ന്യൂദൽഹി- ആം ആദ് മി പാർട്ടി നേതാക്കൾ വിദേശയാത്രകളിലൂടെ കള്ളപ്പണം വെളുപ്പിച്ചതായി പുറത്താക്കപ്പെട്ട ദൽഹി മന്ത്രി കപിൽ മിശ്ര ആരോപിച്ചു. ആദായനികുതി വകുപ്പിൽനിന്നു വിവരം മറച്ചുപിടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എ.എ.പി നേതാക്കളുടെ വിദേശയാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മിശ്ര ആരംഭിച്ച നിരാഹാരം അഞ്ചാം ദിവസവും തുടരുകയാണ്.
വ്യാജ കമ്പനികളിൽനിന്നാണ് എ.എ.പി നേതാക്കള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നത്. 16 കടലാസ് കമ്പനികൾ കോടിക്കണക്കിനു രൂപയാണ് എ.എ.പിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്നത്. മോട്ടി നഗറിൽനിന്നുള്ള എ.എ.പി എംഎൽഎ ശിവ്ചരൺ ഗോയലിന്‍റെ പേരിൽ റജിസ്റ്റർ ഈ വ്യാജ കമ്പനികളെന്നും കപില്‍ മിശ്ര പറഞ്ഞു.
രണ്ടു കോടി രൂപയാണ് കെജ് രിവാളിനു നൽകിയത്. ആക്സിസ് ബാങ്കിന്‍റെ ദല്‍ഹി ബ്രാഞ്ചിലേക്കാണ് ഈ പണം കൈമാറിയത്. നോട്ട് അസാധുവാക്കലിനു പിന്നാലെ കള്ളപ്പണം വെളുപ്പിക്കലിന് ഒത്താശ ചെയ്തെന്ന ആരോപണം നേരിട്ട ബ്രാഞ്ചാണിത്. ആക്സിസ് ബാങ്കിന്‍റെ കൃഷ്ണനഗർ ശാഖയിലാണ് എ.എ.പിക്ക് അക്കൗണ്ട് ഉള്ളത്. എല്ലാ ഇടപാടുകളും ഇവിടെയാണു നടക്കുന്നത്. ഡേറ്റ് ഇല്ലാത്ത ഒരു ബാങ്ക് ചെക്കും മിശ്ര പുറത്തുവിട്ടു. ഈ ചെക്ക് മാറി പണം ബാങ്കിൽനിന്ന് പണം എടുത്തു കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
.