Sorry, you need to enable JavaScript to visit this website.

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് പാരയാകുമെന്ന് കരുതിയ ജോഗി-മായാവതി സഖ്യം തിരിച്ചടിയായത് ബിജെപിക്ക്

റായ്പൂര്‍- ഛത്തീസ്ഗഢില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പകുതിയിലേറെ സീറ്റുകളില്‍ മുന്നിട്ട് വിജയത്തോടടുക്കുന്ന കോണ്‍ഗ്രസിന് തുണയായത് പാര്‍ട്ടിക്കെതിരെ ശക്തമായി രംഗത്തെത്തിയ മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള സഖ്യം. മായാവതിയുടെ ബി.എസ്.പിയുമായി ചേര്‍ന്നാണ് ജോഗിയുടെ ജനതാ കേണ്‍ഗ്രസ് ഛത്തീസ്ഗഢ് കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ രംഗത്തുണ്ടായിരുന്നത്. കണക്കു കൂട്ടലുകള്‍ തെറ്റിച്ച് ജോഗി-മായാവതി സഖ്യം ബിജെപി വോട്ടുകളില്‍ വന്‍തോതില്‍ ചോര്‍ച്ചയുണ്ടാക്കിയെന്നാണ് ആദ്യ ഫലങ്ങള്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസിനേക്കാള്‍ ഈ സഖ്യം വേദനിപ്പിച്ചത് ബി.ജെ.പിയാണെന്ന് വ്യക്തമാകുകയാണ്. ഛത്തീസഗ്ഢ് സംസ്ഥാന രൂപീകരിച്ച ശേഷം വന്ന ആദ്യ സര്‍ക്കാരില്‍ 2000 മുതല്‍ 2003 വരെ മുഖ്യമന്ത്രിയായിരുന്ന ജോഗി സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ എല്ലാം എല്ലാമായിരുന്നു ഒരു കാലത്ത്. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെസിസി വെറും നാലു സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടു നില്‍കുന്നത്.

വോട്ട് ഓഹരിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വോട്ടിന്റെ അന്തരം ക്രമേണ കുറഞ്ഞു വരുന്നതായി കാണാം. 2003ല്‍ ബിജെപിക്ക് 39.3 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 2.6 ശതമാനത്തിന്റെ കുറവായിരുന്നു. 2008ല്‍ ബിജെപി വോട്ട് 40.33 ശതമാനമായി ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസിന്റേത് 38.63 ആയി ഉയര്‍ന്നു. 2013ല്‍ ബിജെപിക്ക് 41.04 ശതമാനം വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 40.29 ശമതാനമായി ഉയരുകയും ചെയ്തിരുന്നു. ഈ പ്രവണതയുടെ തുടര്‍ച്ചയാണ് ഇത്തവണയും കാണുന്നത്.

ജോഗിയും മായാവതിയും ഇടതു പാര്‍ട്ടികളും ചേര്‍ന്ന സഖ്യം കോണ്‍ഗ്രസിന്റെ വോട്ടില്‍ വലിയ ചോര്‍ച്ചയുണ്ടാക്കുമെന്നായിരുന്നു വിലയിരുത്തല്‍. ഇവരുടെ പ്രചാരണം കൊഴുത്തതോടെ ബി.ജെ.പി ക്യാമ്പിലും ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ ആശങ്ക ശരിവയ്ക്കുന്ന തരത്തിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കണക്കുകള്‍ നല്‍കുന്ന സൂചന.
 

Latest News