അമേരിക്കന്‍ ഗായകന്‍ നിക് ജോനാസുമായുള്ള വിവാഹ ശേഷം പ്രിയങ്ക ചോപ്രയെ അഴിമതിക്കാരിയും വഞ്ചകിയുമാക്കി ചിത്രീകരിച്ച് ഒരു അമേരിക്കന്‍ മാധ്യമം രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ അധിക്ഷേപങ്ങള്‍ക്കു പിന്നാലെ നടിയ്ക്ക് ആദരവ് ലഭിച്ചിരിക്കുകയാണ്. ലോകത്തിലെ കരുത്തുറ്റ നൂറ് വനിതകളിലൊരാളായാണ് പ്രിയങ്ക ചോപ്രയെ തിരഞ്ഞെടുത്തിരിക്കുന്നത്. സെലിബ്രിറ്റികള്‍ക്കിടയില്‍ ഫോബ്‌സ് മാസിക വര്‍ഷം തോറും നടത്തി വരാറുള്ള സര്‍വേയിലാണ് നടി പട്ടികയിലിടം നേടിയത്. തന്റേതായ ശ്രമങ്ങളിലൂടെ സമൂഹത്തില്‍ പരിണാമങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സെലിബ്രിറ്റികളായ നൂറു വനിതകളെയാണ് ഫോബ്‌സ് മാസിക ഈ വിഭാഗത്തില്‍ തെരഞ്ഞെടുത്തത്. നാലു ഇന്ത്യന്‍ വനിതകളെയാണ് ഇത്തവണ പട്ടികയിലുള്ളത്.
എച്ച് സി എല്ലിന്റെ സി ഇ ഒ റോഷ്‌നി നഡാര്‍ മല്‍ഹോത്ര, വ്യവസായി കിരണ്‍ മസുംദര്‍ ഷാ, എച്ച് ടി മീഡിയ ചെയര്‍പേഴ്‌സണ്‍ ശോഭന ഭാര്‍ട്ടിയ എന്നിവരാണ് പ്രിയങ്കക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മറ്റു ഇന്ത്യക്കാര്‍. കഴിഞ്ഞ വര്‍ഷവും ഇതേ പട്ടികയില്‍ പ്രിയങ്ക ഇടം നേടിയിരുന്നു. അതേസമയം, നികുമായുള്ള വിവാഹ ശേഷം പ്രിയങ്ക ചോപ്രയെ അഴിമതിക്കാരിയും വഞ്ചകിയുമാക്കി ചിത്രീകരിച്ച് അമേരിക്കന്‍ മാധ്യമം രംഗത്തെത്തിയിരുന്നു. 'ഗ്ലോബല്‍ സ്‌കാം ആര്‍ടിസ്റ്റ്' എന്നു വിശേഷിപ്പിച്ച് വംശീയത നിറഞ്ഞ നിരവധി പരാമര്‍ശങ്ങളാണ് ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. സംഭവം വിവാദമായതോടെ ബോളിവുഡ് ഒന്നടങ്കം പ്രതിഷേധവുമായി എത്തി. പിന്നാലെ മാഗസിന്‍ വിവാദ ലേഖനം നീക്കുകയും മാപ്പു പറയുകയും ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും താനിപ്പോള്‍ അതീവ സന്തോഷവതിയാണെന്നുമാണ് പ്രിയങ്ക പറഞ്ഞത്.