വാഷിംഗ്ടണ്‍- മാരിയട്ട് ഹോട്ടല്‍ ശൃംഖലയില്‍നിന്ന് 50 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി വെളിപ്പെടുത്തല്‍. മാരിയട്ട് ഇന്റര്‍നാഷണലിനു കീഴിലുള്ള സ്റ്റാര്‍വുഡ് ഡിവിഷനില്‍നിന്നാണ് അതിഥികളുടെ റിസര്‍വേഷന്‍ വിവരങ്ങള്‍ അജ്ഞാതന്‍ ചോര്‍ത്തിയത്. ഹോട്ടല്‍ ശൃംഖല തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2014 മുതല്‍ ഹാക്കര്‍ക്ക് സ്റ്റാര്‍വുഡ് നെറ്റ്‌വര്‍ക്കില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിച്ചുവെന്നാണ് ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമായത്. ആക്രമിക്കപ്പെട്ട ഡാറ്റാബേസിലുള്ള ഉപഭോക്താക്കളെ വിവരം അറിയിക്കുമെന്നും ഹോട്ടല്‍ ശൃംഖല അറിയിച്ചു. പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, ജനന തീയതി തുടങ്ങി എല്ലാ വിവരങ്ങളും ചോര്‍ന്നിട്ടുണ്ട്. ചില രേഖകളില്‍ പേയ്‌മെന്റ് കാര്‍ഡ് വിവരങ്ങളുമുണ്ട്. എന്നാല്‍ ഇവ എന്‍ക്രിപ്റ്റഡ് ആയതിനാല്‍ ഹാക്കര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ല.
ഷെറാട്ടണ്‍, ലെ മെറീഡിയന്‍, ഡബ്ല്യു ഹോട്ടല്‍സ്, ഷെറാട്ടനു കീഴില്‍ വരുന്ന ഫോര്‍ പോയിന്റസ് എന്നിവയാണ് സ്റ്റാര്‍വുഡ് ബ്രാന്‍ഡുകളില്‍ ഉള്‍പ്പെടുന്നത്.