വലിയ പക്ഷി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ ഉപഗ്രഹം ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. 5,845 കിലോഗ്രാ0 ഭാരമുള്ള ജിസാറ്റ് 11 ഇന്ത്യയിലെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണ്. ഫ്രഞ്ച് ഗയാന സ്‌പേസ് സെന്ററില്‍ നിന്നുമായിരുന്നു വിക്ഷേപണം. ഇന്ന് പുലര്‍ച്ചെ 2.07നും 3.23നും ഇടയിലായിരുന്നു വിക്ഷേപണം. 'എരിയന്‍ 5' റോക്കറ്റാണ് ജി സാറ്റുമായി ബഹിരാകാശത്തേക്ക് കുതിച്ചത്.
രാജ്യത്ത് 16 ജി.ബി.പി.എസ്. വേഗത്തിലുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കാനാകുമെന്നതാണ് ഈ വാര്‍ത്താവിനിമയ ഉപഗ്രഹത്തിന്റെ പ്രത്യേകത.
ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഉപഗ്രഹശ്രേണിയിലെ മുന്‍ഗാമിയായിട്ടാണ് ജിസാറ്റ് 11 വിലയിരുത്തപ്പെടുന്നത്. ഈ ഉപഗ്രഹം പ്രവര്‍ത്തന ക്ഷമമാകുന്നതോടെ ആശയവിനിമയ രംഗത്ത് ഇപ്പോഴുള്ളതിന്റെ ഇരട്ടി വേഗത കൈവരിക്കാന്‍ കഴിയും. 1200 കോടി രൂപ ചിലവായ ഉപഗ്രഹത്തിന്റെ കാലാവധി 15 വര്‍ഷമാണ്. റേഡിയോ സിഗ്‌നല്‍ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാന്‍സ്‌പോണ്ടറുകള്‍ ഉപഗ്രഹത്തിലുണ്ട്. ജിസാറ്റ് ശ്രേണിയില്‍ ജിസാറ്റ് 19, ജിസാറ്റ് 29 എന്നീ ഉപഗ്രഹങ്ങള്‍ ഇന്ത്യ നേരത്തെ വിക്ഷേപിച്ചിരുന്നു. ശ്രേണിയിലെ അടുത്ത ഉപഗ്രഹമായി ജിസാറ്റ്20 അടുത്ത വര്‍ഷത്തോടെ ഇന്ത്യ ഭ്രമണപഥത്തില്‍ എത്തിക്കും. ഇതോടെ ഇന്ത്യയില്‍ 100 ജിബിപിഎസ് വേഗത്തിലുള്ള ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം ആദ്യം മെയ് 26 ന് ജിസാറ്റിന്റെ വിക്ഷേപണം നടത്താനായിരുന്നു ഐഎസ്ആര്‍ഒ നേരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ചില പിശകുകളും പോരായ്മകളും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിക്ഷേപണം നീട്ടിവെക്കുകയായിരുന്നു.