Sorry, you need to enable JavaScript to visit this website.

വസുന്ധരാ രാജെയോട്  ശരദ് യാദവ് ഖേദം പ്രകടിപ്പിച്ചു 

ന്യൂദൽഹി- തെരഞ്ഞെടുപ്പ് വേളയിൽ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയ്‌ക്കെതിരെ നടത്തിയ പരാമർശത്തിൽ മാപ്പ് ചോദിച്ച് ലോക് താന്ത്രിക് ദൾ നേതാവ് ശരദ് യാദവ്. താനും സിന്ധ്യ കുടുംബവും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. തന്റെ വാക്കുകൾ അവരെ വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നു- അദ്ദേഹം പറഞ്ഞു.  
ആൽവാറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുതിർന്ന നേതാവായ ശരദ് യാദവ് വസുന്ധര രാജെക്കെതിരേ പരാമർശം നടത്തിയത്. 'വസുന്ധര രാജെ ഇനിയൊന്ന് വിശ്രമിക്കട്ടെ. അവർ ക്ഷീണിതയുമാണ്, തടിയും കൂടിയിരിക്കുന്നു' എന്നായിരുന്നു ശരദ് യാദവ് പറഞ്ഞത്. എന്നാൽ ശരത് യാദവിന്റെ  പ്രസ്താവന തന്നെ അപമാനിച്ചുവെന്നും ബോഡി ഷെയ്മിങ് നടത്തിയെന്നുമാരോപിച്ച് രൂക്ഷ വിമർശനവുമായാണ് വസുന്ധരരാജെ രംഗത്തെത്തിയത്.
ശരത് യാദവിന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചുവെന്നാണ് വസുന്ധര രാജെ പ്രതികരിച്ചത്. ശരദ് യാദവ് തന്നെ അപമാനിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. രാജസ്ഥാനിലെ ബിജെപി നേതൃത്വം ശരദ് യാദവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയും നൽകിയിരുന്നു.
ഞാനുമായും എന്റെ കുടുംബവുമായും അടുത്തബന്ധം പുലർത്തുന്ന വ്യക്തിയാണദ്ദേഹം. എന്നിട്ടും എന്നെ കുറിച്ച് അദ്ദേഹം മോശമായി സംസാരിച്ചു. ഇത്തരം പരാമർശങ്ങൾ യുവാക്കൾ മാതൃകയാക്കി എടുത്താൽ എങ്ങനെ ഇരിക്കും. എന്നെ മാത്രമല്ല, ഇന്ത്യയിലെ സ്ത്രീകളെ തന്നെ അപമാനിക്കുന്നതിന് തുല്യമാണിത്. ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം -അവർ പറഞ്ഞു.
വസുന്ധരയ്‌ക്കെതിരായ പരാമർശം വിവാദമായതോടെ മണിക്കൂറുകൾക്കുള്ളിൽ താൻ തമാശ പറഞ്ഞതായിരുന്നുവെന്ന വിശദീകരണവുമായി ശരദ് യാദവ് രംഗത്തെത്തി. 'അതൊരു തമാശയായിരുന്നു. വസുന്ധര രാജെയെ മുറിപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. വളരെ നാളായി അടുത്ത് അറിയാവുന്നവരാണ്. തടി കൂടുന്നുവെന്ന് അവരെ കണ്ടപ്പോൾ നേരിട്ട് പറഞ്ഞിരുന്നു'-ശരദ് യാദവ് പറഞ്ഞു.

Latest News