Sorry, you need to enable JavaScript to visit this website.

മരുഭൂമിയില്‍ മഞ്ഞുപൂക്കും കാലം

ആഴക്കടലിലേക്ക്  എറിയുന്ന വല പോലെയാണ് പ്രവാസം. ചിലർ വല നിറച്ച് സന്തോഷത്തോടെ മടങ്ങിപ്പോരുന്നു.  മറ്റു ചിലർ കടൽപായൽ മാത്രം  കുരുങ്ങിയ വലയുടെ ഉപ്പുമണവുമായി തളർന്നു തിരികെ പ്പോരുന്നു. മരുഭൂമിയുടെ മറ്റു വേഷപ്പകർച്ചകളേക്കാൾ വേനലാണ് ഇവിടെ കൂടുതൽ പേർക്കും
അപരിചിതനല്ലാത്ത ഉപ്പ് മണമുള്ള ആ ഒരാൾ. മരുഭൂമിക്കും അതിലൂടെ സഞ്ചരിക്കുന്ന ഒരു വിഭാഗം പ്രവാസികൾക്കും ചിലപ്പോൾ ഒക്കെ ഒരു സൂഫിയുടെ രൂപഭാവങ്ങൾ ആവാഹിച്ച ഹൃദയമാണ് എന്ന്  തോന്നിപ്പോകും.

കുന്നുകളും ഒട്ടകക്കൂട്ടങ്ങളും  നിലംപ്പറ്റി പച്ചതുറന്നു വെച്ച് നിൽക്കുന്ന പുല്ലുകളും തലയുയർത്തി നിൽക്കുന്ന മുൾച്ചെടികളും എല്ലാത്തിനും രാജാവായി എണ്ണക്കിണറുകളെ അടയാളം വെച്ച ഇടങ്ങളും പിന്നെ നിഗൂഡതകൾ ഒളിപ്പിച്ചുെവച്ച വിസ്മയ ഭംഗികളും ഓരോ കാലാവസ്ഥകളെയും മണൽച്ചൂര് കൊണ്ട് തൊട്ടു മറിക്കുന്ന കാലങ്ങളും എല്ലാത്തിനും സാക്ഷിയായി നിവർന്നു കിടക്കുന്നു.ഈ അറേബ്യൻ ഭൂമി പുരാതനമായ അതിന്റെ മന്ത്രസ്വരങ്ങളെ മാറിമാറി ഉരുവിട്ടുകൊണ്ടിരിക്കുന്നു.
അറബ് നാട്ടിലെ വെയിലും മഴയും മഞ്ഞും കാറ്റും എല്ലാം ഓരോ  പ്രവാസിയും സ്വന്തം നാടുമായി  ചേർത്ത് ഇടയ്ക്കിടെ ഒത്തുനോക്കുന്നുണ്ട്. അത്  അവനെ  ആശ്വസിപ്പിക്കുകയോ  കൂടുതൽ സങ്കടപ്പെടുത്തുകയോ അതുമല്ലെങ്കിൽ മറ്റൊരു  സമ്മിശ്ര വികാരത്തിലെത്തിച്ച് തിരികെ  കൊണ്ടുവരികയോ  ചെയ്യുന്നുണ്ട്. ഇപ്പോൾ അറേബ്യൻ നാടുകൾ ചൂടുകാലത്തെ കടന്ന്  തണുപ്പ്  കാലത്തിലേക്ക് പതിയെപ്പതിയെ  അതിന്റെ മണൽക്കൂനകളെയും ഈന്തപ്പനകളെയും മനുഷ്യരെയും കൊണ്ട് നീങ്ങിത്തുടങ്ങിയിരിക്കുന്നു .

മഞ്ഞുകാലത്തെ  മണൽ ഭൂമിയെ  സൂര്യൻ  അതിന്റെ സുന്ദരവും  മൃദുവുമായ ചുംബനം  കൊണ്ട് മനോഹരിയാക്കുന്നു. ഇളംചൂടുള്ള ചിരികൾ കൊണ്ട് പകലുകളെയും ചുവപ്പും പീതനിറവും അടുക്കിയും  ഇടകലർത്തിയും ആകാശത്തു ചാർത്തി ഒരു  കാൻവാസിൽ എന്ന പോലെ അതിന്റെ സായന്തനങ്ങളെയും അലങ്കരിക്കുന്നു. മരുഭൂമിയെ  പൂക്കൾ കൊണ്ടും തളിരുകൾ കൊണ്ടും ആ വരവറിയിക്കുന്നു .
ഭൂമിയുടെയും മനുഷ്യരുടെയും വേവുകളെയും വടുക്കളെയും  മഞ്ഞുമണമുള്ള  കാറ്റുകൾ കൊണ്ട്  തഴുകി ആ കാലം കടന്നുപോകുന്നു. മേൽക്കൂരയുള്ളവർ അതിന്റെ ആനന്ദത്തെ   സ്വീകരിച്ചു വികാരാധീനരാകുകയും  ആഘോഷിക്കുകയും  ആനന്ദിക്കുകയും ചെയ്യുന്നു. ഉള്ളിൽ മഴക്കാലവും വേനലും  മാത്രം  മാറിമാറി വന്നുപോകുമ്പോൾ വിണ്ടുകീറിയ ജീവിതം ഏതു  കാലത്തിലും ചിലരെ നോവിച്ചുകൊണ്ടിരിക്കും. അവനോ മഞ്ഞുകാലത്തിലും പ്രാവുകളെപ്പോലെ പ്രാർഥനയിൽ അടയിരിക്കുന്നു.

ഇലപൊഴിയും നാളുകൾ കടന്ന് മഞ്ഞുകാലം അതിന്റെ വരവറിയിക്കുന്നത് പൊടിക്കാറ്റും പിന്നെ  മഴക്കാറും കൊണ്ടാണ്. ചിലപ്പോൾ തുലാവർഷം പോലെ  ഇടിയുടെയും മിന്നലിന്റെയും അകമ്പടിയും ഉണ്ടാകും. വെളുത്ത നീളൻ  ഉടുപ്പുകളിലും  കുഞ്ഞുങ്ങൾ മഴ നനയാൻ മടിച്ചു നിൽക്കാറില്ല. ആകാശത്തിന്റെ സമ്മാനപ്പൊതി ആവേശത്തോടെ അവർ ആവോളം ഏറ്റുവാങ്ങി സന്തോഷം  പങ്കിടുന്നതും രസകരമായതും  മനസ്സ് കുളിർപ്പിക്കുന്നതുമായ കാഴ്ചകൾ തന്നെ.

ഈ തണുപ്പൻ മാസങ്ങളിൽ  മരുഭൂമിയുടെ മാറിൽ വെളുത്ത  കൂടാരങ്ങളും പല നിറമുള്ള നേർത്ത  വെളിച്ചങ്ങളും നിറയുന്നത് നമ്മിൽ കൗതുകമുണർത്തും. ഈ ജനത തണുപ്പൻ രാവുകളെ ആഘോഷമാക്കുകയാണ്. ആ  രാത്രികൾ ഉറങ്ങാനുള്ളതല്ല. കഹ്‌വയും ചുട്ട മാംസവും ചുടുവർത്തമാനങ്ങളുമായി  അറബികൾ അവരുടെ  പൂർവ സ്മരണകളുടെ ഒരോ ചീന്തു പനയോലകൾ വീണ്ടും പകുക്കുന്നുണ്ടായിരിക്കണം അവിടെ. അറബ് യുവത്വങ്ങൾ  അവരുടെ ചിരികളും  ചിന്തകളും പുതിയ കാലത്തിന്റെ കാപ്പിക്കടകളിലേക്ക് മാറ്റി ഇരുത്തിയിരിക്കുന്നു. അവയുടെ ഊഷ്മളമായ അന്തരീക്ഷത്തിനും മങ്ങിയ വെളിച്ചത്തിനും കീഴെ അവർ മഞ്ഞുകാലം മൊത്തിക്കുടിക്കുന്നു.

പകൽ നടക്കാൻ കഴിയാത്ത ചൂടുകാലത്തെ അതെ ഇടങ്ങളിലൂടെ നമുക്ക് ആവോളം ആകാശത്തെയും മണൽ ഭൂമിയും ആസ്വദിച്ച് സഞ്ചരിക്കാവുന്ന നല്ല സമയങ്ങൾ. വഴിനീളെ പൂച്ചെടികൾ വെച്ച്  കൊടുക്കുമ്പോൾ  മഞ്ഞുകാലം അതിൽ പൂക്കൾ നിറച്ച് മനുഷ്യനെ  സന്തോഷിപ്പിക്കുവാൻ  മത്സരിക്കുന്നതും  വെളുത്ത പറവകൾ ഒരുമിച്ചു പറക്കുന്ന ആകാശങ്ങളും കണ്ടു നമുക്ക് നടന്നു നീങ്ങാം. ഇക്കാലത്ത് ആണ് കൂടുതലായി ദേശവർത്തമാനങ്ങളും വീട്ടുവർത്തമാനങ്ങളുമായി കോർണിഷുകളിലും പാർക്കുകളിലും കുടുംബങ്ങൾ കൂടുതലായി ഒഴിവു സമയങ്ങൾ ആസ്വദിക്കുന്നത്. പലവിധ വിനോദങ്ങളുടെയും ഫെസ്റ്റുകളുടെയും നല്ല കാലവും ഇതുതന്നെയാണ്. ഒട്ടക, കുതിര വണ്ടി സവാരികളും ചൂടൻ ചോളപ്പാത്രങ്ങളും  മണൽക്കൂനകളിൽ കയറിയിറങ്ങിപ്പായുന്ന കുഞ്ഞൻ വണ്ടികളും അങ്ങനെ  പലതും ഒരുക്കി  കാത്തിരിക്കുന്നവരുടെ സന്തോഷ കാലം കൂടി മഞ്ഞുകാലത്തിൽ അവിടവിടെ കാണാം.

കടൽക്കാക്കകൾ ആകാശത്തും  മണലിടങ്ങളിലും  കൂട്ടം  കൂട്ടമായി  പാറിച്ചുറ്റുന്ന കാലം  കൂടിയാണ്. മഞ്ഞുകാലം  തീർന്നു തീർന്നു  പോകവേ  അവ  അവയുടെ  കുഞ്ഞുങ്ങളെയും ആകാശം കാണിക്കുന്നുണ്ട് എന്ന് ഞാൻ ആനന്ദത്തോടെ  നോക്കി നിൽക്കാറുണ്ട് . എത്രയെത്ര  കുഞ്ഞു ചിറകുകൾ താഴെ  നിന്നു നോക്കുമ്പോൾ  അവ വലിയ ശലഭങ്ങളെപ്പോലെ നമുക്ക്  മുകളിൽ  ഒഴുകുന്നതുപോലെ  തോന്നുന്നു. കുറെ ദേശാടനപ്പക്ഷികളെയും ചില  പ്രത്യേക ഇടങ്ങളിൽ കാണുന്നതും മഞ്ഞുകാലം  തരുന്ന ബോണസ് തന്നെയാണ്. എവിടെയും കാണുന്ന പൂച്ചകളുടെ കാര്യം എടുക്കുകയാണെങ്കിൽ ഈ  തണുപ്പിനെ  അവ അധികം ഇഷ്ടപ്പെടുന്നില്ല. കടൽക്കരകളിൽ ഓടിനടന്നിരുന്നവർ  കല്ലിടുക്കുകളിൽ  ഒളിച്ചിരിക്കുമെന്നും പിന്നെ  അവയുടെ കുറുമ്പൻ കുട്ടികളുമായി പിന്നീട്  പുറത്തിറങ്ങുമെന്നും  ശ്രദ്ധിച്ചിട്ടുണ്ട്.  

തണുപ്പൻ കാലം  വരുന്നതും  പോകുന്നതും  മഴയുടെ  പരവതാനിയിലൂടെയാണ്  എന്നതാണ്  മറ്റൊരു  കൗതുകം. രണ്ടറ്റത്തും മഴ മണം ഉള്ള ഒരു  കാലമായി അവയെ  ഓർമകളിൽ തൂക്കിയിടുമ്പോൾ കേരളീയർക്ക് എന്തെന്നില്ലാത്ത  ഗൃഹാതുരത  കൂടി മനസ്സിൽ  തിങ്ങിവരും. എ.സി മുറികളിൽനിന്നും ഹീറ്റർ ചൂടിന്റെ കൂട്ടിലേക്ക് അവർ പലപ്പോഴും കുഞ്ഞുങ്ങൾ  എന്ന പോലെ ജോലിത്തിരക്കുകൾ കഴിഞ്ഞ്  കുനിഞ്ഞു കൂടും.
'കാറ്റുലയുമ്പോൾ മഴ ചിതറുമ്പോൾ 
മഞ്ഞുപൊഴിയുന്ന മരമാകുന്നു കാലം 
കിളിയൊച്ചകൾ, കാപ്പിച്ചൂട്,
നമ്മുടെ കുഞ്ഞു കുഞ്ഞാശകൾ
കൊഞ്ചിച്ചുരുളുന്ന കുസൃതി,
കമ്പിളി ഉടുപ്പിൻെറ പ്രണയം 
ഒക്കെയും ചുറ്റും നിറയുന്നു'. 

ചൂടൻ  കപ്പയും  കാന്താരിയും  നേർത്ത പത്തിരിയും കോഴിക്കറിയും കടുപ്പൻ സുലൈമാനിയും പിന്നെ എന്തെന്നില്ലാത്ത  നമ്മുടെ  ആ  നാടൻ പൂതികൾ  ഒക്കെയും  വരിവരിയായി നമ്മിൽ  വന്നു  നിറയുന്ന  കാലം  കൂടിയാണത്. പുതിയ കുഞ്ഞുങ്ങൾ അവയിൽ പിസ്സകളെയും ബർഗറുകളെയും  അവരുടെ  മോഡേൺ ഇഷ്ടങ്ങളെയും കൂടെക്കൂട്ടിയിരിക്കുന്നു.

തണുപ്പൻകാറ്റ് വീശുമ്പോഴും  വൃശ്ചികത്തിൽ  എന്ന പോലെ  മരങ്ങൾക്കിടയിലൂടെ കമ്പിളികളിൽ  കയ്യുകൾ തിരുകി നടന്ന് കൊതിയോടെ  പോറ്റമ്മയുടെ ഈ  സുന്ദരമായ ഭാവമാറ്റങ്ങളെ  ആസ്വദിക്കുകയാണ്  പലരും. ഉള്ളിലെ വേവുകളെ കുറച്ചു  സമയത്തെയ്‌ക്കെങ്കിലും മറന്നു  കളയാൻ ചിലനേരങ്ങൾ മനുഷ്യന്
കൂട്ടിരിക്കുന്നുണ്ട് എന്നത് പിന്നെയും നമ്മൾ മറ്റൊരു  രാജ്യത്തിരുന്ന് ഓർത്തെടുക്കുന്നു .
 

Latest News