ഇന്ത്യയില്‍ സാധാരണക്കാരുടെ ഇഷ്ടകാറായി വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട മാരുതി സുസുക്കിയുടെ അള്‍ട്ടോ 800 അടുത്ത വര്‍ഷം പകുതിയോടെ പൂര്‍ണമായും ഉല്‍പ്പാദനം നിര്‍ത്തും. ഏറ്റവും പുതിയ സുരക്ഷാ, പരിസ്ഥിതി മലിനീകരണ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് അള്‍ട്ടോ നിര്‍ത്തലാക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. കമ്പനിയുടെ എല്ലാ കാറുകളും 2019 ജൂലൈക്കു മുമ്പായി ബി.എസ് സിക്‌സ് (BS-VI) മലിനീകരണ നിയന്ത്രണ തോത് പാലിക്കുന്നതും ക്രാഷ് ടെസ്റ്റില്‍ മികവ് തെളിച്ചതുമായിരിക്കും. ഇപ്പോള്‍ ഇറക്കിക്കൊണ്ടിരിക്കുന്ന അള്‍ട്ടോ 800ലെ 796 സിസി എഞ്ചിന്‍ ബി.എസ് സിക്‌സ് മാനദണ്ഡം പാലിക്കുന്നതല്ല. അതു കൊണ്ട് തന്നെ നേരത്തെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഓമ്‌നിക്കൊപ്പം അള്‍ട്ടോ 800 നിര്‍ത്തുകയാണ്. ഇവയുടെ എഞ്ചിന്‍ ബിഎസ് സിക്‌സ് സ്റ്റാന്‍ഡേര്‍ഡിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാവില്ല. സുരക്ഷയും അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയില്ലെന്ന് മാരുതി സുസുക്കി സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക് സോക്കര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.
മാരുതി സുസുക്കിയുടെ ഇപ്പോള്‍ വിപണിയിലിറങ്ങുന്ന 60 ശതമാനം കാറുകളും ഏറ്റവും പുതിയതും ഭാവിയില്‍ ആവശ്യവുമായ സുരക്ഷാ, മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
2019 ജൂലൈയോടെ ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതോടെ ഇന്ത്യയിലെ കാറുകളുടെ സുരക്ഷ വര്‍ധിക്കും. ഈ പദ്ധതിയില്‍ പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെ കാറുകള്‍ നിരത്തിലിറക്കാനാവില്ല. ഇതിന്റെ ഭാഗമായാണ് അള്‍ട്ടോയും പിന്‍വാങ്ങുന്നത്. എന്‍ട്രി ലെവല്‍ കാറുകള്‍ക്ക് ഇത് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റു കമ്പനികളുടെ തീരുമാനങ്ങള്‍ വരാനിരിക്കുന്നതെയുള്ളൂ.