പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ ബെര്‍നാഡോ ബെര്‍ത്തലൂച്ചി (77) അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്ന ബെര്‍ത്തലൂച്ചി കഴിഞ്ഞ പത്ത് വര്‍ഷമായി വീല്‍ ചെയറിലായിരുന്നു. ലാസ്റ്റ് ടാന്‍ഗോ ഇന്‍ പാരീസ്, 1900, ദ ലാസ്റ്റ് എംപറര്‍, ഡ്രീമേഴ്‌സ് തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനാണ് ബെര്‍ത്തലൂച്ചി. ഇറ്റലിയിലെ പാര്‍മയില്‍ ജനിച്ച ബെര്‍ത്തലൂച്ചിയുടെ പിതാവ് അറ്റിലിയോ ബെര്‍ത്തലൂച്ചി കവിയും ചരിത്രകാരനും ചലച്ചിത്ര നിരൂപകനുമായിരുന്നു. കൗമാരത്തില്‍ തന്നെ എഴുതിത്തുടങ്ങിയ ബെര്‍നാഡോയ്ക്ക് കവിയാകാനായിരുന്നു ആഗ്രഹം. പിന്നീട് പ്രശസ്ത സംവിധായകന്‍ പസോളിനിയുടെ സഹായിയായി സിനിമയിലെത്തി. 22ാം വയസില്‍ ആദ്യ സിനിമ സംവിധാനം ചെയ്തു. ദ ലാസ്റ്റ് എംപറര്‍ എന്ന സിനിമയ്ക്ക് മികച്ച സംവിധായകനും അവലംബിത തിരക്കഥയ്ക്കുമുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടി. 2011ലെ കാന്‍ ചലച്ചിത്രമേളയില്‍ സമഗ്ര സംഭാവനയ്ക്കുള്ള പാം ഡി ഓര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. 2012ല്‍ പുറത്തിറങ്ങിയ മീ ആന്‍ഡ് യു ആണ് അവസാന ചിത്രം.