Sorry, you need to enable JavaScript to visit this website.

ആശങ്കയകറ്റി, ആവേശം നിറച്ച് നാഷൻസ് ലീഗ്‌

ജർമനിക്കെതിരെ അവസാന ആറ് മിനിറ്റിൽ രണ്ടു ഗോൾ മടക്കി നെതർലാന്റ്‌സ് നാടകീയമായി നാഷൻസ് ലീഗ് സെമിയിലേക്ക് യോഗ്യത നേടിയപ്പോൾ. 
തുടക്കത്തിൽതന്നെ രണ്ടു ഗോളിന് പിന്നിലായ ഹാരിസ് സഫറോവിച്ചിന്റെ ഹാട്രിക്കിൽ ബെൽജിയത്തെ കീഴടക്കിയ സ്വിറ്റ്‌സർലന്റ്.
നാഷൻസ് ലീഗിൽ സ്‌പെയിനിന്റെ പ്രതീക്ഷ തകർത്ത ക്രൊയേഷ്യൻ ടീം. 

2016 ൽ മാത്രം യുവേഫയുടെയും ഫിഫയുടെയും അംഗീകാരം കിട്ടിയ കോസൊവൊ പ്ലേഓഫ് എങ്കിലും ഉറപ്പാക്കിയ ടീമുകളിലൊന്നാണ്. അതേസമയം ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാൻസിന് ഇതുവരെ പ്ലേഓഫ് ഉറപ്പായിട്ടില്ല. പതിവ് വഴിയിലൂടെ തന്നെ വേണം ഫ്രാൻസിന് യൂറോ കപ്പിന് യോഗ്യത നേടാൻ. 

 

നാഷൻസ് ലീഗ് എന്ന പുതിയ ടൂർണമെന്റുമായി യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷൻ യുവേഫ രംഗപ്രവേശം ചെയ്തപ്പോൾ ക്ലബ്ബുകൾക്കും കളിക്കാർക്കും ആരാധകർക്കും ടീമുകൾക്കുമൊക്കെ അവജ്ഞയും പരിഹാസവുമായിരുന്നു. എന്നാൽ നാല് തലങ്ങളിലായി ലീഗ് മത്സരങ്ങൾ ആവേശകരമായ നിരവധി മുഹൂർത്തങ്ങളും അട്ടിമറികളുമൊക്കെ സൃഷ്ടിച്ചാണ് അവസാനിച്ചത്. ആർക്കും താൽപര്യമില്ലാത്ത സൗഹൃദ മത്സരങ്ങൾക്കു പകരമായിരുന്നു ഈ ആവേശകരമായ പോരാട്ടങ്ങൾ. പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് നാഷൻസ് ലീഗെന്ന് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫേറിൻ പറഞ്ഞു. 
അവസാന മിനിറ്റുകൾ വരെ ആവേശം നിലനിർത്തിയവയായിരുന്നു മിക്ക മത്സരങ്ങളും. നെതർലാന്റ്‌സ് നാടകീയമായി തിരിച്ചുവന്ന് ജർമനിയുമായി സമനില പാലിക്കുകയും ഫ്രാൻസിനെ മറികടന്ന് സെമി ഫൈനലിലേക്ക് മുന്നേറുകയും ചെയ്തതോടെയാണ് ലീഗ് റൗണ്ടിന് തിരശ്ശീല വീണത്. തുടക്കത്തിൽ സങ്കീർണമായ ടൂർണമെന്റായി വിലയിരുത്തപ്പെട്ടത് മത്സരങ്ങൾ പുരോഗമിച്ചതോടെ ലളിതമായി വന്നു. 

ലോകകപ്പ് ഫൈനലിസ്റ്റുകൾ പുറത്ത്
യൂറോപ്പിന്റെ വാഴ്ച കണ്ട ലോകകപ്പിന് തിരശ്ശീല വീണ് മാസങ്ങൾ പിന്നിടും മുമ്പാണ് യുവേഫ നാഷൻസ് ലീഗിന് പന്തുരുണ്ടു തുടങ്ങിയത്. എങ്കിലും ലോകകപ്പ് സെമി ഫൈനലിലെത്തിയ നാല് ടീമുകളിൽ മൂന്നിനും നാഷൻസ് ലീഗിന്റെ സെമി ഫൈനൽ കാണാനായില്ല. ഇംഗ്ലണ്ട് മാത്രമാണ് നേട്ടം ആവർത്തിച്ചത്. 
ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാൻസിനും ക്രൊയേഷ്യക്കും സ്വന്തം ഗ്രൂപ്പുകളിൽ ഒന്നാം സ്ഥാനത്തെത്താൻ സാധിച്ചില്ല. സ്‌പെയിൻ, ബെൽജിയം, ജർമനി ടീമുകളും മുന്നേറിയില്ല. പ്രമുഖ ടീമുകളില്ലാതെയാണ് അടുത്ത ജൂണിൽ അവസാന നാല് ടീമുകളുടെ മിനി ടൂർണമെന്റ് അരങ്ങേറുക. യൂറോപ്യൻ ചാമ്പ്യന്മാരായ പോർചുഗലും ഇംഗ്ലണ്ടും നെതർലാന്റ്‌സും സ്വിറ്റ്‌സർലന്റുമാണ് അവസാന നാലിൽ ഇടംപിടിച്ചത്. 
ക്രിസ്റ്റ്യാനൊ റൊണാൾഡൊ ഇല്ലാതെയാണ് പോർചുഗൽ യോഗ്യത നേടിയത്. ക്രിസ്റ്റിയാനോക്ക് മറ്റൊരു ട്രോഫി സ്വന്തമാക്കണമെങ്കിൽ ജൂണിലെ ടൂർണമെന്റിൽ കളിക്കണം. യുവന്റസ് താരത്തിന് അടുത്ത ഫെബ്രുവരിയിൽ 34 വയസ്സാവും. ലോകകപ്പിനു ശേഷം രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന ക്രിസ്റ്റ്യാനോയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. അമേരിക്കയിൽ മാനഭംഗ പരാതി നേരിടുന്നുണ്ട് ക്രിസ്റ്റ്യാനൊ. ആരോപണം ക്രിസ്റ്റ്യാനൊ നിഷേധിക്കുകയാണ്. 
ഹാരി കെയ്‌നിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിന് മറ്റൊരു ട്രോഫി നേടാനാവുമോയെന്നതാണ് മറ്റൊരു ചോദ്യം. 1996 ൽ സ്വന്തം നാട്ടിൽ ലോകകപ്പ് നേടിയതാണ് രാജ്യാന്തര തലത്തിൽ ഇംഗ്ലണ്ടിന്റെ ഏക നേട്ടം. ലോകകപ്പ് സെമി ഫൈനലിലെത്തിയ ഇംഗ്ലണ്ടിന്റെ യുവ ടീമും നാടകീയമായ തിരിച്ചുവരവിലാണ് നാഷൻസ് കപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറിയത്. 
നെതർലാന്റ്‌സിന്റേതാണ് വൻ തിരിച്ചുവരവ്. 2016 ലെ യൂറോ കപ്പിനും 2018 ലെ ലോകകപ്പിനും യോഗ്യത നേടാനാവാതിരുന്ന ഇരുണ്ട കാലത്തിൽ നിന്ന് ഡച്ച് ഫുടബോൾ കരകയറുകയാണ്. യുവ താരങ്ങളായ ഫ്രെങ്കി ഡി ജോംഗും മതിസ് ഡി ലിസ്റ്റും വൻ ശ്രദ്ധ നേടി. മെംഫിസ് ഡിപേ ഏറെ നിരാശപ്പെടുത്തിയ ശേഷം തന്റെ പ്രതിഭ തെളിയിക്കുകയാണ്. 
സ്വിറ്റ്‌സർലന്റ് 1954 ലാണ് അവസാനമായി ഒരു പ്രധാന ടൂർണമെന്റിന്റെ സെമി ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയത്തെ മറികടന്ന സ്വിറ്റ്‌സർലന്റിന് അട്ടിമറി തുടരാനാവുമോയെന്നാണ് ഇനി അറിയേണ്ടത്.  വലിയ പ്രതീക്ഷകളില്ലാതെയാണ് സ്വിറ്റ്‌സർലന്റ് അവസാന റൗണ്ട് തുടങ്ങുക. 

യൂറോ കപ്പിലേക്ക് പിൻവാതിൽ
നാല് തലങ്ങളിലുള്ള ടൂർണമെന്റും സ്ഥാനക്കയറ്റവും തരംതാഴ്ത്തലുമൊക്കെ സങ്കീർണമായിരുന്നു. യൂറോ 2020 ലേക്കുള്ള വാതിൽ കൂടിയാണ് നാഷൻസ് ലീഗ്. അതോടെയാണ് കാര്യങ്ങൾ കുഴയുന്നത്. പഴയതു പോലുള്ള യൂറോപ്യൻ യോഗ്യതാ റൗണ്ട് നിലനിൽക്കെയാണ് നാഷൻസ് കപ്പിലൂടെ ടീമുകൾക്ക് പിൻവാതിൽ തുറന്നു കൊടുക്കുന്നത്. 16 ടീമുകൾക്കാണ് ഇതുവഴി യൂറോ കപ്പിന് അവസരം കിട്ടുക. 
യോഗ്യതാ റൗണ്ടിലൂടെ കടന്നുവരാൻ സാധിക്കാതിരുന്ന നാല് ടീമുകൾക്ക് നാഷൻസ് ലീഗിന്റെ നാല് തലങ്ങളിലെ ചാമ്പ്യന്മാരെന്ന നിലയിൽ യൂറോ കപ്പിന് യോഗ്യത നേടാം. 2016 ൽ മാത്രം യുവേഫയുടെയും ഫിഫയുടെയും അംഗീകാരം കിട്ടിയ കോസൊവൊ പ്ലേഓഫ് എങ്കിലും ഉറപ്പാക്കിയ ടീമുകളിലൊന്നാണ്. അതേസമയം ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാൻസിന് ഇതുവരെ പ്ലേഓഫ് ഉറപ്പായിട്ടില്ല. പതിവ് വഴിയിലൂടെ തന്നെ വേണം ഫ്രാൻസിന് യൂറോ കപ്പിന് യോഗ്യത നേടാൻ. 
യൂറോപ്പിലെ ചെറിയ ടീമുകൾക്ക് അർഥവത്തായ ചില മത്സരങ്ങൾ കളിക്കാൻ അവസരം കിട്ടുന്നുവെന്നതാണ് നാഷൻസ് ലീഗിന്റെ ഒരു സവിശേഷത. ജോർജിയക്കും മാസിഡോണിയക്കും കോസൊവോക്കുമൊക്കെ സാധാരണഗതിയിൽ ആളുകൾ കാണാൻ താൽപര്യപ്പെടുന്ന സൗഹൃദ മത്സരങ്ങൾ കളിക്കാൻ സാധിക്കാറില്ല. നാഷൻസ് ലീഗിൽ അവർക്ക് ചില പ്രധാന മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞു. അവർ യൂറോ കപ്പിന്റെ പടിവാതിൽക്കലുമെത്തി. സാധാരണഗതിയിൽ അസാധ്യമായ കാര്യമാണ് ഇത്. ഇതുവരെയുള്ള രീതിയനുസരിച്ച് യൂറോ കപ്പ് യോഗ്യതാ റൗണ്ടിൽ കൊച്ചു ടീമുകൾക്ക് ഒരു പോയന്റ് കിട്ടാൻ പോലും വർഷങ്ങൾ കാത്തിരിക്കണം. നാഷൻസ് ലീഗിൽ യുവേഫയിലെ ഏറ്റവും ചെറിയ അംഗമായ ജിബ്രാൾടറിന് ഏതാണ്ട് ഒപ്പത്തിനൊപ്പമുള്ള ടീമുകൾക്കെതിരെ കളിക്കാൻ അവസരം കിട്ടി. രണ്ട് അപൂർവ വിജയങ്ങൾ നേടി അവർ. ലെക്‌സംബർഗിന് നാല് പോയന്റ് വ്യത്യാസത്തിലാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്താനാവാതെ പോയത്. എന്നാൽ സാൻമരീനോക്ക് ഒരു കളിയും ജയിക്കാനായില്ല. ആറു കളിയും തോറ്റു. ഒരു ഗോൾ പോലുമടിക്കാനായില്ല. 

കാണികൾ കൈയൊഴിഞ്ഞു
മത്സരങ്ങൾ ആവേശകരമാവുമോയെന്ന് കാണികൾക്ക് ഉറപ്പുണ്ടായിരുന്നില്ല. അപൂർവം മത്സരങ്ങളുടെ ടിക്കറ്റേ പൂർണമായും വിറ്റഴിഞ്ഞിരുന്നുള്ളൂ. ജർമനി-നെതർലാന്റ്‌സ് മത്സരം ആദ്യന്തം നാടകീയമായിരുന്നുവെങ്കിലും ഗെൽസൻകിർഷൻ ഗാലറിയിൽ ഇരുപതിനായിരത്തിലേറെ ഇരിപ്പിടങ്ങൾ കാലിയായിരുന്നു. ലോകകപ്പ് ക്വാർട്ടർ ഫൈനലിസ്റ്റുകളായ സ്വീഡനും റഷ്യയും തമ്മിലുള്ള കളി നിർണായകമായിരുന്നു. ഏത് ടീം സ്ഥാനക്കയറ്റം നേടുമെന്ന് നിശ്ചയിക്കുന്ന കളിയായിരുന്നു അത്. എന്നാൽ ഗാലറിയിൽ അതിന്റെ ആവേശമൊന്നും പ്രകടമായില്ല. സ്‌കോട്‌ലന്റിനെതിരായ മത്സരം ഒരു പതിറ്റാണ്ടിനിടയിൽ ഇസ്രായിലിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിയായിരുന്നു. എന്നാൽ സ്‌കോട്‌ലന്റിലെ ഹാംദൻ പാർക്ക് ഗാലറി പകുതിയും കാലിയായിക്കിടന്നു. പുതിയ ടൂർണമെന്റുമായി ഫുട്‌ബോൾ പ്രേമികൾ പ്രണയത്തിലാവാൻ സമയമെടുക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 
12 രാജ്യങ്ങളിലെ 12 നഗരങ്ങളിലായാണ് അടുത്ത യൂറോ കപ്പ് ഫൈനൽ റൗണ്ട് അരങ്ങേറുക. ജൂൺ 12 ന് റോമിലാണ് ഉദ്ഘാടന മത്സരം. 12 ആതിഥേയ രാജ്യങ്ങളും യോഗ്യതാ റൗണ്ടിലൂടെ വരണം. റോം (ഇറ്റലി), ബാകു (അസർബയ്ജാൻ), സെയ്ന്റ്പീറ്റേഴ്‌സ്ബർഗ് (റഷ്യ), കോപൻഹാഗൻ (ഡെന്മാർക്ക്), ലണ്ടൻ (ഇംഗ്ലണ്ട്), ഗ്ലാസ്‌ഗൊ (സ്‌കോട്‌ലന്റ്), ആംസ്റ്റർഡാം (നെതർലാന്റ്‌സ്), ബുക്കാറസ്റ്റ് (റുമാനിയ), ബിൽബാവൊ (സ്‌പെയിൻ), ഡബഌൻ (അയർലന്റ്), മ്യൂണിക് (ജർമനി), ബുഡാപെസ്റ്റ് (ഹംഗറി) എന്നിവയാണ് ആതിഥേയ നഗരങ്ങൾ.

 

 

 




 

Latest News