- ബെർലിൻ മതിൽ തകർന്നതിന്റെ ഓർമയ്ക്കായി വർഷം തോറും ജർമനിയിൽ സംഘടിപ്പിച്ചു വരാറുള്ള ദ ഫാളിംഗ് വാൾസ് ലാബ് സംഗമത്തിൽ ഇത്തവണ പങ്കെടുത്ത് മികവ് പ്രകടിപ്പിച്ചത് ജിദ്ദ തൂവലിലെ 'കൗസ്റ്റി'ൽ ഗവേഷകയായ മലപ്പുറം അരീക്കോട് സ്വദേശി ഹനാൻ മുഹമ്മദ്. ഹനാനെ പരിചയപ്പെടുക.
മുതലാളിത്ത രാജ്യമായ പശ്ചിമ ജർമനിയേയും കമ്യൂണിസ്റ്റ് രാജ്യമായ പൂർവ ജർമനിയേയും വേർതിരിച്ചിരുന്ന ബെർലിൻ മതിൽ തകർന്നുവീണത് 1989 നവംബർ ഒമ്പതിന്. ജർമനിയിലെങ്ങും സ്വാതന്ത്ര്യത്തിന്റെ കാറ്റ് അലയടിച്ച വർഷം. ബെർലിൻ മതിൽ തകർന്നു വീണതിന്റെ ഓർമയ്ക്കായി എല്ലാ വർഷവും ജർമൻ തലസ്ഥാനത്ത് ആഗോളാടിസ്ഥാനത്തിൽ വാർഷിക ശാസ്‌ത്രോൽസവം നടത്തുന്നു. അറുപത് രാഷ്ട്രങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പ്രതിഭാശാലികളുടെ ചരിത്രപ്രധാനമായ സംഗമത്തിൽ ഇത്തവണ പങ്കെടുത്തവരിൽ മലപ്പുറം അരീക്കോട് സ്വദേശി ഹനാൻ മുഹമ്മദും. ജിദ്ദ തൂവൽ കിംഗ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിൽ (കൗസ്റ്റ്) ഗവേഷകയാണ് ഹനാൻ.
ലോകമെങ്ങുമുള്ള പുതുതലമുറയുടെ അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അവരുടെ നൂതനാശയങ്ങൾ പ്രകാശിപ്പിക്കുന്നതിനും സാർവലൗകികമായൊരു വേദിയൊരുക്കി വരികയാണ് ഓരോ വർഷവും നവംബർ ഒമ്പതിന് ജർമനിയിലെ 'ഫോളിംഗ് വാൾസ് ലാബ്'. എല്ലാ മേഖലകളിലുമുള്ള ശാസ്ത്രജ്ഞരേയും ഒപ്പം വ്യവസായികളേയും ഒരേ വേദിയിൽ അണിനിരത്തി ആശയസംവാദം നടത്തുന്നു.
അതാത് രാജ്യങ്ങളിൽ നിന്നുള്ള യുവപ്രതിഭാശാലികളെ കണ്ടെത്തി അവരിൽ നിന്ന് കഴിവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന മിടുക്കരായവർക്ക് ബെർലിൻ ആതിഥ്യം നൽകി വരുന്നു. പുതിയ കാലം നേരിടുന്ന വെല്ലുവിളികളെ എങ്ങനെ മറി കടക്കാമെന്ന് സോദാഹരണം സമർഥിക്കുന്ന പ്രസന്റേഷനുകളിൽ നിന്ന് ഏറ്റവും മികച്ചത് തെരഞ്ഞെടുക്കാനും ആദരിക്കാനും പ്രത്യേകം ജഡ്ജിംഗ് പാനലുമുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിജയികൾക്ക് ജർമൻ ഗവൺമെന്റിന്റെ സൗജന്യ ടിക്കറ്റുകളും മറ്റു സൗകര്യങ്ങളും ലഭിക്കും.
അറുപത് രാജ്യങ്ങളിൽ നിന്നുള്ള അതിപ്രശസ്തമായ യൂണിവേഴ്‌സിറ്റികളെ- യേൽ യൂണിവേഴ്‌സിറ്റി, ഇ.ടി.എച്ച് സൂറിച്ച്, ജിദ്ദ കിംഗ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി, ടോക്കിയോ യൂണിവേഴ്‌സിറ്റി, കാലിഫോർണിയാ യൂണിവേഴ്‌സിറ്റി എന്നിവയുൾപ്പെടെ- പ്രതിനിധീകരിച്ച് യുവപ്രതിഭകൾ മതിലുകളുടെ അതിർത്തി മാഞ്ഞുപോയ ബെർലിനിൽ ഇത്തവണ മാറ്റുരച്ചപ്പോൾ സൗദി അറേബ്യക്ക് വേണ്ടി പങ്കെടുത്ത് മികവ് കാട്ടിയെന്നത് ഹനാന്റെ പഠന യാത്രക്കിടയിൽ വർണത്തൂവലായി.
ഓരോ രാജ്യത്തിന്റേയും പ്രതിനിധാനമായ പ്രതിഭാ സംഗമങ്ങളത്രയും പുതിയ ആശയങ്ങൾക്ക് പിറവിയേകുന്നു. അതാകട്ടെ, വരും തലമുറയുടെ അക്കാദമിക വഴിയിൽ നൂതനമായ മാർഗദർശനവുമായിത്തീരുന്നു.
പതിനാറംഗ ജഡ്ജിംഗ് പാനലിൽ പ്രശസ്തമായ നൊബേൽ ഫൗണ്ടേഷൻ, ബഹിരാകാശ ശാസ്ത്ര വിഭാഗം, ജർമൻ ബുണ്ടസ്റ്റാഗ്, ആൽഫബെറ്റ്-എക്‌സ്, ബോഷ് സോഫ്റ്റ് വെയർ ഇന്നൊവേഷൻ എന്നിവയുടെയെല്ലാം പ്രതിനിധികളാണ് ഇത്തവണ ഉണ്ടായിരുന്നത്.
കൗസ്റ്റിൽ നിന്ന് പതിനഞ്ചു പേരാണ് ഫാളിംഗ് വാൾസ് ലാബിൽ പങ്കെടുത്തത്. മൂന്നു മിനിട്ടിന്റെ സമയപരിധിക്കകത്ത് നിന്നുകൊണ്ട് അവതരിപ്പിക്കപ്പെട്ട ഗവേഷണപരമായ പ്രസന്റേഷനിൽ ഇലക്‌ട്രോണിക് എൻജിനീയറിംഗ് വകുപ്പിലെ ഹനാന് ഒന്നാം സ്ഥാനം ലഭിച്ചു. ബ്രേയ്ക്കിംഗ് ദ വാൾ ഓഫ് ഡാറ്റാ സ്റ്റോറേജ് എന്നായിരുന്നു ഹനാന്റെ വിഷയം.
- ലോകമെങ്ങുമുള്ള ശാസ്ത്ര-വൈജ്ഞാനിക വൈദഗ്ധ്യം നേടിയ പുതിയ തലമുറയുടെ പ്രതിനിധികൾ ജർമനിയിൽ സന്ധിക്കുന്നതിന് സാക്ഷിയാവുകയും അവരുമായി ആശയ വിനിമയം നടത്തി സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യാൻ സാധിച്ചുവെന്നത് എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തങ്ങളായിരുന്നു.
ശാസ്ത്രത്തിന്റെ വിപുലമായ മേഖലകളിലേക്ക് തുറന്നിട്ട ജാലകക്കാഴ്ച കാണാനും കൂടുതൽ പഠിക്കാനും അത് അവസരമേകി. കൗസ്റ്റിലെ എന്റെ സഹപ്രവർത്തകരോടും ഗവേഷണ സഹായികളോടും വിവിധ വകുപ്പ് മേധാവികളോടുമുള്ള നന്ദി വാക്കിലൊതുങ്ങില്ല -ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ പൂർവ വിദ്യാർഥിനി കൂടിയായ ഹനാൻ പറഞ്ഞു.
ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി അധ്യാപകനും ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സ്ഥാപക നേതാക്കളിലൊരാളുമായ പരേതനായ മലപ്പുറം അരീക്കോട് സ്വദേശി പ്രൊഫ. കെ. മുഹമ്മദിന്റേയും അരീക്കോട് സുല്ലമുസ്സലാം ഹൈസ്‌കൂളധ്യാപിക ഹാജറയുടേയും മകളാണ് ഹനാൻ. ഇന്ത്യൻ സ്‌കൂളിലെ പഠന ശേഷം ഫാറൂഖ് കോളേജിൽ നിന്ന് ഫിസിക്‌സിൽ ബിരുദമെടുത്ത ശേഷം ഇംഗ്ലണ്ടിലെ പ്രശസ്തമായ ലീഡ്‌സ്, ഷെഫീൽഡ് യൂണിവേഴ്റ്റികളിൽ നിന്ന് എം.എസ്‌സി, നാനോ സ്‌കെയിൽ ആന്റ് ടെക്‌നോളജി എന്നിവയിൽ ഉപരിപഠനം നടത്തിയ ശേഷമാണ് കിംഗ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിൽ റിസർച്ച് ചെയ്യുന്നത്. അടുത്ത മാസം ഗവേഷണം പൂർത്തിയാകും. ഭർത്താവ് ജൗഹർ ദുബായിൽ ബിസിനസുകാരനാണ്. ഹനാന്റെ സഹോദരി ഹുസ്‌നാ അൻവർ, റിയാദ് പ്രിൻസസ് നൂറാ യൂണിവേഴ്‌സിറ്റിയിലാണ്. ഇളയ സഹോദരി ഹിബ ഹൈദരബാദിലും ഏക സഹോദരൻ ഹിഷാം അമേരിക്കയിലുമാണ്.