മുംബൈ - 2019ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ നയിക്കുമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ.
നരേന്ദ്ര മോഡിക്ക് പകരം നിതിൻ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാർഥി ആക്കിയാൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനായാസം ജയിക്കാനാകുമെന്ന് മഹാരാഷ്ട്രയിലെ വസന്ത്റാവു നായിക് ഷെട്ടി സ്വവലമ്പൻ മിഷൻ ചെയർമാനായ കിഷോർ തിവാരി അഭിപ്രായപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ചു കൊണ്ടുള്ള കത്ത് കിഷോർ തിവാരി ആർ.എസ്.എസ് നേതാക്കളായ മോഹൻ ഭാഗവതിനും ഭയ്യാ സുരേഷ് ജോഷിക്കും അയച്ചിരുന്നു.
ഈ വിഷയത്തോട് പ്രതികരിക്കുകയായിരുന്നു ദേശീയ അധ്യക്ഷൻ.
പാർട്ടി നേതൃത്വത്തിൽ മാറ്റമുണ്ടാകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല. മോഡിജിയുടെ കീഴിൽ തന്നെ എൻ.ഡി.എ 2019 തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അമിത് ഷാ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും തമ്മിൽ വലിയ അന്തരമുണ്ട്. വ്യത്യസ്ത വിഷയങ്ങളാണ് ഇരു തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുകയെന്നും അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷം രൂപീകരിച്ചിരിക്കുന്ന മഹാ ഗഡ്ബന്ധന്റെ യാഥാർഥ്യം മറ്റൊന്നാണ്. വിശാല സഖ്യമെന്നത് വെറും മിഥ്യയാണ് എന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ഈ സഖ്യത്തിലുള്ളത് പ്രാദേശിക പാർട്ടി നേതാക്കളാണ്. അവർക്ക് ഒരുമയോടെ മുന്നേറാൻ സാധിക്കില്ല. കൂടാതെ, ഈ പാർട്ടികളെയെല്ലാം പരാജയപ്പെടുത്തിയാണ് 2014ൽ ബി.ജെ.പി അധികാരത്തിൽ എത്തിയത് -അദ്ദേഹം പറഞ്ഞു.
പശ്ചിമബംഗാൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ഒഡിഷ എന്നിവിടങ്ങളിൽ ബി.ജെ.പി കനത്ത വിജയം നേടുമെന്നും ശിവസേന ബിജെപിക്കൊപ്പമുണ്ടാകുമെന്നും അമിത് ഷാ പ്രസ്താവിച്ചു.