ചണ്ഡീഗഡ്- അതിര്‍ത്തിക്കപ്പുറത്ത് 2016 ല്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെ രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് റിട്ട. ലഫ്. ജനറല്‍ ഡി.എസ്.ഹൂഡ. മിന്നലാക്രമണത്തിന് ആവശ്യത്തിലധികം പ്രചാരണം നല്‍കിക്കഴിഞ്ഞു. കാര്യങ്ങള്‍ പര്‍വതീകരിച്ച് പ്രചരിപ്പിക്കുന്നത് സൈന്യത്തിന് ഒരിക്കലും ഗുണകരമാവില്ലെന്നും ഹൂഡ പറഞ്ഞു. മിന്നലാക്രമണം നടത്തുമ്പോള്‍ വടക്കന്‍ കമാന്‍ഡിന്റെ മേധാവിയായിരുന്നു ഹൂഡ. ചണ്ഡീഗഡില്‍ മിലിട്ടറി ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിന്നലാക്രമണത്തിന്റെ പേരില്‍ വളരെയധികം പ്രചാരണം നടന്നു എന്നാണ് ഞാന്‍ കരുതുന്നത്. മിന്നലാക്രമണം അത്യാവശ്യമായിരുന്നു. ഞങ്ങള്‍ക്കത് ചെയ്തേ മതിയാകുമായിരുന്നുള്ളു. ഇപ്പോഴത് വല്ലാതെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അത് നല്ലതിനാണോ അല്ലയോ എന്ന് രാഷ്ട്രീയക്കാര്‍ മറുപടി പറയേണ്ടിയിരിക്കുന്നു- ഹൂഡ പറഞ്ഞു.
വിജയത്തെക്കുറിച്ച് ആവേശമുണ്ടാവുക സ്വാഭാവികമാണ്. പക്ഷേ, അതേ വിജയത്തിന് അമിതപ്രചാരണം കൊടുക്കുന്നതും രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതും ഗുണത്തേക്കാളുപരി ദോഷമേ ചെയ്യൂ.മിന്നലാക്രമണങ്ങള്‍ അങ്ങേയറ്റം രഹസ്യമായി നടപ്പാക്കുന്നതാണ് ഏറ്റവും നല്ലതെന്നും ഹൂഡ കൂട്ടിച്ചേര്‍ത്തു.