ഔറംഗാബാദ്- ജയിലിലെ നല്ല പെരുമാറ്റത്തെ തുടര്‍ന്ന് തടവ് കാലാവധി എത്തുംമുമ്പേ മോചിപ്പിച്ച പ്രതി രണ്ടുപേരെ കൊലപ്പെടുത്തി അതേ ജയിലില്‍ തിരിച്ചെത്തി. ബിഹാര്‍ ഔറംഗാബാദിലെ നബിനഗര്‍ പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ പവന് കുമാര്‍ സിംഗാണ് ഗാന്ധി ജയന്തിക്ക് ജയില്‍ മോചിതനായി വീണ്ടും തിരിച്ചെത്തിയത് ആയുധം കൈവശം വെച്ചു, ഭീഷണപ്പെടുത്തി പണം തട്ടി തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലിലടച്ചിരുന്ന പവന് കുമാര്‍ സിംഗിനെ നല്ല പെരുമാറ്റം കണക്കിലെടുത്താണ് വിട്ടയച്ചിരുന്നത്.
തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നേരത്തെ സസറാം ജയിലില്‍ കൂട്ടാളിയായിരുന്ന മുഹമ്മദ് ഷഫീഖിനേയും അയാളുടെ ബന്ധു മുഹമ്മദ് ഗഡ്ഡിയേയുമാണ് പവന് കുമാര്‍ സിംഗ് കൊലപ്പെടുത്തിയത്. ഈ മാസം നാലിന് ശഫീഖിനെ വെടിവെച്ചുകൊന്ന ഇയാള്‍ മുഹമ്മദ് ഗഡ്ഡിയെ വലിച്ചുകൊണ്ടു പോയി സമീപത്തെ കിണറ്റിലിട്ട് കൊല്ലുകയായിരുന്നു. ഇരട്ടക്കൊലയെ കുറിച്ച് ആദ്യം തുമ്പ് ലഭിക്കാതിരുന്ന പോലീസ് ശഫീഖിന്റെ ഫോണ്‍ പരിശോധിച്ചാണ് പവന്റെ ഭാര്യയിലേക്കും തുടര്‍ന്ന് കൊലയാളിയിലേക്കും എത്തിയത്.