ന്യൂദൽഹി- തിരിഞ്ഞു നോക്കുമ്പോൾ താൻ സംതൃപ്തനാണെന്നും എന്റെ പ്രതിജ്ഞ ഞാൻ നിറവേറ്റി എന്നാണ് വിശ്വാസമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ്. പതിനെട്ടു വർഷം നീണ്ട ന്യായാധിപ ജീവിതത്തിന് വിരാമമിട്ട് ഇന്നലെ സ്ഥാനമൊഴിഞ്ഞ കുര്യൻ ജോസഫിന് സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ ജഡ്ജി ആകുന്നതിനെ എതിർത്ത ഏക വ്യക്തി എന്റെ ഭാര്യ റുബി ആണെന്നായിരുന്നു ചടങ്ങിൽ മറുപടി പ്രഭാഷണം നടത്തിയ കുര്യൻ ജോസഫ് പറഞ്ഞത്.
മുൾക്കിരീടമാണ് ചുമക്കാൻ പോകുന്നതെന്നായിരുന്നു ഭാര്യയുടെ മുന്നറിയിപ്പ്. എന്നാൽ ആ കിരീടം റോസ് പൂക്കൾ കൊണ്ട് ഉള്ളതാക്കാമെന്ന് ഞാൻ ഭാര്യക്ക് ഉറപ്പ് നൽകിയിരുന്നു. എന്റെ പ്രതിജ്ഞ ഞാൻ നിറവേറ്റിയെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതങ്ങളും ഭാഷയും സംസ്‌കാരവും അടക്കമുള്ള വൈരുധ്യങ്ങളുടേതാണ് ഈ രാജ്യം. വൈരുധ്യങ്ങൾക്കിടയിലും ഇന്ത്യ ഒന്നാകുന്നത് ഭരണഘടന മൂലമാണ്. ഭരണഘടനയെ വ്യാഖ്യാനിക്കുന്ന ജഡ്ജിമാർ രാജ്യത്തിന്റെ വൈരുധ്യം മനസിൽ വയ്ക്കണമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.
ജസ്റ്റിസ് കുര്യനും ഞാനും രാജ്യത്തിന്റെ രണ്ടു ഭാഗങ്ങളിൽ നിന്നാണ് വരുന്നത്. പക്ഷേ ഞങ്ങൾ തമ്മിൽ വളരെ കാലമായി നല്ല സൗഹൃദമാണ്. എല്ലാ പ്രശ്‌നങ്ങൾക്കും കുര്യന് ഒരു പരിഹാരമുണ്ടായിരുന്നു. നല്ല ജഡ്ജിമാർ പോകുമ്പോൾ നല്ല വ്യക്തികൾ ജഡ്ജിമാരായി കടന്നു വരണം. നല്ല ജഡ്ജിമാർക്ക് വേണ്ടിയാണ് ഞങ്ങൾ കൊളീജിയം ശ്രമിക്കുന്നതെന്നും ചടങ്ങിൽ സംസാരിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പറഞ്ഞു.
1960 കൾ മുതൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനെന്ന നിലയിൽ ഒരു കാര്യം ഉറപ്പിച്ച് പറയാം. സുപ്രീം കോടതിയിലെ മികച്ച ജഡ്ജിയെ തെരഞ്ഞെടുക്കാൻ ഒരു വോട്ടെടുപ്പ് നടത്തിയാൽ ഒന്നാം സ്ഥാനം ജസ്റ്റിസ് കുര്യൻ ജോസഫിന് ആകുമെന്നായിരുന്നു ഇന്നലെ വൈകുന്നേരം സുപ്രീം കോടതി ബാർ കൗൺസിൽ നൽകിയ ഔദ്യോഗിക യാത്രയയപ്പിൽ കെ.കെ വേണുഗോപാൽ പറഞ്ഞത്.
അവസാന പ്രവൃത്തി ദിവസമായ ഇന്നലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ഒന്നാം നമ്പർ കോടതിയിൽ ചീഫ് ജസ്റ്റിസിനൊപ്പമിരുന്നായിരുന്നു കുര്യൻ ജോസഫ് കേസുകൾ പരിഗണിച്ചത്. ഹരജികൾ പരിഗണിച്ചു കഴിഞ്ഞപ്പോൾ കേന്ദ്ര സർക്കാരിലെ ഏറ്റവും മുതിർന്ന നിയമ ഉദ്യോഗസ്ഥനായ അറ്റോർണി ജനറലും മറ്റഭിഭാഷകരും അദ്ദേഹത്തെ അനുമോദിച്ച് സംസാരിച്ചു. അദ്ദേഹത്തിന്റെ സൗമ്യമായ സമീപനവും സദാ പുഞ്ചിരി തൂകുന്ന മുഖവുമായിരുന്നു എല്ലാവരും വർണിച്ചത്. ജസ്റ്റിസ് കുര്യൻ ജോസഫിന്റെ പുഞ്ചിരി കോടതിയിൽ ഇനി ലഭിക്കില്ലെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു. കുര്യൻ ജോസഫിന് പകരം വരുന്നയാൾക്കും ഇതേ പുഞ്ചിരി ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസ് പരിശ്രമിക്കണമെന്നായിരുന്നു മുൻ അറ്റോർണി ജനറലായ മുകുൾ റോഹ്തഗിയുടെ നിർദേശം. അതേസമയം, നിങ്ങൾ പുഞ്ചിരിച്ചാൽ മറ്റുള്ളവരും നിങ്ങളോട് പുഞ്ചിരിക്കും. അങ്ങനെ ചിരികൾ മായാതിരിക്കും. പുഞ്ചിരിയോട് കൂടിയാകുമ്പോൾ ജീവിതത്തിന്റെ മൂല്യം കൂടുമെന്നായിരുന്നു അനുമോദന വാക്കുകൾക്ക് മറുപടിയായി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ പ്രതികരണം.
ജസ്റ്റിസ് കുര്യൻ ജോസഫാണ് സുപ്രീം കോടതിയിലെ ഏറ്റവും ജനപ്രിയ ജഡ്ജി എന്നായിരുന്നു സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് പറഞ്ഞത്. സുപ്രീം കോടതിയിലെ ഏറ്റവും മികച്ച ജഡ്ജിയായിരുന്നു ജസ്റ്റിസ് കുര്യനെന്നായിരുന്നു മുതിർന്ന അഭിഭാഷകനായ രാജീവ് ധവാൻ പ്രതികരിച്ചത്. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി ഉറച്ചു നിന്ന ജഡ്ജിയാണ് ജസ്റ്റിസ് ജോസഫെന്നു മാനുഷിക പരിഗണനയോടെയും അനുകമ്പയോടെയുമാണ് അദ്ദേഹം കേസുകൾ പരിഗണിച്ചതെന്നും മുതിർന്ന വനിതാ അഭിഭാഷക ഇന്ദിരാ ജയ്‌സിങ് പറഞ്ഞു.