മുംബൈ- കഴിഞ്ഞ മാസം കാണാതായ രത്ന വ്യാപാരി രാജേശ്വര് ഉഡാനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുന്‍ മഹാരാഷ്ട്ര മന്ത്രി പ്രകാശ് മേത്തയുടെ സഹായിയും മുന്‍ ബി.ജെ.പി നേതാവുമായ സചിന് പവാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പ്രമുഖ നടിയും മോഡലുമായ ദെവോലീന ഭട്ടചാര്‍ജിയെ ഘട്കോപാറില്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. പ്രമുഖ നര്‍ത്തകി കൂടിയാണ് 28കാരിയായ ഇവര്‍. റായഗഡ് ജില്ലയിലെ വനത്തില്‍ നിന്ന് മൂന്ന് ദിവസം മുമ്പാണ് ഉഡാനിയുടെ മൃതദേഹം കണ്ടെടുത്തത്. നടിയുടെ പങ്കെന്താണ് എന്നതു സംബന്ധിച്ച് പോലീസ് വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.
57കാരനായ രത്ന വ്യാപാരി ഉഡാനിയെ നവംബര്‍ 28 മുതല്‍ കാണാനില്ലെന്നാണ് കുടുംബത്തിന്റെ പരാതി. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ഡിസംബര്‍ നാലിന് തട്ടിക്കൊണ്ടു പോകല്‍ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. നവി മുംബൈയിലെ റബാലിലാണ് ഉഡാനിയുടെ മൊബൈല്‍ അവസാനമായി പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയത്. പന്ത്് നഗര്‍ മാര്‍ക്കറ്റിനടുത്ത് ഇറക്കിവിടാന്‍ ആവശ്യപ്പെടുകയും ഇവിടെ ഇറങ്ങിയ ശേഷം ഉഡാനി മറ്റൊരു കാറില്‍ കയറി പോകുകയും ചെയ്തെന്നാണ് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്.
അന്വേഷണം പുരോഗമിക്കുന്നതിനിടെ ഡിസംബര്‍ അഞ്ചിന് വൈകീട്ടാണ് ഉഡാനിയുടെ ജീര്‍ണിച്ച മൃതദേഹം പന്‍വലില്‍ വിജനമായ വനപ്രദേശത്ത് കണ്ടെത്തിയത്. മകന് പിന്നീട് മൃതദേഹം തിരിച്ചറിഞ്ഞതോടെയാണ് ഉഡാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചത്. തട്ടിക്കൊണ്ടു പോയവര്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുയായിരുന്നെന്നാണ് സംശയിക്കപ്പെടുന്നത്. ഉഡാനിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ അദ്ദേഹം ചില ബാറുകളില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നെന്നും മോഡലുകളും നടികളും ഉള്‍പ്പെടെ നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്നും കണ്ടെത്തി.
അറസ്റ്റിലായ സചിന് പവാര്‍ 2004 മുതല്‍ 2009 വരെ തന്നോടൊപ്പം ജോലി ചെയ്തിരുന്നെന്നും അതിനു ശേഷം അദ്ദേഹവുമായി ഒരു ബന്ധവുമില്ലെന്നും ബി.ജെ.പി നേതാവ് പ്രകാശ് മേത്ത വ്യക്തമാക്കി.