യുപിയിലെ കര്‍ഷകര്‍ക്ക് താങ്ങായി മെഗാതാരം അമിതാഭ് ബച്ചന്‍. 1398 പേരുടെ കടമാണ് ബച്ചന്‍ അടച്ചുതീര്‍ത്തത്. കര്‍ഷകരുടെ 4.05 കോടി രൂപ വരുന്ന കടമാണ് ബിഗ് ബി അടച്ചുതീര്‍ത്തത്. കടക്കെണിയില്‍ നിന്നും രക്ഷിച്ചവരില്‍ 70 പേരെ നേരില്‍ കാണാന്‍ അദ്ദേഹം മുംബൈയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. ഇതിന്റെ ഭാഗമായി ക്ഷണം ലഭിച്ചവര്‍ക്ക് ട്രെയിനിലെ ഒരു കോച്ച് മുഴുവന്‍ ബച്ചന്‍ ബുക്ക് ചെയ്ത് നല്‍കിയിട്ടുണ്ട്. കാര്‍ഷിക കടം അടച്ചതിന്റെ കത്ത് ബച്ചന്‍ തന്നെ ഇവര്‍ക്ക് നേരിട്ട് നല്‍കും. വിഷയത്തില്‍ അദ്ദേഹം തന്റെ ബ്ലോഗില്‍ കുറിച്ചത് ഇങ്ങനെ: കര്‍ഷകരുടെ ഭാരത്തിന് ഒരു കൈത്താങ്ങ് നല്‍കണമെന്ന് തോന്നി. അത് നടപ്പിലാക്കിയപ്പോള്‍ ഉള്ളില്‍ വല്ലാത്തൊരു സന്തോഷം. ഇതാദ്യമായല്ല ബച്ചന്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് മഹാരാഷ്ട്രയിലെ 350 കര്‍ഷകരുടെ കടങ്ങള്‍ അദ്ദേഹം അടച്ചുതീര്‍ത്തിരുന്നു.