ജിദ്ദ- ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടും സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തും ലഭിക്കുന്ന സന്ദേശങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സൗദി ടെലിക്കോം കമ്പനി (എസ്.ടി.സി) ഉപഭോക്താക്കളെ ഉണര്‍ത്തി.
എസ്.എം.എസ് ആയും വാട്‌സാപ്പ് സന്ദേശങ്ങളായുമാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത്. എ.ടി.എം കാര്‍ഡ് ബ്ലോക്ക് ചെയ്തുവെന്നും പുനരാരംഭിക്കണമെങ്കില്‍ ബന്ധപ്പെടേണ്ട നമ്പര്‍ നല്‍കിയും തട്ടിപ്പുകാരുടെ മെസേജുകള്‍ വരുന്നു. പ്രശസ്ത കമ്പനികളുടെ സമ്മാനം അടിച്ചുവെന്നതാണ് മറ്റു ചില സന്ദേശങ്ങള്‍.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാക്കി ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ നടത്തുന്നതുമുതല്‍ സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിന് നിശ്ചിത തുകയുടെ സവാ റീചര്‍ജ് കാര്‍ഡ് നമ്പറുകള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടുന്നതുവരെ പലവിധമാണ് തട്ടിപ്പുകാരുടെ രീതി.
അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഫോണ്‍ വഴിയോ എസ്.എം.എസ് വഴിയോ ആവശ്യപ്പെടാറില്ലെന്ന് ബാങ്കുകള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഇഖാമ പുതുക്കിയാല്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ബാങ്കിനെ സമീപിക്കാന്‍ ആവശ്യപ്പെട്ട് എസ്.എം.എസ് അയക്കാറുണ്ട്.
തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതിനു പുറമെ, അവരുടെ വിവരങ്ങള്‍ അറിയിക്കാന്‍ എസ്.ടി.സി ആവശ്യപ്പെടുന്നു. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ മെസേജ് അയച്ച നമ്പറും വിവരം നല്‍കുന്നയാളുടെ നമ്പറും 330330 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കുകയാണ് വേണ്ടത്.