പട്‌ന- ഉത്തർപ്രദേശിൽ നിന്ന് പുറപ്പെട്ട തീവണ്ടിയിൽ 50 മനുഷ്യ അസ്ഥികൂടങ്ങൾ. റെയിൽവേ പോലീസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെട്ടത്. ഉത്തർപ്രദേശിൽ നിന്ന് ചൈനയിലേക്ക് കടത്തുകയായിരുന്നു ഇത്. സഞ്ജയ് പ്രസാദ് എന്നയാളെ പോലീസ് പിടികൂടി. ഇയാളിൽ നിന്ന് ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് ലഭിച്ചത്.
ബാലിയ സീൽദാ എക്‌സ്പ്രസിൽ നിന്നാണ് മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തിയത്. തീവണ്ടി ബിഹാറിലെ സരൺ ജില്ലയിലെത്തിയപ്പോഴാണ് സംശയകരമായ നിലയിൽ ചാക്കുകൾ കണ്ടെത്തിയത്. മനുഷ്യ മൃതദേഹങ്ങൾ കടത്തുന്ന സംഘത്തെ കുറിച്ചാണ് പോലീസിന് വിവരം ലഭിച്ചത്. ഏറെ കാലമായി ഈ തരത്തിൽ അസ്ഥികൂടങ്ങൾ കടത്തുന്നു. ചാക്കുകൾ തുറന്നു പരിശോധിച്ചപ്പോൾ എല്ലുകളും തലയോട്ടികളുമായിരുന്നു. ഛാപ്ര റെയിൽവേ സ്‌റ്റേഷനിൽ തീവണ്ടി ഏറെ പിടിച്ചിടേണ്ടി വന്നു.
അറസ്റ്റിലായ സഞ്ജയ് പ്രസാദ് എന്നയാൾ മൃതദേഹങ്ങൾ കടത്തുന്ന സംഘത്തിലെ കണ്ണിയാണ്. ഭൂട്ടാൻ വഴി ചൈനയിലേക്കാണ് അസ്ഥികൂടങ്ങൾ കടത്തുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രസാദ് സമ്മതിച്ചു. ഉത്തർ പ്രദേശിലെ ബാലിയയിൽ നിന്നാണ് അസ്ഥികൾ തീവണ്ടിയിൽ കയറ്റിയത്. പ്രസാദിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു. മൊബൈൽ ഫോണിലെ നമ്പറുകളും അവസാനം വിളിച്ച കോളുകളും പോലീസ് പരിശോധിച്ചു. ചിലത് വിദേശ നമ്പറുകളാണ്. പ്രസാദിൽ നിന്ന് നേപ്പാളിലെയും ഭൂട്ടാനിലെയും നോട്ടുകൾ കണ്ടെത്തി. ഒട്ടേറെ എ.ടി.എം കാർഡുകളും ലഭിച്ചു. രണ്ട് തിരിച്ചറിയൽ രേഖകളും സിം കാർഡുകളും പ്രതിയിൽ നിന്ന് കണ്ടെടുത്തു.
നേപ്പാളിലെ മൊബൈൽ നമ്പറുകളാണ് ഇയാളുടെ മൊബൈലിൽ കൂടുതലുമുള്ളതെന്ന് ഡിവൈ.എസ്.പി മുഹമ്മദ് തൻവീർ പറഞ്ഞു. വെസ്റ്റ് ചമ്പാരൻ ജില്ലയിലെ പഹർപൂരിലെയും പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരിയിലെയും തിരിച്ചറിയൽ കാർഡുകളാണ് പ്രസാദിന്റെ കൈവശമുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിൽ വാങ്ങിയേക്കും. മെഡിക്കൽ വിദ്യാർഥികൾക്ക് പഠനാവശ്യാർഥമായിട്ടാണ് അസ്ഥികൂടങ്ങൾ കടത്തിയതെന്ന് പ്രാഥമിക വിവരം ലഭിച്ചുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ചൈനയിൽ മെഡിക്കൽ കോളേജുകളിൽ അസ്ഥികൂടങ്ങൾ എത്തിച്ചാൽ വൻ തുക ലാഭം കിട്ടും. ഇതിന് വേണ്ടി പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പ്രസാദിനെ ചോദ്യം ചെയ്തതിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
മുമ്പും സമാനമായ രീതിയിൽ ബിഹാറിൽ നിന്ന് അസ്ഥികൂടങ്ങളും മൃതദേഹങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സരൺ ജില്ലയിൽ നിന്ന് തന്നെ 2009ൽ 67 തലയോട്ടികൾ ബസിൽ കടത്തുമ്പോൾ പിടിച്ചെടുത്തിരുന്നു.