ജയ്പൂര്‍- രാജസ്ഥാനില്‍ അധികാരത്തില്‍ നിന്നു പുറത്തായി ബിജെപിക്കൊപ്പം തോറ്റവരില്‍ രാജ്യത്തെ ആദ്യ പശു മന്ത്രിയും. വസുന്ദരാ രാജെ മന്ത്രിസഭയില്‍ പശു വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായ ഒടറാം ദേവാസി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയോട് പതിനായിരം വോട്ടിനാണ് തോറ്റത്. പശുക്കളുടെ കാര്യങ്ങള്‍ നോക്കാനായി മാത്രമായിരുന്നു മന്ത്രിയും വകുപ്പും. ഇതു മാത്രമെ ചുമതലയുണ്ടായിരുന്നൂള്ളൂവെങ്കിലും സര്‍ക്കാര്‍ ഗോശാലകളില്‍ നൂറുകണക്കിന് പശുക്കള്‍ പട്ടിണി കിടന്നത് ചത്തതും ദേവാസി പശു മന്ത്രി ആയിരിക്കെ ആണ്. ഇത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ നിരവധി മുസ്ലിംകള് ആള്‍ക്കുട്ട കൊലപാതകത്തിനിടയാക്കിയതും രാജ്യത്തുടനീളം പ്രതിഷേധത്തിനിടക്കായിരുന്നു.
2015ലാണ് ബി.ജെ.പി സര്‍ക്കാര്‍ രാജസ്ഥാനില്‍ പശു മന്ത്രാലയം രൂപീകരിച്ചത്. മുന്‍ പോലീസുകാരനായ ദേവാസിയെ പശു മന്ത്രിയായി നിയോഗിക്കുകയും ചെയ്തു. പശുവിനെ മേക്കുന്നവരുടെ പരമ്പരാഗത വേഷത്തിലായിരുന്നു ദേവാസി. കയ്യിലൊരു നീളന്‍ വടിയും പരമ്പരാഗത തലപ്പാവം വെള്ള മുണ്ടുമാണ് വേഷം. പുതിയ സ്വത്ത് വാങ്ങുമ്പോള്‍ 20 ശതമാനം സര്‍ചാര്‍ജ് ഇടാക്കിയാണ് ദേവാസി തന്റെ പശു വകുപ്പിന് ഫണ്ട് കണ്ടെത്തിയത്. പശു നികുതി എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. 2016ല്‍ സര്‍ക്കാര്‍ ഗോശാലയില്‍ അഞ്ഞൂറോളം പശുക്കള്‍ പട്ടിണികിടന്നത് ചത്തത് പശു മന്ത്രിക്ക് നാണക്കേടായിരുന്നു.