ഫേസ്ബുക്ക് ലൈവിലെത്തി നാടിനെതിരെ സംസാരിച്ചെന്ന് ആരോപിച്ച് ഒരു കൂട്ടം പെണ്‍കുട്ടികള്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബര്‍ ആക്രമണം. മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ കിളിനാക്കോട് എന്ന സ്ഥലത്ത് വിവാഹത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു കോളേജ് വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍. ഇവര്‍ ലൈവില്‍ എത്തി കിളിനക്കോട് നേരം വെളുക്കാത്ത നാടാണെന്നും പ്രദേശത്തുള്ളവര്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണെന്നുമായിരുന്നു തമാശ രൂപേണ പറഞ്ഞത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പെണ്‍കുട്ടികള്‍ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങി. പെണ്‍കുട്ടികള്‍ക്കെതിരെ അസഭ്യം പറയുന്ന വീഡിയോകളും ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ അപര്‍ണ പ്രശാന്തി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലെ വിവരണവും ശ്രദ്ധ പിടിച്ചു പറ്റി-
'കിളിനക്കോട് സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയതാണെന്ന് വ്യക്തമാക്കിയാണ് പെണ്‍കുട്ടികളുടെ ലൈവ് തുടങ്ങുന്നത്. ഇതുപോലെ നേരം വെളുക്കാത്ത നാട് വേറെയില്ലായിരുന്നു പെണ്‍കുട്ടികളുടെ കമന്റ്. 12-ാം നൂറ്റാണ്ടിലാണ് ഇവിടുത്തുകാര്‍ ജീവിക്കുന്നതെന്നും ഇവിടുത്തെ ആണ്‍കുട്ടികള്‍ പോലും കണക്കാണെന്നും ഒരുപാട് മാനസിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ വീഡിയോയില്‍ പറയുന്നുണ്ട്. തികച്ചും തമാശ രൂപേണ ചെയ്ത ഈ വീഡിയോ മറ്റു ചിലതും ചേര്‍ത്താണ് ഒരു കൂട്ടം ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. കിളിനാക്കോട് ഇന്നലെ കുറെ കുട്ടികള്‍ കല്യാണത്തിന് പോയി ചെക്കമ്മാരുടെ കൂടെ അവരുടെ അഴിഞ്ഞാട്ടം ചോദ്യം ചെയ്തതിന് എതിരെ ആയിരുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്. സൈബര്‍ ഇടത്തില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പിന്നീട് നാട്ടിലെ പ്രശ്‌നമായി മാറി. ഇതിനിടെ പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അതേസമയം പെണ്‍കുട്ടികള്‍ക്കെതിരെ കിളിനാക്കോട് ടീം എന്ന പേരില്‍ കുറച്ച് യുവാക്കളും ഫേസ്ബുക്കില്‍ രംഗത്തെത്തി. നാടിനെ അപമാനിക്കുന്ന പരാമര്‍ശമാണ് പെണ്‍കുട്ടികള്‍ നടത്തിയതെന്നാണ് ഇവരുടെ ആരോപണം. പെണ്‍കുട്ടികള്‍ കിളിനാക്കോടെത്തി ചെയ്യാന്‍ ഉദ്ദേശിച്ച കാര്യം നടക്കാതെ പോയതോടെയാണ് നാടിനെ കുറിച്ച് അപവാദം പറഞ്ഞതെന്നും യുവാക്കള്‍ ആരോപിക്കുന്നു. വത്തക്ക മാസ്റ്റര്‍ക്ക് ശേഷം ചൂടന്‍ വിഷയം കിട്ടിയ ആഹ്ലാദത്തിലാണ് സൈബര്‍ പോരാളികള്‍.