ബുലന്ദ്ഷഹര്‍- ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഒരു ഗ്രാമത്തില്‍ 25 പശുക്കളുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ കൊല്ലപ്പെട്ട പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് കോളിളക്കം സൃഷ്ടിച്ച ദാദ്രി ആള്‍ക്കൂട്ട കൊലക്കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥന്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ രാജ്യത്തെ ആദ്യ ആള്കൂട്ടകൊലപാതകമായിരുന്നു 2015ല്‍ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെതിരായ ആക്രമണം. ഗോമാംസം സൂക്ഷിച്ചെന്ന് ആരോപിച്ച് അഖ്ലാഖിനെ ഹിന്ദുത്വര്‍ അടിച്ചു കൊല്ലുകയായിരുന്നു. ദാദ്രി അഖ്ലാഖ് കൊലക്കേസിലെ ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസറായിരുന്ന സുബോധ് തെളിവുകള്‍ കൃത്യസമയത്ത് തന്നെ ലാബ് പരിശോധനയ്ക്ക് എത്തിക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ സര്‍ക്കാര്‍ സുബോധ് കുമാറിനെ വരാണസിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
ബുലന്ദ്ഷഹര്‍ കലാപത്തില്‍ സുബോധ് കൊല്ലപ്പെട്ടതു സംബന്ധിച്ച് സംശയങ്ങളും ഉയര്‍ന്നു. തലയ്ക്ക് പ്രഹരമേറ്റതിനു പുറമെ വെടിയേറ്റതായും പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. കലാപ ദിവസം രണ്ടു തവണ സുബോധിനെതിരെ ആക്രമണം ഉണ്ടായി. പോലീസ് വാഹനത്തില്‍ വച്ചാണ് സുബോധ് ആക്രമിക്കപ്പെട്ടത്. മര്‍ദനമേറ്റ് വാഹനത്തില്‍ നിന്ന് പുറത്തേക്ക് വീഴുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്. ഇതിനിടെ ആക്രമികള്‍ സുബോധിന്റെ സര്‍വീസ് റിവോള്വളും തട്ടിയെടുത്തു. ആദ്യ ആക്രമണം നടന്ന ഉടന്‍ സുബോധിനെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും കലാപകാരികള്‍ വാഹനം തടഞ്ഞു നിര്‍ത്തിയതായി സുബേധിന്റെ ഡ്രൈവര്‍ റാം അസ്റെ പറഞ്ഞു. ഇതോടെ സുബോധിനെതിരെ ആസുത്രിതമായ നീക്കം നടന്നതായി സംശയങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. കേസില്‍ മുന്നൂറോളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ആരും അറസ്റ്റിലായിട്ടില്ല.