Sorry, you need to enable JavaScript to visit this website.

വ്യോമസേനയുടെ രക്ഷാ പ്രവർത്തനത്തിന്  കേരളം പണം നൽകേണ്ടതില്ല -കേന്ദ്രം 

ന്യൂദൽഹി - പ്രളയകാലത്ത് വ്യോമസേന നടത്തിയ രക്ഷാ പ്രവർത്തനത്തിന് കേരളം പണം നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ. 
സംസ്ഥാനത്തിന്റെ പുനരുദ്ധാരണത്തിനുള്ള അധികവിഭവ സമാഹരണത്തിനായി ജി.എസ്.ടിക്കു മേൽ പ്രത്യേക സെസ് ചുമത്തണമെന്ന കേരളത്തിന്റെ ആവശ്യം സംസ്ഥാനത്തിന് ഗുണകരമല്ലെന്നും കേന്ദ്ര സർക്കാർ. അതേസമയം, കേരളത്തിലെ മന്ത്രിമാർക്ക് വിദേശയാത്രക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ രേഖാമൂലം അറിയിച്ചു. വിദേശ സർക്കാരുകളിൽ നിന്നും മറ്റും വിദേശ സഹായം സ്വീകരിക്കരുതെന്നതാണ് ഇന്ത്യയുടെ നയപരമായ തീരുമാനം. എന്നാൽ, പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസ നിധിയിലേക്ക് വിദേശത്തു നിന്നു സംഭാവനകൾ നൽകുന്നതിൽ തടസമില്ലെന്ന് വിദേശകാര്യ മന്ത്രി വിശദീകരിച്ചു.
ഓഗസ്റ്റിൽ കേരളത്തിലുണ്ടായ പ്രളയത്തെ തുടർന്ന് കേന്ദ്ര ദുരന്ത നിവാരണ നിധിയിൽ നിന്ന് (എൻ.ഡി.ആർ.എഫ്) സംസ്ഥാനത്തിന് അധികമായ 3,048.39 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 600 കോടി രൂപ നേരത്തെ അടിയന്തര സഹായമായി നൽകിയിരുന്നു. ഇതിനു പുറമേയാണ് വ്യോമസേനയുടെ ചെലവുകൾ കേന്ദ്രം വഹിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന കണക്കിലെടുത്താണ് തീരുമാനം. 
സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിന് 33.79 കോടി രൂപയുടെ ബില്ല് വ്യോമസേന സംസ്ഥാന സർക്കാരിന് നൽകിയത് വലിയ വിവാദമായിരുന്നു. പ്രളയത്തെ തുടർന്ന് കെട്ടിടങ്ങളുടെ മുകളിലും മറ്റും കുടുങ്ങിയവരെ എയർ ലിഫ്റ്റ് ചെയ്തതിനടക്കം ഉണ്ടായ തുകയാണിത്. വ്യോമസേനയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഇത്തരം ചെലവ് സംസ്ഥാന സർക്കാരുകൾ നൽകണമെന്നതാണ് പൊതു ചട്ടം. ഇതനുസരിച്ചാണു തുക കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സിൽ അടക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമസേന കത്തയച്ചത്.
എന്നാൽ, കേരള സർക്കാരിന്റെ അഭ്യർഥന കണക്കിലെടുത്താണ് ദുരിതാശ്വാസ സഹായത്തിനു പുറമെ, വിമാനങ്ങളുടെ ചെലവും വഹിക്കാൻ കേന്ദ്രം തയാറയത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതല സമിതിയാണ് കേരളത്തിന്റെ ദുരിതാശ്വാസം സംബന്ധിച്ച തീരുമാനമെടുത്തത്. 
അതേസമയം, സംസ്ഥാനത്തിന്റെ പുനർനിർമാണത്തിന് ജി.എസ്.ടിയിൽ പത്തു ശതമാനം സെസ് ചുമത്തണമെന്ന കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്ര ധനമന്ത്രാലയത്തിന് അനുകൂല നിലപാടല്ലെന്ന് വ്യക്തമായി. പ്രായോഗികമായി കേരളത്തിനു തന്നെ ഇതു ദോഷകരമാകുമെന്നാണ് ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ അഭിപ്രായം. കേരളത്തിൽ മാത്രമായി സെസ് ചുമത്തിയാൽ സംസ്ഥാനത്ത് ഉൽപ്പന്നങ്ങളുടെ വില ഉയരും. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ഇത് കൂടുതൽ ഭാരമാകും. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിലും കേരളത്തിനു ദോഷമാണിത്. വിലക്കുറവുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നു സാധനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇതു കേരളത്തിന്റെ വാണിജ്യ, വ്യാപാര മേഖലയ്ക്കും സർക്കാരിന്റെ ഖജനാവിനും ക്ഷീണമാകും.

 

Latest News