Sorry, you need to enable JavaScript to visit this website.

റഫാല്‍ ഉത്തരവിലെ 'വസ്തുതാ പിഴവ്' തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- റഫാല്‍ കരാര്‍ അഴിമതി ആരോപണത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാരിന് ആശ്വാസമായ സുപ്രീം കോടതി ഉത്തരവിലെ വസ്തുതാപരമായ പിഴവ് വലിയ രാഷ്ട്രീയ കോളിളക്കമായതോടെ ഇതു തിരുത്തണമെന്ന ആവശ്യവുമായി കേന്ദ്രം സുപ്രീം കോടതിയില്‍. റഫാല്‍ കരാറില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണ്ടെന്ന ഉത്തരവില്‍ കംട്രോളര്‍ ആന്റ് ഓഡിറ്റല്‍ ജനറലിന്റെ (സി.എ.ജി) റിപോര്‍ട്ടിനേയും പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി(പി.എ.സി)യേയും പരാമര്‍ശിക്കുന്ന ഖണ്ഡികയിലാണ് പിഴവുള്ളത്. റഫാല്‍ കരാറിലെ വിലനിര്‍ണയം സംബന്ധിച്ച വിവരങ്ങള്‍ സിഎജിയും പിഎസിയും പരിശോധിച്ചിട്ട് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയാണ് കോടതി ഉത്തരവില്‍ പരാമര്‍ശിച്ചത്. കോടതി ഉത്തരവിനു പിന്നാലെ ഇങ്ങനെ ഒരു റിപോര്‍ട്ട് ഇല്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇതു കള്ളമാണെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു.

 പി.എ.സി അധ്യക്ഷന്‍ കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഈ റിപോര്‍ട്ട് പിഎസിക്ക് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ വെട്ടിലായത്. തുടര്‍ന്ന് മുഖം രക്ഷിക്കല്‍ നീക്കവുമായാണ് ഇപ്പോള്‍ വിധിയിലെ പരാമര്‍ശം തിരുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. വസ്തുതാ പിഴവ് വരുത്തി കോടതിക്ക് മറുപടി നല്‍കിയതു സംബന്ധിച്ച് അറ്റോര്‍ണ്ി ജനറലിനേയും സി.എ.ജിയേയും വിളിച്ചു വരുത്തി പി.എ.സി വിശദീകരണം തേടുമെന്നും ഗാര്‍ഖെ വ്യക്തമാക്കിയിരുന്നു. 

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സി.എ.ജി റിപോര്‍ട്ട് പിഎസിക്ക് നല്‍കിയെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ റിപോര്‍ട്ട് എവിടെ എന്ന ചോദ്യവുമായി പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആക്രമണം ശക്തമാക്കുകയായിരുന്നു. സര്‍ക്കാര്‍ സമര്‍പ്പിച്ച സീല്‍ ചെയ്ത മറുപടിയില്‍ പറഞ്ഞ നടപടിക്രമങ്ങള്‍ കോടതി തെറ്റിദ്ധരിച്ചെന്നാണ് കേന്ദ്രം ഇപ്പോള്‍ പറയുന്നത്. ഈ മറുപടിയില്‍ നടപടിക്രമങ്ങളും വില നിര്‍ണയ വിവരങ്ങളും മാത്രമാണ് വിശദീകരിച്ചിട്ടുള്ളതെന്ന് കേന്ദ്രം പറയുന്നു. കോടതി ഉത്തരവില്‍ വ്യക്തത വരുത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
 

Latest News