റ് നഴ്‌സും പരിഹാസത്തിലുള്ള ചിരി പാസാക്കുന്നു. 
പെൺകുഞ്ഞുങ്ങൾക്കു  കുഴപ്പമില്ലെങ്കിൽ  നിങ്ങൾ ഒരു പ്രസവത്തിനു കൂടി തയ്യാറാവില്ലല്ലോ. 
ഭർത്താവ്: 'ആൺകുഞ്ഞിന് വേണ്ടിയാണ് ഗർഭിണിയായതെന്നു ഞങ്ങൾ പറഞ്ഞോ?  ' 
ഡോ: അത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. അല്ലെങ്കിൽ നിങ്ങളിപ്പോ ഒരു കുഞ്ഞിനെ കുറിച്ചു ചിന്തിച്ചതെന്തിനാണ്?    
ഭർത്താവിന്റെ മുഖം ദേഷ്യത്താൽ ചുവക്കുന്നത് മനസ്സിലാക്കിയ ഭാര്യ: 'ഡോക്ടർ,  പ്രീകോഷൻ പാളിപ്പോകുന്ന ചില സന്ദർഭങ്ങളുണ്ട്.  ഇത് അതിലൊന്നാണ്.  ' 
വിവേകം ഏഴയലത്തൂടെ പോയിട്ടില്ലാത്ത  ഡോക്ടറെ ഇനി കൺസൾട്ട്  ചെയ്യേണ്ടെന്ന് തീരുമാനിച്ചു ഭാര്യയും ഭർത്താവും പുറത്തിറങ്ങുന്നു. 
മുകളിൽ പറഞ്ഞ  അനുഭവം നിങ്ങളിൽ പലർക്കും പരിചിതമായിരിക്കും. കല്യാണം കഴിഞ്ഞാൽ വിശേഷമില്ലേ എന്ന് ചോദിച്ചു ചെവി പൊട്ടിക്കുന്നവർ വർഷങ്ങൾ കഴിഞ്ഞു   മൂന്നാമതോ നാലാമതോ ഗർഭിണിയായാൽ,  നീയെന്താ നഴ്‌സറി തുടങ്ങാനുള്ള ഭാവമാണോയെന്ന് നിലപാട് മാറ്റും. അതും പെൺകുഞ്ഞുങ്ങൾ മാത്രമുള്ളവർ ഗർഭിണിയാവുന്നതിന് ആൺകുഞ്ഞു എന്ന  ഒറ്റ ലക്ഷ്യമേ ഉള്ളൂ എന്ന് വിധിയെഴുതിക്കളയും. പിന്നീടങ്ങോട്ട് ഉപദേശങ്ങളും  ആൺകുഞ്ഞാവട്ടെ എന്ന പ്രാർത്ഥനയിൽ പൊതിഞ്ഞ ആശംസകളും തലങ്ങും വിലങ്ങും കിട്ടും. അതീവ നിസ്സഹായരായി പുഞ്ചിരി മുഖത്തൊട്ടിച്ചു അതേറ്റു വാങ്ങുന്ന ദമ്പതികളുടെ ഉള്ളറിയാൻ ആരെങ്കിലും ശ്രമിക്കാറുണ്ടോ?  


പതിനാല്  വർഷം മുമ്പ്  വേനൽ മഴ ആർത്തിരമ്പിയ ഒരുച്ചയിൽ  എന്നിൽ നിന്നും വേർപെട്ടു പോകുന്നതിന്റെ സങ്കടം ഇടുപ്പിൽ വേദനയായി പടർന്നപ്പോൾ  ഇടനെഞ്ചിൽനിന്ന്  അറിയാതെ പൊങ്ങിയ നിലവിളി   പുറത്തു വന്ന അതേ നിമിഷത്തിലാണ് ഞാനുമ്മയായത്. അന്നെനിക്ക് പതിനെട്ട്  വയസ്സായിരുന്നു. പ്രസവം  കഴിഞ്ഞു  പുറത്തു  വന്നപ്പോൾ  ആർക്കും  ഒരു  സന്തോഷവുമില്ല. ആരുമെനിക്ക്  മുഖം  തരുന്നേയുണ്ടായിരുന്നില്ല.
എനിക്കൊന്നും  മനസ്സിലായതേയില്ല.
വേദന...  അസ്വസ്ഥത...  അവഗണന...
പിറ്റേന്ന്  ഡോക്ടർ  വന്നപ്പോഴാണ്  എനിക്ക്  കാര്യങ്ങൾ  വ്യക്തമായത്.
മോൾക്ക്  കാലിനു  പ്രശ്‌നമുണ്ട്.
കിടന്നിരുന്ന  പൊസിഷൻ  ശരിയല്ലാത്തതുകൊണ്ടു  കുഞ്ഞിന്റെ പാദം മടങ്ങിയാണ്  ഇരുന്നിരുന്നത്.
അവളുടെ കുഞ്ഞി പാദങ്ങൾ കയ്യിൽ വെച്ചു എന്നെ ചേർത്തു പിടിച്ചു വാവിട്ടു കരയുന്ന നല്ലപാതിയെ  ഇപ്പോളും ഓർമയുണ്ട്.
ടെൻഷൻ കേറി  ബ്ലീഡിങ്  കൂടാതിരിക്കാനാണ്  അന്നെന്നോട്  ആരുമൊന്നും  പറയാതിരുന്നത്. 
മാതൃത്വത്തിന്റെ പറഞ്ഞു പൊലിപ്പിച്ചു കേട്ട  പവിത്രതയെ കുറിച്ചൊന്നും  ഉൾക്കൊള്ളാനുള്ള അറിവോ  പ്രാപ്തിയോ അന്നുണ്ടായിരുന്നില്ലതാനും. 
ജനിച്ചു മൂന്നാം നാൾ മുതൽ  അവളുടെ  കാലിൽ പ്ലാസ്റ്റർ. അതുകഴിഞ്ഞു  നാൽപതു ദിവസമാകുമ്പോഴേക്കും ഭാരമേറിയ ഷൂസ്. വേദനിച്ചു  അവള്  കരയും. കുഞ്ഞു കാലിൽ  ചോര പൊടിയും.
വെളുത്ത കാലിൽ  നീലിച്ച ചോരപ്പാടുകൾ...
എന്റെ  വല്ലിമ്മ  അതു  കണ്ടു സഹിക്കാഞ്ഞിട്ടു  ഷൂ വലിച്ചൊരു  ഏറ് എറിഞ്ഞു.
പിന്നെ നിരന്തരം  ഡോക്ടറെ തേടിയുള്ള അലച്ചിലായിരുന്നു.
ആളുകളുടെ അഭിപ്രായങ്ങൾ.  വിചിത്ര വസ്തുവിനെ  കാണുമ്പോഴുള്ള  കമന്റുകൾ.  ഞാൻ  ശ്രദ്ധിക്കാഞ്ഞിട്ടാണെന്ന  പഴികൾ.  ഒരിക്കലും  ശരിയാവില്ലെന്നും  മുടന്തുണ്ടാകുമെന്നും  ചികിത്സിച്ചു പണം  കളയേണ്ടെന്നും  പറഞ്ഞ അയൽക്കാരിയോട്  എനിക്ക് ചൂടാവേണ്ടി  വന്നിട്ടുണ്ട്. അത്തരമൊരിടത്തു നിന്നു ചികിത്സ എളുപ്പമാവില്ല  എന്നതുകൊണ്ടാണ്  ഞങ്ങൾ  ടൗണിലേക്ക് വാടക വീടെടുത്തു മാറിയത്. 
മാനസികമായി  ഞങ്ങളത്രേം   തളർന്നിരുന്നു.
പല  ഡോക്ടർമാർ...  പല തരം  അഭിപ്രായങ്ങൾ.. 
അക്കാലം വരെ വിഭിന്ന ശേഷികളുമായി ജനിക്കുന്ന കുഞ്ഞുങ്ങളെകുറിച്ച്  ഞാൻ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല, സത്യം.
പിന്നീടുള്ള ആശുപത്രി സന്ദർശനങ്ങളാണ് എന്തും നേരിടാനുള്ള കരുത്ത് പകർന്നത്. ഓരോ പ്രതിസന്ധി മുന്നിലെത്തുമ്പോഴും നമ്മളിതിനേക്കാൾ കഠിനമായതിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ഓരോ നിമിഷവും പരസ്പരം പറഞ്ഞു. ആ  ദിവസങ്ങൾ  അത്രേം  ആത്മവിശ്വാസത്തോടെ  ഞങ്ങൾ  നേരിട്ടു.
ഞങ്ങളുടെ സ്വപ്നങ്ങളാൽ അവളുടെ കാലുകൾക്ക് കരുത്തു ലഭിച്ചു. ഒന്നാം  പിറന്നാളിന്  അവളാദ്യമായി പിച്ച വെയ്ക്കുന്ന നിമിഷമുണ്ടല്ലോ, ഏത് നിമിഷവും  വിഷാദത്തിലേക്കു  വഴുതി പോകാവുന്നൊരു തീയെ  കെടുത്തിക്കളഞ്ഞത്  ആ നിമിഷമാണ്. 
അപ്രതീക്ഷിതമായി അന്നേരം കയ്യിൽ ക്യാമറ ഉണ്ടായിരുന്നു. ഏറ്റവും ഇഷ്ടമുള്ളൊരു ഫോട്ടോ ആ ക്യാമറ ഒപ്പിയെടുത്തു. 
അവൾ നടന്നു തുടങ്ങുകയായിരുന്നു. ഞങ്ങളുടെ നിരാശയെ കാറ്റിൽ പറത്തി സ്വപ്ന ദൂരങ്ങളിലേക്കവൾ ഓടിയെത്തി. സ്‌കൂളിൽ  അവൾ ഡാൻസ് ചെയ്യുന്നത് കണ്ട് നിൽക്കുമ്പോൾ നടക്കില്ല   എന്നപമാനിച്ചു  വേദനിപ്പിച്ചവരെ ഞാനോർക്കാറുണ്ട്. ആ ഓർമകളിൽ ദേഷ്യമോ വാശിയോ ഇല്ലായിരുന്നു. ഏത് പ്രതിസന്ധിയും തള്ളിമാറ്റിപ്പോകാനുള്ള വഴി നമ്മുടെയൊക്കെ മുന്നിലുണ്ട്.  
അന്നു  ഉമ്മയായ  നിമിഷത്തിൽ  ജീവിതത്തിന്റെ കഥയറിഞ്ഞ് തുടങ്ങിയിട്ടില്ല. പതിനാല്  കൊല്ലം കഴിഞ്ഞ് ഈ മഞ്ഞുകാലത്തിലിരിക്കുമ്പോഴും മറ്റുള്ളവരുടെ വേദനകളെ തട്ടിച്ചു നോക്കുമ്പോൾ  തിരിച്ചറിയുന്നു, ഒരു കഥയുമറിഞ്ഞിട്ടില്ലെന്ന്...
പിന്നീട് പല കാലങ്ങളിൽ പല നേരങ്ങളിൽ  അതുപോലുള്ള വേദനകളിലൂടെ  ഉരുകുന്ന പല അമ്മമാരെ കണ്ടിട്ടുണ്ട്. തിട്ടമില്ലാത്ത ഭാവിയിലേക്ക്  നോക്കിയുള്ള ഇരുത്തമായി, ഭിന്നശേഷിയുള്ള  കുഞ്ഞായതിന്റെ പേരിൽ ഉപേക്ഷിക്കപ്പെടലിന്റെ വീടകത്തിലൂടെയുള്ള നടത്തമായി, അങ്ങനെയങ്ങനെ പലതായി.
അരക്ഷിതമാർന്ന തീർത്തും നിസ്സഹായമായിത്തീർന്ന  അത്തരമൊരു  തീക്കാലം  കടന്നു വരുന്നവരോട്  ഒരിക്കലും ചോദിക്കരുതാത്ത  ചോദ്യമാണ്  ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ വേണ്ടതെന്ന്.  
ആരോഗ്യമുള്ള  കുഞ്ഞിനെ  ആഗ്രഹിച്ചു പോയിട്ടുണ്ടെന്നല്ലാതെ  മറ്റൊന്നും അവർക്ക്  നിങ്ങളോട് പറയാനാവില്ല.  പലപ്പോഴും  അതൊരു അത്യാഗ്രഹമാണെന്നറിയാമെങ്കിലും.  അതുകൊണ്ട് തന്നെ അവരുടെ ഉത്തരങ്ങളിലെ ആത്മാർത്ഥതയെ നിങ്ങൾ ചോദ്യം ചെയ്യരുത്.  
നമ്മൾ വിചാരിക്കുന്നതും ആഗ്രഹിക്കുന്നതുമൊന്നുമല്ല ജീവിതമെന്നു  അവരേക്കാൾ നന്നായി ആർക്കറിയാനാണ്.  അതുകൊണ്ടു തന്നെ  കുഞ്ഞുങ്ങളെന്ന  സ്വപ്‌നത്തെ കാത്തിരിക്കുന്നവരെ  നോക്കി,  ആൺ / പെൺ   കുഞ്ഞിനുള്ള  കാത്തിരിപ്പാണല്ലേ എന്നൊന്നും പറഞ്ഞു കളയരുത്. നിങ്ങൾക്ക് ആരോഗ്യമുള്ള കുഞ്ഞുണ്ടാവട്ടെ എന്നുമാത്രം ആശംസിക്കൂ..

Latest News