ന്യൂദല്‍ഹി- ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്തെ അടയാളപ്പെടുത്തി 'ക്ഷേത്രം ഇവിടെ പണിയും' എന്ന് എഴുതിച്ചേര്‍ത്തത് ഗൂഗ്ള്‍ മാപില്‍ നിന്ന് നീക്കം ചെയ്തു. വര്‍ഗീയ വിദ്വേഷവുമായി പ്രചാരണം നടത്തുന്ന സംഘപരിവാര്‍ പരിവാര്‍ സംഘടനകളുടെ മുദ്രാവാക്യമാണിത്. ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലം രാമജന്മഭൂമിയാണെന്ന് വാദിക്കുന്നവരാണ് ക്ഷേത്രം ഇവിടെ പണിയുമെന്ന മുദ്രാവാക്യം മുഴക്കുന്നവര്‍. മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്തു തന്നെ ക്ഷേത്രം പണിയണമെന്നാണ് ഇവരുടെ ആവശ്യം. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഗൂഗ്ള്‍ മാപില്‍ ലോകേഷന്‍ ഇന്‍ഡിക്കേറ്ററായി 'മന്ദിര്‍ യെഹാം ബനായേംഗെ' എന്ന് എഴുതിച്ചേര്‍ക്കപ്പെട്ടത് പുറത്തായത്. ഇതിനെ ചൊല്ലി സമൂഹ മാധ്യമങ്ങളില്‍ വിവാദമുണ്ടാകുകയും ചെയ്തു.
സഹായകരമാല്ലാത്ത ലൊക്കേഷന്‍ ഇന്‍ഡിക്കേറ്റര്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തത് ഉപയോക്താക്കളുടെ വീഴ്ചയാണെന്ന് ഗൂഗ്ള്‍ പ്രതികരിച്ചിരുന്നു. ഇതു പരിഹരിച്ചെന്നും അടയാളപ്പെടുത്തിയത് നീക്കം ചെയ്‌തെന്നും ഗൂഗ്ള്‍ അറിയിച്ചു. നേരത്തെ ഗൂഗ്ള്‍ മാപില്‍ രാമ ജന്മഭൂമി എന്ന് സേര്‍ച്ച് ചെയ്താല്‍ റിസല്‍ട്ടില്‍ വിവാദ അടയാളപ്പെടുത്തല്‍ കാണിച്ചിരുന്നു. ഇത് ഇപ്പോള്‍ കാണിക്കുന്നില്ല.
രാമന്റെ ജന്മസ്ഥലമാണെന്ന് വാദിച്ച് ആര്‍.എസ്.എസ് കര്‍സേവകര്‍ 1992 ഡിസംബര്‍ ആറിനാണ് അയോധ്യയില്‍ മുഗള്‍ ഭരണകാലത്ത് സ്ഥാപിക്കപ്പെട്ട ബാബരി മസ്ജിദ് തകര്‍ത്തത്. രാജ്യത്തുടനീളം വര്‍ഗീയ കലാപങ്ങള്‍ക്കി വഴിവച്ച ഈ അക്രമത്തിന് തുടക്കമിട്ടത് വിശ്വഹിന്ദു പരിഷത്തും ബി.ജെ.പിയും തുടക്കമിട്ട വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങളെ തുടര്‍ന്നായിരുന്നു.