വിയന്ന - ആഗോള വിപണിയിൽ എണ്ണ വിലയിടിച്ചിൽ തടയുന്നതിന് പ്രതിദിന ഉൽപാദനത്തിൽ 12 ലക്ഷം ബാരലിന്റെ കുറവ് വരുത്താൻ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള റഷ്യ ഉൾപ്പെടെയുള്ള സഖ്യരാജ്യങ്ങളും ധാരണയിലെത്തി. ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ ചേർന്ന ഒപെക് പ്ലസ് യോഗത്തിലാണ് ഉൽപാദനം കുറക്കാൻ ഒപെക്കും സംഘടനക്ക് പുറത്തുള്ള പ്രധാന ഉൽപാദക രാജ്യങ്ങളും ധാരണയിലെത്തിയത്. ഒപെക് രാജ്യങ്ങൾ പ്രതിദിന ഉൽപാദനത്തിൽ എട്ടു ലക്ഷം ബാരലിന്റെയും സംഘടനക്ക് പുറത്തുള്ള രാജ്യങ്ങൾ നാലു ലക്ഷം ബാരലിന്റെയും കുറവാണ് വരുത്തുക.
ഒപെക് പ്ലസ് തീരുമാനം പുറത്തു വന്നതിനു പിന്നാലെ ആഗോള വിപണിയിൽ എണ്ണ വില 5.4 ശതമാനം തോതിൽ വർധിച്ചു. എണ്ണ വില താഴ്ന്ന തോതിൽ നിലനിർത്തുന്നതിന് നിലവിലെ ഉൽപാദന നിലവാരത്തിൽ കുറവ് വരുത്തരുതെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഉൽപാദനം കുറക്കുന്നതിനുള്ള പുതിയ തീരുമാനം അമേരിക്കൻ പ്രസിഡന്റിനെ രോഷാകുലനാക്കുന്നതിനുള്ള സാധ്യത കൂടുതലാണെന്ന് വിലയിരുത്തപ്പെടുന്നു. രണ്ടു ദിവസം നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് ഉൽപാദനം കുറക്കുന്ന കാര്യത്തിൽ ഒപെക് രാജ്യങ്ങളും സംഘടനക്ക് പുറത്തുള്ള രാജ്യങ്ങളും ധാരണയിലെത്തിയത്. ഇക്കാര്യത്തിൽ മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നതിൽ ഒപെക്കിന് പുറത്തുള്ള പ്രധാന ഉൽപാദകരായ റഷ്യ വലിയ പങ്ക് വഹിച്ചു. 25 രാജ്യങ്ങൾ അംഗങ്ങളായ ഒപെക് പ്ലസ് കഴിഞ്ഞ വർഷാദ്യം ഉൽപാദനം കുറക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഫലമായി എണ്ണ വില ഉയരുകയും ഒക്‌ടോബറിൽ എണ്ണ വില ബാരലിന് 85 ഡോളറിന് മുകളിലെത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം വില വലിയ തോതിൽ കുറഞ്ഞു. കഴിഞ്ഞ മാസം എണ്ണ വില 60 ഡോളറിന് താഴേക്ക് പോയി. ഒക്‌ടോബർ മുതൽ എണ്ണ വില 30 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്.
പ്രതിദിന ഉൽപാദനത്തിൽ പന്ത്രണ്ടു ലക്ഷം ബാരലിന്റെ കുറവ് വരുത്തുന്നതിനുള്ള ഒപെക് പ്ലസ് തീരുമാനം അപ്രതീക്ഷിതമായിരുന്നു. പ്രതിദിന ഉൽപാദനത്തിൽ പത്തു ലക്ഷം ബാരലിന്റെ കുറവ് വരുത്തണമെന്ന നിർദേശത്തിൽ ഊന്നിയായിരുന്നു നേരത്തെ ചർച്ചകൾ നടന്നത്. ആകെ പത്തു ലക്ഷം ബാരലിന്റെ കുറവ് വരുത്തുമ്പോൾ ഒപെക് രാജ്യങ്ങൾ ആറര ലക്ഷം ബാരൽ തോതിൽ ഉൽപാദനത്തിൽ കുറവ് വരുത്തുമെന്നാണ് നേരത്തെ പുറത്തു വന്നിരുന്നത്. പുതിയ ധാരണ പ്രകാരം റഷ്യ പ്രതിദിന ഉൽപാദനത്തിൽ രണ്ടു ലക്ഷം ബാരലിന്റെ കുറവ് വരുത്തും.