ന്യൂദല്‍ഹി- ലോകത്തെ ഏറ്റവും വലിയ എണ്ണകയറ്റുമതി രാജ്യമായ സൗദി അറേബ്യയും ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും വന്‍കിട പെട്രോകെമിക്കല്‍, റിഫൈനറി പദ്ധതിക്കായി കൈകോര്‍ക്കുന്നു. സൗദി എണ്ണ മന്ത്രി ഖാലിദ് അല്‍ഫാലിഹ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ച രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന അംബാനിയുടെ മകളുടെ വിവാഹത്തിനു മുന്നോടിയായുള്ള വിരുന്നില്‍ പങ്കെടുക്കാന്‍ സൗദി മന്ത്രിയും എത്തിയിരുന്നു. ഇതിനിടെ നടന്ന ചര്‍ച്ചയെ കുറിച്ച് തിങ്കളാഴ്ചയാണ് അല്‍ഫാലിഹ് ട്വീറ്റ് ചെയ്തത്. പോസ്റ്റിനൊപ്പം അംബാനിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. പെട്രോകെമിക്കല്‍, റിഫൈനറി, കമ്മ്യൂണിക്കേഷന്‍ പദ്ധതികളില്‍ സംയുക്ത നിക്ഷേപവും സഹകരണവും ചര്‍ച്ച ചെയ്‌തെന്ന് ട്വീറ്റില്‍ മന്ത്രി അല്‍ഫാലിഹ് വ്യക്തമാക്കി. ഈ ചര്‍ച്ച സംബന്ധിച്ച വിശദാംശങ്ങള്‍ റിലയന്‍സും പുറത്തു വിട്ടിട്ടില്ല.
നിലവില്‍ പെട്രോകെമിക്കല്‍ രംഗത്തും ടെലികോം രംഗത്തും കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് റിലയന്‍സ് ഒരുങ്ങുന്നതായാണ് വ്യവസായ വൃത്തങ്ങള്‍ പറയുന്നത്. സൗദി അറേബ്യയ്ക്ക് ലോകത്തെ ഏറ്റവും വേഗതയില്‍ വളരുന്ന ഇന്ധന വിപണിയായ ഇന്ത്യയില്‍ കാലുറപ്പിക്കാനും പദ്ധതിയുണ്ട്. തങ്ങളുല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് ഇന്ത്യയില്‍ സ്ഥിരം ഉപഭോക്താക്കളെ ലഭിക്കാനാണ് സൗദി ശ്രമങ്ങള്‍. പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ക്രൂഡോയിലില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്.
أسعدني اليوم لقاء السيد موكيش امباني، رئيس مجلس إدارة شركة ريليانس الهندية للصناعات المحدودة #RelianceIndustries ، حيث تناولنا فرص الاستثمارات المشتركة والتعاون في مشاريع البتروكيماويات والتكرير والاتصالات في #السعودية و #الهند . pic.twitter.com/70ITYhrKZe
— خالد الفالح|Khalid Al Falih (@Khalid_AlFalih) December 16, 2018
ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയും അവരുടെ പങ്കാളിയായ യുഎഇയിലെ അബുദബി നാഷണല്‍ ഓയില്‍ കമ്പനിയും (അഡ്‌നോക്ക്) മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വരുന്ന ലോകത്തെ ഏറ്റവും വലിയ റിഫൈനറി പദ്ധതിയില്‍ 50 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇന്ത്യയിലെ പൊതുമേഖല എണ്ണക്കമ്പനികളുമായി ചേര്‍ന്നാണ് ഈ പദ്ധതി വരുന്നത്. സ്ഥലമേറ്റെടുക്കലിനെതിരെ പ്രാദേശിക പ്രക്ഷോഭം കാരണം ഈ പദ്ധതി ഇപ്പോള്‍ പ്രതിസന്ധിയിലാണ്. 2025ഓടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഈ റിഫൈനറിക്ക് 600 ലക്ഷം ടണ്‍ വാര്‍ഷിക ഉല്‍പ്പാദന ശേഷി ഉണ്ടായിരിക്കും. ഇവിടേക്ക് ആവശ്യമായി ക്രൂഡോയിലിന്റെ പകുതിയും വിതരണം ചെയ്യുന്നത് സൗദി അരാംകോയും അഡ്‌നോക്കും ആയിരിക്കും. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഉപഭോഗ രാജ്യമായി ഇന്ത്യയില്‍ ഉപഭോക്താക്കളെ തേടുകയാണ് ഇരു കമ്പനികളും.
ഇന്ത്യയില്‍ ചില്ലറ വില്‍പ്പന രംഗത്തും സൗദി അരാംകോയ്ക്ക് കണ്ണുണ്ട്. യുറോപ്യന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഇന്ത്യയില്‍ നിന്നാക്കാനും അവര്‍ക്കു കഴിയും. നിലവില്‍ ഇന്ത്യയ്ക്ക് ആവശ്യത്തിലേറെ എണ്ണശുദ്ധീകരണ ശേഷിയുണ്ട്.