തീവ്രമായ പ്രണയത്തിന്റെ ഓര്‍മകളിലേക്ക് പ്രേക്ഷകരെ കൈപിടിച്ചു കൊണ്ടുപോകുന്ന ചിത്രമായിരുന്നു 96. നമ്മളില്‍ പലരിലും ഉണ്ടാകാവുന്ന ഒരു നഷ്ടപ്രണയവും അതിലുപരി ഗൃഹാതുരമായ സ്‌കൂള്‍ ജീവിതത്തിന്റേയും ചിത്രങ്ങള്‍ സിനിമയില്‍ മുന്‍പും കണ്ടിട്ടുണ്ടാകാം, പക്ഷേ അതിനെ രണ്ടുപേരിലേക്കു മാത്രമായി ചുരുക്കിയാല്‍, രണ്ടുപേരുടെ ലോകത്തിലേക്കു മാത്രം കൂട്ടിക്കൊണ്ടുപോയാല്‍ എന്തു സംഭവിക്കുമെന്ന് സി. പ്രേംകുമാര്‍ 96ലൂടെ കാണിച്ചുതന്നു. വിജയ് സേതുപതിയും തൃഷയുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയത്. ചിത്രത്തില്‍ നിന്ന് നീക്കം ചെയ്ത ചില രംഗങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് പുതിയ രംഗം പുറത്ത് വിട്ടത്. ഗായിക എസ്. ജാനകി അഭിനയിച്ച ഒരു രംഗവും നേരത്തേ പുറത്ത് വിട്ടിരുന്നു. റാമും ജാനുവും ചെന്നൈയിലുള്ള എസ്.ജാനകിയുടെ വീട് സന്ദര്‍ശിക്കുന്നതും ജാനു ജാനകിക്ക് പാട്ട് പാടി നല്‍കുന്നതുമായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. എന്നാല്‍ ആ രംഗം ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ചിത്രത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടാണ് അണിയറ പ്രവര്‍ത്തകര്‍ രംഗം ഒഴിവാക്കിയതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എസ്. ജാനകിയെപ്പോലെ പ്രശസ്ത ഗായികയുടെ വീട്ടില്‍ അര്‍ധരാത്രി പ്രവേശിക്കാന്‍ കഴിയില്ല എന്നതായിരുന്നു കാരണം.