കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറില്‍ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന ബി.ജെ.പിയുടെ രഥ യാത്രയ്ക്ക് അനുമതി നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കല്‍ക്കട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുമ്പാകെ വ്യക്തമാക്കി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് രഥ യാത്ര ഉല്‍ഘാടനം ചെയ്യാനെത്തുന്നത്. അഡ്വക്കെറ്റ് ജനറലാണ് സര്‍ക്കാര്‍ തീരുമാനം കോടതിയെ വ്യാഴാഴ്ച അറിയിച്ചത്. യാത്രയ്ക്ക് അനുമതി തേടിയുളള അപേക്ഷ ബന്ധപ്പെട്ട അധികാരികള്‍ക്കല്ല ബി.ജെ.പി സമര്‍പ്പിച്ചതെന്നും ഈ കത്തിലെ ഉള്ളടക്കത്തില്‍ വ്യക്തതയില്ലെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഏത് അധികാരികള്‍ക്കാണ് അപേക്ഷ നല്‍കേണ്ടെന്നത് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം നല്‍കേണ്ടിയിരുന്നുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനം വ്യാഴാഴ്ച അറിയിക്കാമെന്ന് അഡ്വക്കെറ്റ് ജനറല്‍ കോടതിയെ അറിയിക്കുകയായിരുന്നു.
നിരവധി തവണ കത്തു നല്‍കിയിട്ടും സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന് ബി.ജെ.പിക്കു വേണ്ടി അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. സംസ്ഥാനത്തെ 294 നിയമസഭാ മണ്ഡലങ്ങളിലൂടെ 40 ദിവസത്തിലേറെ നീണ്ടു നില്‍ക്കുന്ന യാത്രയ്ക്ക് വഴിയൊരുക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിടണമെന്നാവശ്യപ്പെട്ട് നവംബര്‍ 30നാണ് ബി.ജെ.പി ഹൈക്കോടതിയെ സമീപിച്ചത്.
സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കിലും രഥ യാത്രയുമായി മുന്നോട്ടു പോകുമെന്ന് ബി.ജെ.പി നേതൃത്വം കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഗണതന്ത്ര ബചാവോ യാത്ര എന്ന പേരില്‍ ജനാധിപത്യ സംക്ഷണം ആവശ്യപ്പെട്ടുളള രഥയാത്രയാണ് ബി.ജെ.പി സംഘടിപ്പിക്കുന്നത്. മൂന്ന് രഥങ്ങളിലായി മൂന്നിടത്തു നിന്നാണ് യാത്രയുടെ തുടക്കം. ശീതീകരിച്ച ബസാണ് രഥം. ആദ്യ യാത്ര കൂച് ബെഹാറിലെ മദന്‍ മോഹന്‍ ക്ഷേത്ര പരിസരത്തു നിന്നും നാളെ ആരംഭിക്കാനിരിക്കുകയാണ്. രണ്ടാം യാത്ര ഡിസംബര്‍ ഒമ്പതിന് ഹൂഗ്ലി നദി-ബംഗാള്‍ ഉള്‍ക്കെടല്‍ സംഗമ സ്ഥലത്തിനടുത്ത കാക്ദ്വിപി നിന്നും മൂന്നാമത്തേത് ക്ഷേത്ര പട്ടണമായ താരാപീഠില്‍ നിന്ന് ഡിസംബര്‍ 14നും ആരംഭിക്കും. യാത്രയ്ക്കിടെ ദുര്‍ഗാപൂര്‍, മാള്‍ഡ, ശ്രിരാംപൂര്‍, കൃഷണനഗര്‍ എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പൊതുറാലികളില്‍ പങ്കെടുക്കും.