ലഖനൗ- ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹറില്‍ ഹിന്ദുത്വ തീവ്രവാദികള്‍ അഴിച്ചു കലാപത്തിന് കാരണമായ 14 പശുക്കളെ ജഡാവശിഷ്ടങ്ങള്‍ സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. ചിന്‍ഗ്രാവതി ഗ്രാമത്തിനു സമീപം വനപ്രദേശത്ത് കാണപ്പെട്ട പശുവിന്റെ അവശിഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹിന്ദുത്വര്‍ ഇവിടെ ഗോവധം നടന്നുവെന്ന അഭ്യൂഹം പ്രചരിപ്പിച്ചത്. എന്നാല്‍ പശുക്കളെ ഇവിടെ വച്ച് കശാപ് ചെയ്തതാണെന്നിന് ദൃക്‌സാക്ഷികളോ തെളിവുകളോ ഇതുവരെ ലഭിച്ചിട്ടില്ല. ഈ പശുക്കള്‍ എങ്ങിനെ ഇവിടെ എത്തി, ആരുടേതായിരുന്നു എന്നിവ സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം. കലാപക്കേസിലെ മുഖ്യ പ്രതിയും ഹിന്ദുത്വ തീവ്രവാദ സംഘടനയായ ബജ്‌റംഗ്ദള്‍ ജില്ലാ നേതാവുമായ യോഗേഷ് രാജ് ആണ് പശുക്കളെ കശാപ് ചെയ്‌തെന്ന് പോലീസില്‍ പരാതിപ്പെട്ടത്. കലാപം തടയാനെത്തിയ പോലീസ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റു മരിച്ച കേസില്‍ മുഖ്യപ്രതിയായ ഇയാളെ ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല.
കലാപം അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ മുഖമന്ത്രിയും തീപ്പൊരി ഹിന്ദുത്വ നേതാവുമായ യോഗി ആദിത്യനാഥ് പശുക്കളെ കശാപ്പു ചെയ്തവരെ ഉടന്‍ പിടികൂടുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് പോലീസിന് നിര്‍ദേശം നല്‍കിയത്. പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ട കേസിന് വലിയ പ്രാധാന്യം മുഖ്യമന്ത്രി നല്‍കിയില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
പശുക്കളുടെ ഉടമകളെ തേടി പോലീസ് പരക്കെ അന്വേഷണത്തിലാണിപ്പോള്‍. ഇവ തെരുവില്‍ അലഞ്ഞു നടന്നിരുന്നവയാണോ അതോ ആരെങ്കിലും മോഷ്ടിക്കപ്പെട്ടതാണോ എന്നും വ്യക്തമല്ല. ദിവസവും ഹൈവെയോട് ചേര്‍ന്നുള്ള ആറു ഗ്രാമങ്ങളിലേക്കും സ്യാനയിലെ നാലു ഗ്രാമങ്ങളിലേക്കും പോലീസ് ഓരോ അന്വേഷണ സംഘങ്ങളെ അയക്കുന്നുണ്ട്. ആരുടെയെങ്കിലും പശുക്കളെ മോഷണം പോയിട്ടുണ്ടോ എന്ന് അന്വേഷിച്ചു കണ്ടു പിടിക്കാനാണിത്. എന്നാല്‍ പശു മോഷണ കേസ് ഇതുവരെ ഇവിടെ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഒരു ഉന്നത പോലീസ് ഓഫീസര്‍ പറഞ്ഞു.
നവംബറില്‍ പോലീസ് പിടികൂടിയ 16 പശുക്കള്‍ എവിടെ?
അനധികൃതമായി കടത്തി കൊണ്ടു പോകുകയാണെന്ന് സംശയത്തില്‍ പിടികൂടിയ പിടിക്കപ്പെട്ട പശുക്കളാണോ ഇവയെന്നതു സംബന്ധിച്ച് പ്രതികരിക്കാന്‍ പോലീസ് തയാറായിട്ടില്ല. നവംബറില്‍ ഇവിടെ നിന്നും പോലീസ് മൂന്ന് ട്രാക്ടറുകളില്‍ കൊണ്ടു വരികയായിരുന്ന 16 പശുക്കളെ പിടികൂടിയിരുന്നു. ഇവ മൂന്ന് ലക്ഷം രൂപ നല്‍കിയതായുള്ള വാങ്ങിയ രേഖകള്‍ ഉടമകള്‍ പോലീസിനു സമര്‍പ്പിച്ചിരുന്നു. അനധികൃത പശുക്കടത്ത് തടയാന്‍ യോഗി സര്‍ക്കാര്‍ ഒരുവര്‍ഷം മുമ്പ് തുടങ്ങിവച്ച റെയ്ഡുകളും നടപടികളും കാലിക്കച്ചവടക്കാര്‍ക്കിടയില്‍ വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.
പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ കേസിനു തുല്യമായ പ്രധാന്യം പശുക്കളെ കൊന്ന കേസിനും നല്‍കുന്നുണ്ടെന്ന് പോലീസ് പറയുന്നു. എന്നാല്‍ പശുക്കളെ കശാപ്പ് ചെയ്തത് ആരെന്ന് ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.