ന്യൂദല്‍ഹി- റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇടപെടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചത് സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ ഞെട്ടലുണ്ടാക്കി. പട്ടേലിന്റെ രാജി വലിയ ആശങ്കയാണെന്നും എല്ലാ ഇന്ത്യക്കാരും ആശങ്കപ്പെടണമെന്നും മുന്‍ ആര്‍ബിഐ ഗവര്‍ണറും സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജന് അഭിപ്രായപ്പെട്ടു. പ്രശനത്തിന്റെ വ്യാപ്തി അത്രത്തോളമാണെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഊര്‍ജിത് പട്ടേല്‍ രാജിവച്ചതിനു പിന്നാലെയാണ് രാജന്റെ പ്രതികരണം.
'ആര്.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജി വലിയ ആശങ്കയാണ്. ചുമതലകള്‍ കൈകാര്യം ചെയ്യാനാവാത്ത ഒരു സാഹചര്യത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ രാജി എന്നാല്‍ അത് ഒരു പ്രതിഷേധമാണ്. ഈ രാജിയില്‍ ഓരോ ഇന്ത്യക്കാരനും ആശങ്കപ്പെടേണ്ടതുണ്ട്'- രാജന് പറഞ്ഞു.
JUST IN: Former RBI Governor Raghuram Rajan says "all Indians should be concerned about Governor Patel's resignation" pic.twitter.com/mySfIpgn3T
— Reuters India (@ReutersIndia) December 10, 2018
റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി വിമര്‍ശിച്ചതിനു തൊട്ടടുത്ത ദിവസമാണ് പട്ടേലിന്റെ രാജി എന്നതും ശ്രദ്ധിക്കപ്പെട്ടു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് പറയുന്നുണ്ടെങ്കിലും ഏതാനും ആഴ്ചകളായി ധനമന്ത്രാലയവും റിസര്‍വ് ബാങ്കും പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഏറ്റുമുട്ടലിലായിരുന്നു.
പട്ടേലിന്റെ രാജി വിപണിയില്‍ അനുരണനങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അടുത്ത ആര്.ബി.ഐ ഗവര്‍ണര്‍ ആരായിരിക്കുമെന്നതു സംബന്ധിച്ച് അനിശ്ചിതാവസ്ഥ നിലനില്ക്കുമ്പോള് റിസര്‍വ് ബാങ്കും സര്‍ക്കാരും തമ്മിലുള്ള സമവാക്യം ഏതു നിലയിലായിരിക്കും എന്നതും അവ്യക്തമാണ്. ആദ്യ പ്രതികരണങ്ങള്‍ക്കു ശേഷം ചൊവ്വാഴ്ച വരാനിരിക്കുന്ന തെരഞ്ഞെടുപ്പു ഫലം കൂടി വിപണിയില്‍ പ്രതിഫലമനുണ്ടാക്കും.