ന്യൂദല്‍ഹി- ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഫോണ്‍ കണക്ഷന്, സ്കൂള്‍ പ്രവേശനം തുടങ്ങിയ സേവനങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കണമെന്ന നിബന്ധന ഒഴിവാക്കിയുള്ള പുതിയ നിയമഭേദഗതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഉപഭോക്താക്കളുടെ സമ്മതത്തോടെ ആധാര്‍ ഇവയുമായി ബന്ധിപ്പിക്കാന്‍ വഴിയൊരുക്കിയാണ് നിയമഭേദഗതി. ഈ കരടു ബില്‍ ലോക്സഭയില്‍ ഉടന്‍ അവതരിപ്പിക്കും. ശീതകാല സമ്മേളനത്തില്‍ തന്നെ ഇതു പാസാക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഈ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധിപ്പിക്കുന്ന ആധാര്‍ നിയമത്തിലെ 57-ാം വകുപ്പ് സെപ്തംബറില്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 12 അക്ക ആധാര്‍ നമ്പര്‍ സ്വകാര്യ കമ്പനികളുടെ സേവനങ്ങള്‍ക്ക് ആവശ്യപ്പെടരുതെന്നായിരുന്നു സുപ്രീം കോടതി വിധി. ഇതോടെ മൊബൈല്‍ സിമ്മും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കപ്പെട്ടു.
ഇനി ഈ സേവനങ്ങള്‍ക്ക് ഉപഭോക്താവിന്റെ സമ്മത പ്രകാരം അധാര് നമ്പര്‍ നല്‍കാമെന്ന തരത്തിലാണ് പുതിയ നിയമഭേദഗതി. ഇതു നിര്‍ബന്ധമാകില്ലെങ്കിലും സുപ്രീം കോടതി ഉത്തരവിനെ മറിടകടന്ന് ആധാര്‍ നമ്പര്‍ ശേഖരിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് വഴിയൊരുക്കുന്ന തരത്തിലാണ് നിയമഭേദഗതി. ഇതിനായി ടെലഗ്രാഫ് നിയമവും കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമവുമാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നത്. മൊബൈല്‍ സിം ആധാറുമായി ബന്ധിപ്പിക്കുന്നതിന് നിയമസാധുത നല്‍കാനാണ് ടെലഗ്രാഫ് നിയമം ഭേദഗതി ചെയ്യുന്നത്. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാന്‍ അവസരം നല്‍കുന്നതിന് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമവും ഭേദഗതി ചെയ്യുന്നു.