വിമാനയാത്രയ്ക്കിടെ എയര്‍ഹോസ്റ്റസിനെ കടന്നുപിടിച്ച ഇന്ത്യക്കാരന് ജയില്‍ശിക്ഷ. ഇന്ത്യക്കാരനായ നിരഞ്ജന് ജയന്തിന്(34) സിംഗപ്പൂരിലെ കോടതി മൂന്നാഴ്ചത്തെ തടവ് ആണ് വിധിച്ചത്. വിവിധ വകുപ്പുകള്‍ ചുമത്തിയ കേസില്‍ ഒരു കുറ്റത്തിന് മാത്രമാണ് കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിന്റെ തുടര്‍ന്നുള്ള വിചാരണയില്‍ മറ്റുവകുപ്പുകളിലും വിധി പ്രസ്താവിക്കും. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സംഭവം.
സിഡ്നിയില്‍നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് നിരഞ്ജന് സിംഗപ്പൂര്‍ സ്വദേശിനിയായ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയത്. വിമാനത്തില്‍വച്ച് യുവതിയുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചുകൊണ്ടായിരുന്നു ശല്യംചെയ്യല്‍ ആരംഭിച്ചത്. എന്നാല്‍ എയര്‍ഹോസ്റ്റസായ 25കാരി ഇതിനോട് പ്രതികരിച്ചില്ല. വീണ്ടും പലതവണ യുവതിയുടെ ഫോണ്‍നമ്പര്‍ ആവശ്യപ്പെട്ട് ശല്യംചെയ്യല്‍ തുടര്‍ന്നു.
പിന്നീട് വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് നിരഞ്ജന് യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. എയര്‍ഹോസ്റ്റസ് ഉടന്‍തന്നെ സഹപ്രവര്‍ത്തരെ വിവരമറിയിക്കുകയും ഷാങ്ഹി വിമാനത്താവളത്തിലെ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. അതേസമയം, മദ്യലഹരിയിലാണ് താന്‍ അപമര്യാദയായി പെരുമാറിയതെന്നായിരുന്നു നിരഞ്ജന്റെ വാദം. മദ്യലഹരിയില്‍ തനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും സംഭവത്തില്‍ ഖേദമുണ്ടെന്നും ഇയാള്‍ കോടതിയെ അറിയിച്ചിരുന്നു.