ചോക്കളേറ്റ് നായകനിൽനിന്ന് പരുക്കൻ വില്ലനിലേക്ക്. ഒരിടവേളക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയ ഹേമന്ത് മേനോൻ ഇത്തരമൊരു ഭാവ പകർച്ചയിലാണ്. ഫാസിൽ സിനിമാലോകത്തേക്ക് കൈപിടിച്ചുകൊണ്ടുവന്ന ഈ സുന്ദരൻ, ഇപ്പോൾ തന്റെ ഇമേജ് അപ്പാടെ മാറ്റി. ഓർഡിനറി, ഡോക്ടർ ലൗ എന്നീ ചിത്രങ്ങളിൽ കണ്ട കാമുകനല്ല ഇപ്പോൾ ഹേമന്ത്. പരുക്കൻ മുഖവും ഉറച്ച മസിലുകളുമായി ഒരു തഗ് ലുക്ക്. '369' എന്ന ചിത്രത്തിൽ ഹേമന്ത് എത്തുന്നത് ഈ മേക്കോവറിലാണ്.സിനിമ മികച്ച പ്രതികരണം നേടുന്നുണ്ട്.
ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗെതർ ആയിരുന്നു ഹേമന്തിന്റെ ആദ്യ ചിത്രം. തുടർന്നും പല ചിത്രങ്ങളിലും ഈ യുവ നടൻ അഭിനയിച്ചുവെങ്കിലും മിക്കവയിലും കാമുക വേഷങ്ങളായിരുന്നു. ഇതോടെയാണ് ഒന്നു വിട്ടുനിൽക്കാൻ ഹേമന്ത് തീരുമാനിച്ചത്. പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു തിരിച്ചുവരവ്. അജിത് സി ലോഗേഷ് സംവിധാനം ചെയ്ത ചാർമിനാർ എന്ന ചിത്രത്തിൽ വില്ലനായി. ഹേമന്തിന്റെ ഉറച്ച ശരീരം, വില്ലൻ കഥാപാത്രത്തിന് ചേരുന്നതുമായി. അതുകഴിഞ്ഞ് ജെഫിൻ ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 369ൽ നായക വേഷത്തിൽതന്നെ എത്തിയിരിക്കുന്നു.
വർക്കൗട്ട് ചെയ്ത് ശരീരം ഉറപ്പിക്കുക മാത്രമല്ല ഇടക്കാലത്ത് ഹേമന്ത് ചെയ്തത്. അഭിനയത്തിലും പക്വത കൈവരിച്ചിരിക്കുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും തിരിയാനുള്ള തയാറെടുപ്പിലാണ് ഹേമന്ത് മേനോൻ.