ചാപിളളയായി പിറന്ന തന്റെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു നില്‍ക്കുന്ന മോഡലിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. റഷ്യയിലെ പ്രശസ്ത മോഡലും ബ്യൂട്ടി ബ്ലോഗറുമായ 27കാരി യാന യറ്റസ്‌കോവ്‌സക്യയാണ് പ്രസവത്തില്‍ മരിച്ച കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
കുഞ്ഞ് നഷ്ടപ്പെട്ട അമ്മയുടെ വേദന ചിത്രത്തില്‍ വ്യക്തമായിരുന്നു. ലോകത്തിലെ പലകോണില്‍നിന്നായി ആയിരക്കണക്കിന് ആളുകളാണ് യാനയെ സമാധാനപ്പെടുത്താനായി എത്തിയത്. ആറുമാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ ഭര്‍ത്താവിനും മൂന്നുവയസുളള മകള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ മാലിദ്വീപില്‍ യാത്ര പോയിരുന്നു. ആ സമയത്ത് ഗര്‍ഭസ്ഥ ശിശുവിന്റെ അനക്കം നിലച്ച പോലെ യാനയ്ക്ക് തോന്നുകയും അവിടെ ഒരു പ്രാദേശിക ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.
പരിശോധനയില്‍ കുഞ്ഞിന്റെ ഹൃദയമിടിക്കുന്നില്ലെന്ന് ഡോക്ടര്‍ യാനയെ അറിയിച്ചു. തുടര്‍ന്ന് മാലിദ്വീപില്‍ നിന്ന് മോസ്‌കോയിലെ വീട്ടിലെത്തിയ യാന കുഞ്ഞിനെ വീട്ടില്‍വെച്ച് പ്രസവിക്കുകയായിരുന്നു. എന്നാല്‍ പ്രസവം സംബന്ധിച്ച് ഒരു വിവരവും യാന പുറത്തുവിട്ടിട്ടില്ല. എന്റെ കുഞ്ഞിനെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും തന്റെ അടുത്തുനിന്നും ആര്‍ക്കും കുഞ്ഞിനെ കൊണ്ടുപോകാന്‍ കഴിയില്ലെന്നും യാന പറഞ്ഞു. അവനെ ഞാന്‍ വീട്ടില്‍
വച്ചാണ് പ്രസവിച്ചത്, അവനെ ഞങ്ങള്‍ അടക്കം ചെയ്യും. കാരണം അവനീ വീട്ടിലെ അംഗമാണ്. അവന്‍ ഒരു മാലാഖയായി തന്റെ കുടുംബത്തെ സംരക്ഷിക്കുമെന്നും യാന പറഞ്ഞു. കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട ഓരോ അമ്മമാര്‍ക്കുമായാണ് താനീ ചിത്രം പങ്കുവച്ചതെന്നും യാന പറയുന്നു.