ന്യൂദൽഹി- വിവാദമായ എയർസെൽ മാക്സിസ് ഇടപാട് കേസിൽ മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിനെതിരായ കേസുമായി മുന്നോട്ടുപോവാൻ സി.ബി.ഐക്ക് കേന്ദ്രസർക്കാർ അനുമതി നൽകി.
ഇന്നലെ ദൽഹി പട്യാല ഹൗസ് കോടതിയെയാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്. കേസിൽ 18 പ്രതികളാണുള്ളത്. ഇതിൽ അഞ്ചുവ്യക്തികൾക്കെതിരെ കേസുമായി മുന്നോട്ടുപോവുന്നതിനുള്ള അനുമതിക്കു കാത്തിരിക്കുകയാണെന്നും ബാക്കിയുള്ള പന്ത്രണ്ടു പ്രതികൾ സ്വകാര്യവ്യക്തികളായതിനാൽ നടപടി സ്വീകരിക്കാൻ സർക്കാരിന്റെ അനുമതിയാവശ്യമില്ലെന്നും സി.ബി.ഐക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷം ചിദംബരവും കാർത്തിയും വിദേശത്തെ ബാങ്ക് അക്കൗണ്ടുകൾ ക്ലോസ്ചെയ്തതു സംബന്ധിച്ച് പുതിയ തെളിവുകൾ ലഭിച്ചതായും സി.ബി.ഐ അറിയിച്ചു. അതേസമയം, ചിദംബരത്തെയും മകൻ കാർത്തിയെയും അടുത്തമാസം 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. കേസ് അടുത്തമാസം 18നു വീണ്ടും പരിഗണിക്കും.
എയർസെൽ മാക്സിസ് കമ്പനിക്ക് വിദേശനിക്ഷേപ പ്രോൽസാഹന ബോർഡിന്റെ (എഫ്.ഐ.പി.ബി) അനുമതി ലഭിച്ചതിൽ അഴിമതി നടന്നുവെന്ന ആരോപണം സംബന്ധിച്ച് ചിദംബരത്തിനും മകനുമെതിരെ സി.ബിഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇ.ഡി) കേസുകളാണുള്ളത്. കേസിൽ ചിദംബരത്തെ ഒന്നാംപ്രതിയാക്കി ഇ.ഡി കഴിഞ്ഞമാസം കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണ് സി.ബി.ഐയുടെ നടപടി. ഈ കേസിൽ നേരത്തെ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിന് പുറമെയാണ് ഇ.ഡിയുടെ അധികകുറ്റപത്രം. ഇ.ഡിയുടെ അനുബന്ധ കുറ്റപത്രത്തിൽ ചിദംബരവും മകനും ഉൾപ്പെടെ ഒമ്പത് പ്രതികളും സി.ബി.ഐയുടെ കുറ്റപത്രത്തിൽ 18 പ്രതികളുമാണുള്ളത്.
2006ൽ ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായ കമ്പനിക്ക് ചട്ടങ്ങൾ മറികടന്ന് വിദേശനിക്ഷേപത്തിന് അനുമതിനൽകിയെന്നാണ് കേസ്. 600 കോടി രൂപയുടെ നിക്ഷേപത്തിനു മാത്രമേ അനുമതി നൽകാൻ ധനമന്ത്രിക്ക് സ്വന്തം നിലക്ക് അധികാരമുള്ളൂ. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ് ഇതിൽക്കൂടുതലുള്ള ഇടപാടുകൾക്ക് അനുമതി നൽകേണ്ടത്. ഈ ചട്ടം മറികടന്നാണ് 3,500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നൽകി എന്നാണ് കേസ്.