ന്യൂദല്‍ഹി- ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹറില്‍ ഗോവധ അഭ്യൂഹം പ്രചരിപ്പിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ അഴിച്ചുവിട്ട കലാപത്തിനിടെ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങിനെ വെടിവച്ചെന്ന് സംശയിക്കപ്പെടുന്ന സൈനികന് പിടിയിലായി. ഇദ്ദേഹം സേവനം ചെയ്യുന്ന ശ്രീനഗറിലെ സൈനിക യൂണിറ്റാണ് കുറ്റാരോപിതനായ ജീതു മാലിക് (ജീതു ഫൗജി) എന്ന ജവാനെ പിടികൂടിയത്. സോപോറിലായിരുന്നു ഇദ്ദേഹം പോസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. ഇവിടെ എത്തിയ ഉടന്‍ വെള്ളിയാഴ്ച രാത്രിയാണ് സൈന്യം ജീതുവിനെ പിടികൂടിയത്. ഇയാളെ ശനിയാഴ്ച തന്നെ ഉത്തര്‍ പ്രദേശ് പോലീസിനു കൈമാറും. സൈനികനെ അറസ്റ്റ് ചെയ്യാനായി യുപി പോലീസിന്റെ പ്രത്യേക ദൗത്യ സേന ശ്രീനഗറിലെത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്ത ശേഷം ബുലന്ദ്ശഹര്‍ കോടതിയില്‍ ഹാജരാക്കും.
കുറ്റാരോപിതനായ സൈനികനെ പിടികൂടാന്‍ സഹായം തേടി നേരത്തെ യുപി പോലീസ് കരസേനയുടെ നോര്‍ത്തേണ്‍ കമാന്‍ഡിനെ സമീപിച്ചിരുന്നു. അന്വേഷണത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.
കലാപം അന്വേഷിക്കുന്ന പോലീസ് സംഘം ശേഖരിച്ച കലാപ ദിവസത്തെ വിവിധ വിഡിയോ ദൃശ്യങ്ങളില്‍ ജീതു ഫൗജി ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പ് ഇന്‍സ്പെക്ടറുടെ സമീപത്ത് ജീതു നില്‍ക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. അക്രമികളായ ആള്‍ക്കൂട്ടത്തില്‍ ഇയാള്‍ ഉണ്ടായിരുന്നതായി പോലീസിന് ദൃക്സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്ന് മീറത്ത് സോണ്‍ ഐ.ജി റാം കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ക്കു നേരെ വെടിവച്ചത് ഈ സൈനികനാണെന്നും മൊഴിയുണ്ട്. ബുലന്ദ്ശഹറിലെ മഹാവ് സ്വദേശിയാണ് ജീതു ഫൗജി. കലാപ ദിവസം ഇയാള്‍ പ്രദേശത്തുണ്ടായിരുന്നതായി ബന്ധുക്കള്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. സംഭവം ദിവസം വൈകുന്നേരമാണ് ഇയാള്‍ കാര്‍ഗിലിലേക്ക് തിരിച്ചതെന്നും കുടുംബം പറഞ്ഞിരുന്നു.
പോലീസ് ഓഫീസറെ കൊലപ്പെടുത്തിയത് തന്റെ മകനാണെന്ന് തെളിഞ്ഞാല്‍ താന്‍ തന്നെ അവനെ കൊല്ലുമെന്ന് ജീതുവിന്റെ അമ്മ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.