ബോളിവുഡ് താരങ്ങളായ കത്രീന കൈഫും രണ്‍ബീര്‍ കപൂറും തമ്മിലുള്ള പ്രണയം മാധ്യമങ്ങള്‍ നന്നായി ആഘോഷിച്ച ബന്ധമായിരുന്നു. പക്ഷെ ആറു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും പിരിഞ്ഞു. ഇരുവരും വിവാഹിതരാവുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയുണ്ടായ വേര്‍പിരിയല്‍ ആരാധകരില്‍ വലിയ ഞെട്ടലുളവാക്കുന്നതായിരുന്നു. എന്നാല്‍ രണ്‍ബീറുമായുള്ള പ്രണയത്തകര്‍ച്ച അനുഗ്രഹമായെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കത്രീന.
പ്രണയത്തകര്‍ച്ചയെ ഒരു അനുഗ്രഹമായി കാണുന്നു. കാരണം എന്റെ രീതികളെ, ചിന്തകളെ വ്യക്തമായി മനസ്സിലാക്കാനും ജീവിതത്തെ കൂടുതല്‍ കരുതലോടെ കാണാനും അതിലൂടെ കഴിഞ്ഞുവെന്നും കത്രീന പറഞ്ഞു. എന്നെക്കുറിച്ച് തന്നെ എനിക്ക് ഒന്നും അറിയില്ലായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായത്. വേര്‍പിരിയല്‍ സ്വയം വിലയിരുത്തലിനും എന്നെ തിരിച്ചറിയുന്നതിനും സഹായിച്ചു.
മറ്റൊരു കാഴ്ചപ്പാടിലൂടെയാണ് ഇപ്പോള്‍ കാര്യങ്ങളെ നോക്കി കാണുന്നത്. കരിയര്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വ്യക്തി ബന്ധങ്ങളും വലിയ ചര്‍ച്ചയായിട്ടുണ്ട്. മറ്റൊരാളില്‍ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുമ്പോള്‍ സ്വയം നോക്കാന്‍ പലപ്പോഴും മറന്നു പോകും. ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ചുമലിലേല്‍ക്കുമ്പോള്‍ അതിന് മാറ്റം വരുമെന്നും കത്രീന കൂട്ടിച്ചേര്‍ത്തു.
രണ്‍ബീര്‍ ആലിയ ഭട്ടുമായി ഡേറ്റിങ്ങിലാണ്.