ന്യുദല്‍ഹി- സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് വരാനാകില്ലെന്ന് കോടികള്‍ തട്ടി മുങ്ങിയ പിടികിട്ടാപുള്ളി വജ്ര വ്യവസായ നീരവ് മോഡി. ജീവനു ഭീഷണിയുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനയച്ച ഇ-മെയില്‍ മറുപടിയില്‍ മോഡി അറിയിച്ചു. വിദേശത്ത് രഹസ്യമായി കഴിയുന്ന നീരവ് മോഡിയോട്് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി നേരത്തെ പലതവണ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,600 കോടി രൂപ തട്ടി വിദേശത്തേക്ക് കടന്ന ഇദ്ദേഹം എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താന്‍ ഇതുവരെ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. സിംഗപൂര്‍, ഹോങ്കോങ്, ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ഉള്ളതായി പലപ്പോഴായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അവസാനമായി കണ്ടത് ലണ്ടനിലാണ്. മോഡിയെ വി്ട്ടുകിട്ടാനുള്ള അപേക്ഷ ബ്രിട്ടീഷ് കോടതി പരിഗണനയിലാണ്.
ജനങ്ങള്‍ തന്റെ കോലം കത്തിച്ചിരുന്നു. ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും തനിക്ക് ഭീഷണിയാണെന്നും അദ്ദേഹം പറയുന്നു. ശമ്പളം ലഭിക്കാത്ത തന്റെ മുന്‍ജീവനക്കാരും വാടക ലഭിക്കാത്ത ഭൂമി, കെട്ടിട ഉടമകളും സി.ബി.ഐ കണ്ടുകെട്ടിയതോടെ ആഭരണങ്ങള്‍ നഷ്ടമായ തന്റെ ഉപഭോക്താക്കളും മറ്റു പലരും തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ കഴിയില്ലെന്നും ഇമെയില്‍ സന്ദേശതതില്‍ നീരവ് പറയുന്നു.
ഈ കേസിലെ മറ്റൊരു പ്രതിയും മോഡിയുടെ അമ്മാവനുമായ ഗീതാജ്ഞലി ജെംസ് ഉടമ മെഹുല്‍ ചോക്‌സിയും ഇതേ കാരണം പറഞ്ഞ് ഇന്ത്യയിലേക്ക് വരാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ചോക്‌സി ഇപ്പോള്‍ കരീബിയന്‍ രാജ്യമായ ആന്റിഗ്വയില്‍ പൗരത്വമെടുത്ത് ഒളിച്ചു കഴിയുകയാണ്.