Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ആരാണ് നിങ്ങളുടെ മൊബൈല്‍ കോണ്‍ടാക്ട് ലിസ്റ്റിലുള്ളത്; സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും

ജിദ്ദ- സൗദി അറേബ്യയില്‍നിന്ന് ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നവരെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്നും നിങ്ങളുടെ മൊബൈല്‍ ഫോണ്‍ കോണ്‍ടാക്ട് ലിസ്റ്റില്‍നിന്നും എക്‌സിറ്റ് അടിച്ചില്ലെങ്കില്‍ പണി കിട്ടും.

മലയാളികളില്‍നിന്ന് സൗദി പൗരന് നിരന്തരം മെസേജുകള്‍ പോയതിനെ തുടര്‍ന്ന് ഗ്രൂപ്പ് അഡ്മിനെ വിളിച്ച് പോലീസ് താക്കീത് ചെയ്തു. കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചതുകൊണ്ടാണ് തല്‍ക്കാലം നിയമനടപടികളില്‍നിന്ന് ഒഴിവായത്. ഇഖാമ നമ്പറും മറ്റു വിവരങ്ങളും പോലീസ് സ്‌റ്റേഷനില്‍ രേഖപ്പെടുത്തിയതിനാല്‍ പിന്നീട് എന്തെങ്കിലും നടപടിയുണ്ടാകമോ എന്ന ഭയത്തിലാണ് അദ്ദേഹം. നേരത്തെ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന മലയാളി നാട്ടിലേക്ക് മടങ്ങിയെങ്കിലും അയാളെ ഗ്രൂപ്പില്‍നിന്ന് ഒഴിവാക്കിയിരുന്നില്ല. ഇതാണ് സൗദി പൗരന് ഗ്രൂപ്പുകളില്‍നിന്നും വ്യക്തികളില്‍നിന്നും മെസേജുകള്‍ ലഭിക്കാന്‍ കാരണമായത്.

കുറച്ചു കാലത്തേക്ക് സൗദി നമ്പര്‍ തന്നെ വാട്‌സാപ്പില്‍ ഉപയോഗിക്കുമെന്ന് പറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവര്‍ നിരവധിയുണ്ട്. അതു കൊണ്ടുതന്നെ ഇത്തരക്കാരെ ഗ്രൂപ്പുകളില്‍നിന്നോ വ്യക്തികള്‍ അവരുടെ കോണ്‍ടാക്ട് ലിസ്റ്റില്‍നിന്നോ തല്‍ക്കാലം ഒഴിവാക്കാറില്ല. ഈ രീതിയാണ് പിന്നീട് പ്രശ്‌നമായി മാറുന്നത്.

ഫൈനല്‍ എക്‌സിറ്റില്‍ പോയവരുടെ മൊബൈല്‍ നമ്പറുകള്‍ അധികം വൈകാതെ തന്നെ സൗദിയിലെ ടെലിക്കോം കമ്പനികള്‍ പുതിയ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. പുതുതായി നമ്പര്‍ കിട്ടുന്നവര്‍ വാട്‌സാപ്പ് അക്കൗണ്ട് അതിലേക്ക് മാറ്റുന്നില്ലെങ്കില്‍ പഴയ നമ്പറില്‍ വാട്‌സാപ്പ് അക്കൗണ്ട് തുടരും.

എക്‌സിറ്റില്‍ പോയി നമ്പറുകള്‍ മാറിയവരെ വ്യക്തികള്‍ തങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍നിന്ന് ഒഴിവാക്കി പുതുക്കുന്നില്ലെങ്കില്‍ എല്ലാവര്‍ക്കും കൂട്ടത്തോടെ മെസേജ് അയക്കുമ്പോള്‍ അത് ലഭിക്കുക നിങ്ങള്‍ വിചാരിക്കാത്ത ആളുകള്‍ക്കായിരിക്കും. ഉദാഹരണത്തിന് ഒരു വര്‍ഷം മുമ്പ് നാട്ടില്‍ പോയ ഹമീദ് എന്നയാളുടെ ഫോണ്‍ നമ്പര്‍ നിങ്ങളുടെ ഫോണ്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉണ്ടെങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ മെസേജ് അയച്ചാല്‍ അത് കിട്ടുക ഏതെങ്കിലും സൗദി പൗരനായിരിക്കും.
സ്വന്തം ഫോട്ടോ വെക്കാതെ വാട്‌സാപ്പ് പ്രൊഫൈലുണ്ടാക്കുന്നവര്‍ ധാരാളമാണ്. ശരിയായ പേരുപോലും ഉണ്ടാകില്ല. പരിചയമില്ലാത്തവരേയും സൗദി മൊബൈല്‍ നമ്പറില്‍ തന്നെ ഉണ്ടെന്ന് ഉറപ്പില്ലാത്തവരേയും ഗ്രൂപ്പുകളില്‍നിന്നും കോണ്‍ടാക്ട് ലിസ്റ്റില്‍നിന്നും ഒഴിവാക്കുന്നതാണ് പിന്നീട് പരാതികളും നിയമനടപടികളും ഒഴിവാക്കുന്നതിന് ഉചിതം.

 

Latest News