കൊമേഡിയനായി ഉത്തരേന്ത്യയില്‍ വന്‍ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ താരമാണ് കപില്‍ ശര്‍മ്മ. 'കപില്‍ ഷോ' എന്ന പരിപാടിയിലൂടെ ബോളിവുഡില്‍ ചുവടുവെച്ച കപില്‍ ശര്‍മ്മയുടെ വിവാഹമാണ് ഇപ്പോള്‍ ബോളിവുഡിലെ സംസാര വിഷയം.
ജലന്ധര്‍ സ്വദേശിയും നടിയുമായ ഗിന്നി ചത്രത്തിനെയാണ് കപില്‍ വിവാഹം ചെയ്യുന്നത്. ഭക്ഷണപ്രിയരായ ഇരുവരുടെയും വിവാഹ ക്ഷണക്കത്താണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
ക്ഷണക്കത്ത് നല്‍കുന്നത് മുതല്‍ തന്നെ ഭക്ഷണക്കാര്യത്തില്‍ ആര്‍ഭാടമാകുകയാണ് ഇരുവരുടെയും വിവാഹം. ഒരു പെട്ടി മധുരവുമായാണ് കപില്‍-ഗിന്നി ക്ഷണക്കത്ത് പ്രിയപ്പെട്ടവരെ തേടിയെത്തിയത്. ക്ഷണക്കത്തിനൊപ്പം മധുരം നിറച്ച പെട്ടി നല്‍കുന്നത് വടക്കേ ഇന്ത്യയില്‍ ചടങ്ങുകളുടെ ഭാഗമാണ്. വൈവിധ്യമാര്‍ന്ന മധുരപലഹാരങ്ങള്‍ നിറച്ച വലിയ പെട്ടി നല്‍കുന്നു എന്നതാണ് കപില്‍ഗിന്നി വിവാഹക്ഷണക്കത്തിനെ വ്യത്യസ്തമാക്കുന്നത്.
വെറും മധുരം മാത്രമല്ല, ഉണക്കിയ 'ഫ്രൂട്ട്‌സ്', 'നട്ട്‌സ്' ഇവയെല്ലാം നിറച്ച മധുരമാണ് പെട്ടിയിലുള്ളത്. ക്ഷണക്കത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് പങ്ക് വെച്ചത്. ഡിസംബര്‍ 12നാണ് ഇരുവരുടെയും വിവാഹം.