Sorry, you need to enable JavaScript to visit this website.

ചെമ്പന്‍ വിനോദിനും ലിജോ ജോസ് പെല്ലിശ്ശേരിയ്ക്കും  ഗോവയില്‍ പുരസ്‌കാരങ്ങള്‍ 

ഗോവന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങി മലയാളം സിനിമ ഈ.മാ.യൗ. മികച്ച നടനായി ചെമ്പന്‍ വിനോദും സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും രജതമയൂര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ഈ.മ.യൗ എന്ന സിനിമയിലെ പ്രകടനത്തിനാണ് മലയാളത്തിന് അഭിമാനമായി ഇരുവരെയും തേടി പുരസ്‌കാരം എത്തിയത്. ഈ രണ്ടു പുരസ്‌കാരങ്ങളും മലയാളികള്‍ക്ക് ഒരുമിച്ച് ലഭിക്കുന്നത് ആദ്യ തവണയാണ്. കഴിഞ്ഞ വര്‍ഷം ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിക്കുള്ള രജതമയൂരം നേടിയിരുന്നു. 
ചെഴിയാന്റെ തമിഴ് ചിത്രം ടു ലൈറ്റ് പ്രത്യേക ജൂറി പരാമര്‍ശം നേടി.  സെര്‍ജി ലോസ്‌നിസ്റ്റ സംവിധാനം ചെയ്ത യുക്രൈനിയന്‍, റഷ്യന്‍ ചിത്രം ഡോണ്‍ബാസിനാണ്  മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണമയൂരം. മികച്ച നടിക്കുള്ള രജത മയൂര പുരസ്‌കാരം വെന്‍ ദി ട്രീസ് ഫോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അനസ്തസ്യ പുസ്‌തേവിച്ച് സ്വന്തമാക്കി. 
യുനസ്‌കോ ഊന്നല്‍ നല്‍കുന്ന ആശയങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന ചിത്രങ്ങള്‍ക്ക് നല്‍കുന്ന ഐ.സി.എഫ.ടി. യുനസ്‌കോ ഗാന്ധി പുരസ്‌കാരം പ്രവീണ്‍ മോര്‍ച്ചാലെ സംവിധാനം ചെയ്ത ഹിന്ദി ചിത്രം വാക്കിങ് വിത്ത് ദി വിന്‍ഡ് കരസ്ഥമാക്കി.
രജതമയൂരവും 15 ലക്ഷം രൂപയും അടങ്ങുന്നതാണ് സംവിധായകനുള്ള പുരസ്‌കാരം. രജതമയൂരവും 10 ലക്ഷം രൂപയുമാണ് മികച്ച നടന് ലഭിക്കുക. 

Latest News