യൂട്ടാ- വിമാന മോഷണം കഥകളിലും സിനിമകളിലും മാത്രമെ കേട്ടിട്ടുള്ളൂ. എന്നാല്‍ യുഎസിലെ യൂട്ടായില്‍ 14ഉം 15ഉം വയസ്സുള്ള രണ്ട് കൗമാരക്കാര്‍ ചേര്‍ന്ന് ഒരു വിമാനം മോഷ്ടിച്ചു പറത്തിക്കൊണ്ടു പോയിരിക്കുന്നു. ആശ്ചര്യപ്പെടേണ്ട സംഭവം ഉള്ളതു തന്നെ. മോഷ്ടിച്ചതു ഒരു ചെറു വിമാനമാണെന്നു മാത്രം. യുഇന്റയിലെ പ്രാദേശിക സിവില്‍ നിയമപാലന ചുമതല വഹിക്കുന്ന കൗണ്ടി ഷെറിഫിന്റെ ഓഫീസാണ് ഈ സംഭവം ഒരു കുറിപ്പിലൂടെ അറിയിച്ചത്. ദിവസങ്ങള്‍ക്കു മുമ്പ് വാഷ ഫ്രണ്ടിലെ വീടു വിട്ടിറങ്ങിയ രണ്ടു കൗമാരക്കാരും ജെന്‍സന്‍ മേഖലയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു.
യുഎസിലെ തേങ്ക്‌സ്ഗിവിങ് പൊതു അവധി ദിവസമായിരുന്ന വ്യാഴാഴ്ച രാവിലെയാണ് ഇരുവരും ഒരു ട്രാക്ടര്‍ എടുത്ത് സമീപത്തെ ഒരു സ്വകാര്യ എയര്‍ സ്ട്രിപിലെത്തിയത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന സിംഗിള്‍ എഞ്ചിന്‍ ചെറുവിമാനം ഇവര്‍ ഉടമ അറിയാതെ പറത്തിക്കൊണ്ടു പോകുകയായിരുന്നു. ഹൈവേക്കു മുകളിലൂടെ താഴ്ന്ന പറക്കുന്ന വിമാനം പലരും ശ്രദ്ധിച്ചിരുന്നു. ഒടുവില്‍ ഇവര്‍ വെര്‍നലിലെ ഒരു വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്. രണ്ട് കൗമാരക്കാരേയും അറസ്റ്റ് ചെയ്ത് സ്പ്ലിറ്റ് മൗണ്ടെന്‍ യൂത്ത് ഡിറ്റന്‍ഷന്‍ സെന്ററിലാക്കിയിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടന്നു വരുന്നു. യുഇന്റ് കൗണ്ടി ഷെറിഫിന്റെ ഓഫീസ് ഫേസ്ബുക്കില്‍ വിമാനത്തിന്റെ ചിത്ര സഹിതമാണ് സംഭവം വിവരിച്ചത്.