ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ഓരോന്നായി അട്ടിമറിക്കുകയാണെന്ന ആരോപണം നിലനില്‍ക്കെ ഭരണഘടനാ ദിനത്തില്‍ ശക്തമായ ഓര്‍മ്മപ്പെടുത്തലുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്. ഭരണഘടനയാണ് പരമപ്രധാനമെന്നും രാജ്യത്തെ ജനാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങളും സംരക്ഷിക്കണമെങ്കില്‍ ഭരണഘടന നല്കുന്ന സ്വാതന്ത്ര്യങ്ങളെ സംരക്ഷിച്ചെ തീരൂവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ബ്രിട്ടീഷ് രാഷ്ട്രീയ, സാമ്പത്തിക വിദഗ്ധന്‍ ജോണ്‍ സ്റ്റുവര്‍ട്ട് മിലിന്റെ വാക്യം ഉദ്ധരിച്ച് ചീഫ് ജസ്റ്റിസിന്റെ ഓര്‍മ്മപ്പെടുത്തല്‍.
'ജനാധിപത്യം നിലനില്ക്കണമെന്ന ആഗ്രഹിക്കുന്നവര്‍ക്ക് ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ നല്കിയ മുന്നറിയിപ്പ് നാം കണക്കിലെടുക്കണം. ഒരു മഹാന്റെ മുന്നിലും സ്വാതന്ത്ര്യം അടിയറവെക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ജനാധിപത്യ സ്ഥാപനങ്ങളെ അട്ടിമറിക്കാന്‍ നേതാക്കള്‍ക്ക് അവസരമൊരുക്കുന്ന അധികാരങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യരുത്. രാജ്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച മഹാന്മാരോട് കൃതജ്ഞത കാണിക്കുന്നത് തെറ്റല്ല. എന്നാല്‍ കൃതജ്ഞതയ്ക്കും പരിധികളുണ്ട്,' ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഭരണഘടന നമ്മുടെ ജീവിതവുമായി വേര്പ്പിരിച്ചെടുക്കാനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നതാണെന്നും ഭരണഘടനയുടെ നിര്‍ദേശങ്ങള്‍ക്ക് ശ്രദ്ധ നല്‍കേണ്ടത് നമ്മുടെ ഉത്തമ താല്‍പര്യത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇല്ലെങ്കില്‍ നമ്മുടെ അഹങ്കാരം കലഹത്തിലേക്കു കൂപ്പുകുത്തുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 1950 നവംബര്‍ 26ന് രാജ്യം ഭരണഘടനയെ അംഗീകരിച്ചതിന്റെ സ്മരണയ്ക്കാണ് എല്ലാ വര്‍ഷവും ഈ ദിവസം ഭരണഘടനാ ദിനമായി ആചരിച്ചു വരുന്നത്.
സുപ്രീം കോടതി, തെരഞ്ഞെടുപ്പു കമ്മീഷന്, സൈന്യം, സി.എ.ജി. സി.ബി.ഐ തുടങ്ങി നിരവധി ഭരണഘടനാ സ്ഥാപനങ്ങളില്‍ ഇടപെടല്‍ നടത്തി അവയെ തകിടംമറിക്കുകയാണ് മോഡി സര്‍ക്കാരെന്ന പ്രതിപക്ഷ ആരോപണം ശക്തമായ ഘട്ടത്തിലാണ് ചീഫ് ജസ്റ്റിസിന്റെ ഓര്മ്മപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്.