നാഗ്പൂര്‍- മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയില്‍ സംരക്ഷിത വനമേഖലയില്‍ തപസിരിക്കുകയായിരുന്ന യുവ ബുദ്ധ സന്യാസി പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. രാംദെഗി വനത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നാഗ്പൂരില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ കൊടുവനത്തിനുള്ളില്‍ ഒരു മരത്തിനു ചുവട്ടില്‍ തപസിനിടെയാണ് 35കാരനായ രാഹുല്‍ വാല്‍കെയ്ക്കു നേരെ പുലിയുടെ ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. വനത്തിനുള്ളിലെ ചരിത്ര പ്രസിദ്ധമായ ബുദ്ധ ക്ഷേത്രത്തിനു സമീപമാണ് സംഭവമുണ്ടായത്. ഇവിടെ ഒരു മാസത്തോളമായി വാല്‍ക്കെ തപസിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ടു മറ്റു സന്യാസികള്‍ ഭക്ഷണം നല്‍കാനായി വാല്‍ക്കെയെ സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇവരാണ് വാല്‍ക്കെ കൊല്ലപ്പെട്ടതായി പോലീസിനെ വിവരമറിയിച്ചത്. വന്യമൃഗങ്ങളുടെ ആക്രമണം സംബന്ധിച്ച് സന്യാസികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നുവെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
വാല്‍ക്കെയുടെ മൃതദേഹം പോലീസ് പുറത്തു കൊണ്ടു വന്നു. പ്രദേശത്തേക്കുള്ള പ്രവേശനം പൂര്‍ണമായും തടഞ്ഞിരിക്കുകയാണ്. ചരിത്രപ്രാധാന്യമുള്ള സ്ഥലം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇവിടെക്ക് വന്യ മൃഗങ്ങള്‍ അടുക്കാതിരിക്കാന്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയതായും വനം വകുപ്പ് അറിയിച്ചു,