ജീവിതത്തില്‍ തന്നെ ഏറ്റവും വേദനിപ്പിച്ചത് നടന്‍ ശ്രീനിവാസനെന്ന് ആന്റണി പെരുമ്പാവൂര്‍. ഉദയനാണ് താരമെന്ന ചിത്രത്തിന് ശേഷം ശ്രീനിവാസന്‍ ചെയ്ത ചിത്രത്തിലെ സരോജ്കുമാര്‍ എന്ന കഥാപാത്രം മോഹന്‍ലാലിനെ കളിയാക്കിയുള്ളതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെയ്ക്കുന്ന പ്രതികരണമാണ് ആന്റണി നടത്തിയിരിക്കുന്നത്. പരിഹാസമാണെന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഉദയനാണ് താരത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചതെന്നും അത് വിജയിച്ചപ്പോള്‍ മോശമായി തിരക്കഥയെഴുതി ശ്രീനിവാസന്‍ മറ്റൊരു ചിത്രത്തില്‍ അഭിനയിച്ചു. അത് ലാല്‍ സാറിനെ കളിയാക്കിയുള്ളതാണെന്ന് അറിഞ്ഞപ്പോള്‍ ചോദ്യം ചെയ്ത തന്നെ മാഫിയ എന്നെല്ലാം പറഞ്ഞുവെന്നും അഭിമുഖത്തില്‍ ആന്റണി തുറന്നു പറഞ്ഞു.
ലാല്‍ സാറിനെ കളിയാക്കി കൊണ്ടു ശ്രീനിവാസന്‍ എഴുതിയ സിനിമയില്‍ ലാല്‍ സാര്‍ അഭിനയിച്ചു. ഒരെതിര്‍പ്പും പ്രകടിപ്പിച്ചില്ല. അതു വിജയിച്ചതോടെ വളരെ മോശമായി വീണ്ടുമൊരു തിരക്കഥയെഴുതി ശ്രീനിവാസന്‍ തന്നെ നായകനായി അഭിനയിച്ചു. കാര്യമറിഞ്ഞപ്പോള്‍ ശ്രീനിവാസനെ വിളിച്ച് സംസാരിച്ചു.
അന്നു വൈകീട്ടു ശ്രീനിവാസന്‍ ചാനലുകളിലെത്തി ആന്റണി പെരുമ്പാവൂര്‍ ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞു കൊണ്ടിരുന്നു. ഫാന്‍സ് അസോസിയേഷന്‍ മാഫിയ എന്നെല്ലാം അധിക്ഷേപിച്ചു. അതിനുശേഷം ഞാന്‍ ശ്രീനിവാസനെ വിളിക്കാറില്ല, വിളിച്ചിട്ടുമില്ല. ഇതുപോലെ ഒരാളും എന്നെ വേദനിപ്പിച്ചിട്ടില്ല. കഴിഞ്ഞുപോയതു പറഞ്ഞിട്ടു കാര്യമില്ലെന്നും ആന്റണി പറയുന്നു.