അഹമദാബാദ്- ഗുജറാത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ മദ്യപിച്ച് ലക്കുകെട്ട ഡോക്ടര്‍ പ്രസവമെടുത്തതിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ കുറ്റാരോപിതനായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ബോട്ടാഡ് ജില്ലയിലെ സര്‍ക്കാരിനു കീഴിലുള്ള സോനാവാല ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഡോ. പി.ജെ ലഖാനിയാണ് പൂര്‍ണ ഗര്‍ഭിണിയായി ആശുപത്രിയിലെത്തിയ കാമിനി ചാഞ്ചിയ എന്ന 22കാരിയുടെ പ്രസവമെടുത്തത്. ആദ്യം യുവതിയാണ് മരിച്ചത്. വൈകാതെ നവജാത ശിശുവായ പെണ്‍കുഞ്ഞും മരിച്ചു. ഇതോടെ ബന്ധുക്കള്‍ ഡോക്ടറുടെ വീഴ്ചയാണെന്നാരോപിച്ച് ബഹളമുണ്ടാക്കി. പോലീസെത്തി നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍ മദ്യപിച്ചാണ് ജോലി ചെയ്തിരുന്നതെന്ന് കണ്ടെത്തി.
തുടര്‍ന്ന് മദ്യനിരോധന നിയമപ്രകാരം കേസെടുത്ത് ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന സ്ഥിരീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരം ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സമിതിയുടെ അന്വേഷണ റിപോര്‍ട്ട് ആവശ്യമാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് ഡോക്ടര്‍മാരുടെ സമിതി പരിശോധിക്കും. ഈ റിപോര്‍ട്ട് ലഭിച്ച ശേഷമെ തുടര്‍ നടപടിയുണ്ടാകൂവെന്ന ബോട്ടാഡ് ജില്ലാ പോലീസ് മേധാവി ഹര്‍ഷദ് മേത്ത പറഞ്ഞു. ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ കുടുതല്‍ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.