Sorry, you need to enable JavaScript to visit this website.

സ്‌നേഹ സുഗന്ധിയായ ദാമ്പത്യം

'പ്രസംഗം കേൾക്കാൻ ഞാനും വന്നിരുന്നു, ജോലി സ്ഥലത്ത് നിന്ന് നേരിട്ടായിരുന്നു വന്നത്. അതിനാൽ ഭാര്യയെ കൂട്ടിയിരുന്നില്ല. ഇച്ചിരി വൈകിയാണെത്തിയതെങ്കിലും പ്രഭാഷണം ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്. എന്നാൽ അവളെ കേൾപ്പിച്ചിട്ടില്ല. കുറച്ചുകൂടി എന്റെ ഭാഗം ശരിയാക്കാനുണ്ട്. 
സ്‌നേഹം ഒരുപാടുള്ളിലുണ്ടെങ്കിലും ഓൾക്ക് അത് മനസ്സിലാവുന്ന തരത്തിൽ പെരുമാറാൻ പലപ്പോഴും കഴിയാറില്ലായിരുന്നു. ഒന്ന് രണ്ടാഴ്ച കൊണ്ട് അതൊക്കെ ശരിയാക്കിയതിന് ശേഷം അവളെ കേൾപ്പിക്കണമെന്നാണ് കരുതുന്നത്.'
തിരക്കുകൾക്കിടയിലും എന്റെ പൊതു പ്രഭാഷണങ്ങൾ കേൾക്കാൻ ഓടിയെത്താറുള്ള സഹൃദയനായ ഒരു സുഹൃത്ത് കഴിഞ്ഞ ആഴ്ച  ഒരു പ്രഭാഷണം കേട്ടതിനു ശേഷം എന്നെ വിളിച്ചറിയിച്ചതാണിത്. മഹിത മനോഹര ദാമ്പത്യം എന്നതായിരുന്നു  പ്രഭാഷണ വിഷയം. വിവിധ തരം ഭാര്യാ ഭർത്താക്കൻമാരെ കുറിച്ച് നടന്ന പഠനങ്ങൾ അവതരിപ്പിച്ചും വിശകലനം ചെയ്തും കൗൺസലിംഗ് അനുഭവങ്ങൾ പങ്കുവെച്ചുമൊക്കെയാണ്  വിഷയം
അവതരിപ്പിച്ചിരുന്നത്. വൈലോപ്പിള്ളി ശ്രീധര മേനോന്റെ ഊഞ്ഞാൽ, കണ്ണീർ പാടം എന്നീ  കവിതകളും  എൻ.എൻ കക്കാടിന്റെ സഫലമീ യാത്രയും വീരാൻ കുട്ടി മാഷിന്റെ ഏതാനും നുറുങ്ങു  കവിതാ ശകലങ്ങളുമൊക്കെ  നിരന്തരം കേട്ടു കൊണ്ടിരിക്കുന്ന ദാമ്പത്യ വിഷയസംബന്ധിയായ പല വാർത്തകളുമായി ചേർത്തു വായിക്കുകയും ചെയ്തിരുന്നു. 
പല തരത്തിലുള്ള ഭാര്യമാരെ കുറിച്ച് പറയുമ്പോൾ ചിലരുടെ മുഖത്ത് മ്ലാനത. മറ്റു ചില മുഖങ്ങളിൽ അടക്കാനാവാത്ത ചിരി. വിവിധ  തരം ഭർത്താക്കന്മാരെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോൾ പലരും ചിന്താവിഷ്ടരായി. ചിലർ മാത്രം ഇടയ്ക്ക് ചിരിച്ചു. ചിലർ പിന്നീടുള്ള ഭാഗം ശ്രദ്ധിക്കാൻ കഴിയാത്ത വിധം ആലോചനയിൽ മുഴുകിയതായി  തോന്നി. നമ്മളിൽ പലരും ഇണകളായി ജീവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിക്കാണും. ചിലർ തുടക്കക്കാരാവും. നമ്മുടെ ദാമ്പത്യ ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കാൻ നാം വേണ്ടത്ര ശ്രദ്ധിക്കാറുണ്ടോ?
ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന താലിച്ചരട് പലർക്കും തൂക്കുകയറു പോലെയായിരിക്കുന്നു.  ഭാര്യാഭർതൃ ജീവിതം അസഹനീയമായ പൊരുത്തക്കേടുകളുടെ കൂത്തരങ്ങായി  വിവാഹ മോചനത്തിൽ കലശിക്കുന്നത് വാർത്ത പോലുമല്ലാതായിരിക്കുന്നു.
മുതിർന്ന മക്കളുള്ള ദമ്പതികൾ പോലും വേർപിരിയാൻ മടിക്കാത്ത തരത്തിൽ വൈവാഹിക ബന്ധങ്ങൾ വഷളായിക്കൊണ്ടിരിക്കുന്നു. താലിച്ചരടിനെ കൊലക്കയറിനു പകരം ഊഞ്ഞാലായി കണ്ടു ഉല്ലാസ ദാമ്പത്യം നയിക്കുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞു വരുന്നതായാണ് ആഗോള കണക്കുകൾ കാണിക്കുന്നത്. 
രണ്ടു വ്യത്യസ്ത കുടുംബാന്തരീക്ഷത്തിൽ പിറന്നു വളർന്നു വലുതായ രണ്ടു പേർ വിവാഹമെന്ന മഹനീയമായ ചടങ്ങിലൂടെ ഒന്നിച്ചു ജീവിതം നയിക്കുമ്പോഴാണ് സമൂഹം അംഗീകരിക്കുന്ന ദാമ്പത്യം ആരംഭിക്കുന്നത്. സ്വാഭാവികമായും  പല കാര്യങ്ങളിലും ഒരുപാട് അന്തരങ്ങൾ ഉള്ള ഇവർ പരസ്പരം മനസ്സിലാക്കാനും പൊരുത്തപ്പെടാനും തുടങ്ങുമ്പോഴേ വൈവാഹിക ജീവിതം പ്രിയതരമാവുകയുള്ളൂ.  മാത്രമല്ല, അതിനാവശ്യമായ മാനസിക വിശാലതയും വിനിമയ ചാതുരിയും  സമയവും ഉണ്ടാകുമ്പോഴാണ്   ദാമ്പത്യം കൂടുതൽ ആസ്വാദ്യകരമാവുക. വിവാഹത്തിന്റെ ആദ്യ നാളുകളിൽ തന്നെ ഇതൊക്കെ സംഭവിക്കണമെന്നില്ല. ക്രമേണ അറിഞ്ഞും അറിയിച്ചും പകർന്നും നുകർന്നും മരണം വരെ കൊണ്ടാടാനുള്ളതാണത്. സിനിമയും സീരിയലും പൈങ്കിളി നോവലുകളും വായിച്ചു ഭ്രമിച്ചവർക്ക് ഉത്കൃഷ്ട ബന്ധങ്ങൾ വേരോടാൻ ആവശ്യമായ ഈ സാവകാശം പലപ്പോഴും കിട്ടാറില്ല. അതിനു മുൻപേ അവർ അസ്വസ്ഥതക്കടിപ്പെട്ട് കലഹങ്ങൾ തുടങ്ങുന്നത് കണ്ടുവരാറുണ്ട്.
ഇണയെ കേവലം ലൈംഗികമായ സുഖം ലഭിക്കാനുള്ള ഉപാധി മാത്രമായി കാണുന്നവർക്ക് ജീവിതം ഇടുങ്ങിയതും ഇരുളടഞ്ഞതുമായിരിക്കും. ജീവിത സഖിയുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിഞ്ഞും ആദരിച്ചും വകവെച്ചും കൊടുക്കുമ്പോൾ സ്വാഭാവികമായും ഉരുവം കൊള്ളുന്നതാണ് ദാമ്പത്യത്തിലെ പ്രണയം.
യാന്ത്രികമായ ചേഷ്ടകളും ചടങ്ങുകളുമായി ദാമ്പത്യ ജീവിതം മാറാതിരിക്കണമെങ്കിൽ ഇണകൾ മനസ്സ് തുറന്ന് കാര്യങ്ങൾ സംസാരിക്കുകയും കാൽപനിക ഭാവം നില നിർത്തുകയും വേണം. 'പ്രണയമില്ലെങ്കിൽ ഉടലിനെ പോലൊരു കടുപ്പമാം മരമില്ല വേറെ. ചുണ്ടുകൾ കൊണ്ടെത്ര കൊത്തിയെന്നാകിലും ശിൽപമാകില്ല തീരെ.' കവി വീരാൻ കുട്ടി ഈ അവസ്ഥ മനോഹരമായി അദ്ദേഹത്തിന്റെ കവിതയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
'എൻെറ ഭർത്താവ് ഒരിക്കൽ പോലും പ്രണയത്തോടെ എന്നോട് ചിരിക്കുകയോ എന്നെ ഒന്ന് തൊടുകയോ  ചെയ്തിട്ടില്ല.' വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ട, രണ്ടു കുട്ടികളുടെ മാതാവും കാണാൻ സുന്ദരിയുമായ ഒരു സ്ത്രീ  കൗൺസലിംഗ് സെഷനിടയിൽ പങ്കുവെച്ചത് ഓർമ വരുന്നു. 'അയാൾക്ക് മുഴു സമയവും ഇന്റർനെറ്റിലെ ആഭാസങ്ങൾ കണ്ടാസ്വാദിക്കാനാണ് താൽപര്യം.' ഒരു കോളേജ് അധ്യാപകൻ പങ്കുവെച്ച വിശേഷം സമാനമാണ്. 'എന്റെ ഭാര്യ കാണാൻ വളരെ സുന്ദരിയായിരുന്നു. എന്നാൽ  ഭാര്യ എന്ന നിലയിൽ എന്നെ തൃപ്തിപ്പെടുത്തുന്നതിൽ അവൾ തികഞ്ഞ പരാജയമായിരുന്നു.' ആ കാരണത്താൽ തന്നെ ആ ബന്ധം അയാൾക്ക് വേർപെടുത്തേണ്ടി വന്നുവത്രേ.
ലോകത്ത് വളരെ കുറഞ്ഞ സ്ത്രീകളിലും പുരുഷന്മാരിലും കണ്ടു വരാറുള്ള ലൈംഗിക ശേഷിക്കുറവുമായി ബന്ധപ്പെട്ട അസുഖം ഉള്ളവരല്ല ഇവരിലധികവും. അറിവില്ലായ്മ കൊണ്ടോ താൽപര്യക്കുറവ് കൊണ്ടോ ഇണകളുടെ അഭീഷ്ടത്തെ തിരിച്ചറിയാതെ ജീവിതം നരകമാക്കുന്നവരാണിവർ. ചിലർ മനോരോഗികളാണ്. 
ചികിത്സിച്ചു ഭേദപ്പെടുത്തേണ്ട ശാരീരിക അസുഖമുള്ളവരും ഇല്ലായ്കയല്ല. വിധവയായ ഭർതൃ മാതാവിന്റെ ടി.വി കണ്ടിരിക്കൽ സ്വഭാവം കൊണ്ട് വൈകിയുറങ്ങാൻ കാരണമാവുന്ന ഗാർഹികാന്തരീക്ഷം  കവർന്നെടുത്ത യൗവന തീക്ഷ്ണമായ പ്രേമസുരഭില രാത്രികളെ കുറിച്ച് അടങ്ങാത്ത നഷ്ടം പേറുന്ന ഒരാളുടെ വേദന മറ്റൊരു  സെഷനിൽ പങ്കുവെക്കപ്പെട്ടത് ഇവിടെ സ്മരണീയമാണ്.  
പരസ്പരം ലൈംഗികമായി തൃപ്തിപ്പെടുത്താൻ ഭാര്യ ഭർത്താക്കൻമാർ ബാധ്യസ്ഥരാണ്. 
ഇണയുടെ സ്‌നേഹ സല്ലാപ ഭാഷയും ചേഷ്ടകളും മനസ്സിലാക്കി കണ്ണിനും കാതിനും മനസ്സിനും ശരീരത്തിനും ഇമ്പമേകുന്ന അന്തരീക്ഷമൊരുക്കാൻ രണ്ടു പേരും ശ്രദ്ധിക്കണം.  ശരീരത്തോടൊപ്പം രണ്ട് മനസ്സുകളും  അലിഞ്ഞു ചേരുന്ന ദാമ്പത്യത്തിൽ സർവേന്ദ്രിയങ്ങൾക്കും അനുകൂലവും അനുയോജ്യവുമായ സാഹചര്യം ബോധപൂർവം ഒരുക്കണം.ഭാര്യ ഭർതൃ ബന്ധത്തിന്റെ കലയും ശാസ്ത്രവും മനസ്സിലാക്കി ജീവിക്കുന്ന ദമ്പതികൾക്കിടയിൽ പിണക്കങ്ങളും പരിഭവങ്ങളും വളരെ കുറവായിരിക്കും. കിടപ്പറയിലെ പൊരുത്തകേടുകളും അസംതൃപ്തികളുമാണ് പലപ്പോഴും കുടുംബത്തിലും സമൂഹത്തിലും കലഹങ്ങളും കലാപങ്ങളും സൃഷ്ടിക്കുന്നതിന് ഒരു പരിധി വരെ കാരണം.
കേവലം ലൈംഗിക ബന്ധത്തിൽ മാത്രമല്ല ഇണകളുടെ ശാരീരിക മാനസിക വൈകാരിക ആരോഗ്യ സാമ്പത്തിക ആത്മീയ ഉല്ലാസ മേഖലകളിലൊക്കെ പരസ്പരം കാരുണ്യത്തിലധിഷ്ഠിതമായ സ്‌നേഹത്തോടെ ഇടപെടുമ്പോൾ ദാമ്പത്യം മനോഹരമാവും. വിയോജിപ്പുകളും അഭിപ്രായ വ്യത്യാസങ്ങളും എല്ലാ ഇണകൾക്കിടയിലുമുണ്ടാവും. പരസ്പരം നിർബാധം കുറ്റപ്പെടുത്തുന്നതിനു പകരം അവയൊക്കെ  രമ്യമായി പരിഹരിക്കപ്പെടുന്ന ക്ഷേമോന്മുഖ മനോഭാവമുള്ള ഇണകൾക്കുള്ളതാണ് മഹിതമായ ദാമ്പത്യം. ഇണകളിലും സന്താനങ്ങളിലും കൺകുളിർമ അനുഭവപ്പെടുന്ന വിവരാണാതീതമായ  അനുഭൂതിയാണത്.  
ഇടതടവില്ലാത്ത സ്‌നേഹ സുഗന്ധിയായ കുടുംബാന്തരീക്ഷമാണത്. അവിടെ ജീവിതത്തിനു  അടുക്കും ചിട്ടയും ഈണവും കൈവരും. മനഃസമാധാനവും ശാന്തിയും കളിയാടുന്ന വീടായി നിങ്ങളുടെ വീട് മാറും. മക്കൾക്കും പ്രായം ചെന്ന മാതാപിതാക്കൾക്കുമെല്ലാം അതിൻെറ ഗുണഫലങ്ങൾ അനുഭവിക്കാനും ആസ്വദിക്കാനും കഴിയും. സംസ്‌കാര സമ്പന്നമായ ഒരു മാതൃകാ കുടുംബം നാടിനും സമൂഹത്തിനും ഉപകരിക്കുന്ന തരത്തിൽ പൂത്തുലഞ്ഞു സുഗന്ധം പരത്തുന്നതിനതിടയാക്കും. അത്തരം ദമ്പതികൾക്ക് സ്വർഗീയാനന്ദം കേവലം മരണ ശേഷമുള്ള അനുഭവമായിരിക്കില്ല. മറിച്ചു ജീവിതാനന്ദത്തിന്റെ മെച്ചപ്പെട്ട തുടർച്ചയായിരിക്കുമത്. 
 

Latest News